ഡല്‍ഹിയില്‍ കാമുകിയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കിയ സംഭവം: യുവാവിനെതിരെ ലൗ ജിഹാദ് ആരോപണവുമായി യുവതിയുടെ പിതാവ്

ഡല്‍ഹിയില്‍ കാമുകിയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കിയ സംഭവം: യുവാവിനെതിരെ ലൗ ജിഹാദ് ആരോപണവുമായി യുവതിയുടെ പിതാവ്

ന്യൂഡല്‍ഹി: ലിവിങ് ടുഗദര്‍  പങ്കാളിയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ വച്ചശേഷം പല ദിവസങ്ങളിലായി ഡല്‍ഹിയിലെ വനപ്രദേശങ്ങളില്‍ ഉപേക്ഷിച്ച യുവാവിനെതിരെ ലൗ ജിഹാദ് ആരോപണവുമായി കൊല്ലപ്പെട്ട യുവതിയുടെ പിതാവ്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പിതാവ് വികാസ് മദന്‍ വാല്‍ക്കര്‍ ആവശ്യപ്പെട്ടു.

പങ്കാളി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് അഫ്താബ് അമീന്‍ പൂനവാല എന്ന 28 കാരന്‍ പൊലീസിന് മൊഴി നല്‍കിയത്. മഹാരാഷ്ട്ര പാല്‍ഘര്‍ സ്വദേശിനിയും മുംബൈയിലെ മള്‍ട്ടി നാഷണല്‍ കമ്പനിയുടെ കോള്‍ സെന്റര്‍ ജീവനക്കാരിയുമായ ശ്രദ്ധ വാല്‍ക്കറെയാണ് (26) കാമുകന്‍ ക്രൂരമായി കൊലപ്പെടുത്തിയത്.

കഴിഞ്ഞ മെയ് 18 നായിരുന്നു അഫ്താബ് അമീന്‍ ശ്രദ്ധയെ കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം ശരീരം 35 കഷണങ്ങളാക്കിയ പ്രതി പുത്തന്‍ ഫ്രിഡ്ജ് വാങ്ങി അതില്‍ ശരീര ഭാഗങ്ങള്‍ സൂക്ഷിച്ചു. ഓരോ ദിവസവും പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷം ഓരോ ശരീര ഭാഗവും പൊളിത്തീന്‍ കവറില്‍ പൊതിഞ്ഞ് പുറത്ത് കൊണ്ട് പോയി മെഹ്രൗളിയിലെ വനമേഖലയിലെ  പലയിടത്തായി  വലിച്ചെറിയുകയായിരുന്നു.

പതിനെട്ടു ദിവസം കൊണ്ടാണ് മൃദേഹം പൂര്‍ണമായി ഉപേക്ഷിച്ചത്. കേസില്‍ അറസ്റ്റിലായ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്ന് വനമേഖലയില്‍ നിന്നു കണ്ടെടുത്ത ശരീര ഭാഗങ്ങള്‍ ഫോറന്‍സിക് പരിശോധനക്കയച്ചു. ദക്ഷിണ ഡല്‍ഹിയിലെ മെഹ്രൗളി ഭാഗത്തെ വാടക ഫ്‌ളാറ്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

മുംബയിലെ കോള്‍ സെന്ററില്‍ ജോലി ചെയ്യുമ്പോഴാണ് യുവതി അഫ്താബുമായി പ്രണയത്തിലായത്. ശ്രദ്ധയുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തതോടെ ഇരുവരും എട്ട് മാസം മുമ്പ് ഒളിച്ചോടി ഡല്‍ഹിയിലെത്തുകയായിരുന്നു. പതിവായി കുടുംബവുമായി ബന്ധപ്പെട്ടിരുന്ന യുവതി വിളിക്കാതായതോടെയാണ് മാതാപിതാക്കള്‍ക്ക് സംശയം തോന്നിയത്.

ഇതേ തുടര്‍ന്ന് പിതാവ് വികാസ് മദന്‍ വാല്‍ക്കര്‍ മകളെ തേടി ഡല്‍ഹിയിലെത്തി. താമസിച്ചിരുന്ന ഫ്‌ളാറ്റ് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് നവംബര്‍ എട്ടിന് മകളെ കാണാനില്ലെന്ന് മുംബൈ പൊലീസില്‍ പരാതി നല്‍കി. മകളെ അഫ്താബ് മര്‍ദ്ദിക്കാറുണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

കേസ് ഡല്‍ഹി പൊലീസിന് കൈമാറിയതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ വസതിയില്‍ നിന്ന് അഫ്താബിനെ പിടികൂടി. ഡേറ്റിംഗ് ആപ്പ് വഴിയാണ് അവര്‍ സൗഹൃദത്തിലായതെന്നും മുംബൈയിലും അവര്‍ ഒരുമിച്ചായിരുന്നു താമസമെന്നും സൗത്ത് ഡല്‍ഹി എ.ഡി.സി.പി അങ്കിത് ചൗഹാന്‍ പറഞ്ഞു. കോടതി പ്രതിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ഫോറന്‍സിക് വിദദ്ധനായ ഡെക്സ്റ്റര്‍ മോര്‍ഗന്‍യാള്‍ സീരിയല്‍ കില്ലറായ കഥ പറയുന്ന അമേരിക്കന്‍ ടി.വി പരമ്പരയായ ഡെക്സ്റ്ററാണ് അഫ്താബിന് പ്രചോദനമെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. വിവാഹം കഴിക്കാമെന്ന് അഫ്താബ് ഉറപ്പ് നല്‍കിയെങ്കിലും അതിന് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇരുവരും കലഹത്തിലാകുന്നത്.

ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം അഫ്താബ് സൊമാറ്റയില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. സംശയം തോന്നാതിരിക്കാന്‍ അതേ ഫ്‌ളാറ്റില്‍ താമസം തുടര്‍ന്നു. വെട്ടി നുറുക്കിയ ശരീരഭാഗം സൂക്ഷിക്കാനായി 300 ലിറ്ററിന്റെ പുതിയ ഫ്രിഡ്ജ് വാങ്ങി. ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ എന്നും മുറിയില്‍ സുഗന്ധ ദ്രവ്യങ്ങള്‍ കത്തിച്ചു വെച്ചിരുന്നു.

വെട്ടിനുറുക്കിയ ശരീരഭാഗങ്ങളില്‍ അഴുകി തുടങ്ങുന്ന ഭാഗങ്ങളായിരുന്നു ഇയാള്‍ ആദ്യം വലിച്ചെറിഞ്ഞിരുന്നത്. പോളി ബാഗുകളില്‍ നിറച്ച ശരീര ഭാഗങ്ങള്‍ ഇടയ്ക്കിടെ പരിശോധിച്ചിരുന്നു. വലിച്ചെറിഞ്ഞ ശ്രദ്ധയുടെ 25 ശരീര ഭാഗങ്ങളില്‍ 13 എണ്ണം മാത്രമാണ് പൊലീസിന് കണ്ടെത്താനായിട്ടുള്ളത്. ഇത് യുവതിയുടേതാണോ എന്നറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ടി വരും. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നതും പൊലീസിന് വെല്ലുവിളിയാണ്.

മികച്ച നിലയില്‍ വിദ്യാഭ്യാസം നേടിയ ആളാണ് പ്രതി അഫ്താബ് അമീന്‍ പൂനവാല. സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും മുംബൈയിലെ എല്‍.എസ് റഹേജ കോളജില്‍ നിന്ന് ബിഎംഎസ് ബിരുദവും നേടി. പാചക വൃത്തിയില്‍ അതീവ തല്‍പരനായിരുന്ന അഫ്താബ് ഒരു ഫുഡ് ബ്ലോഗര്‍ കൂടിയാണ്.

ഇരുപത്തിയെണ്ണായിരത്തോളം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ ഇയാളെ ഫോളോ ചെയ്തിരുന്നത്. കൊലപാതകത്തിന് ശേഷം ഇയാള്‍ മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാനായി ശ്രദ്ധയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സജീവമായിരുന്നു. യുവതിയുടെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുകയും ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.