സ്വാഭാവിക റബ്ബർ വില പകുതിയായി ഇടിഞ്ഞു:മധ്യകേരളം പ്രതിസന്ധിയിൽ

സ്വാഭാവിക റബ്ബർ വില പകുതിയായി ഇടിഞ്ഞു:മധ്യകേരളം പ്രതിസന്ധിയിൽ

സംസ്ഥാനത്ത് പ്രകൃതിദത്ത റബ്ബറിന്റെ (ലാറ്റക്‌സ്) വില കുത്തനെ ഇടിഞ്ഞതോടെ റബ്ബർ കർഷകർ ദുരിതത്തിലാണ്. കോവിഡ് കാലത്ത് റബ്ബർ ഷീറ്റിനെക്കാൾ ഉയർന്ന ലാറ്റക്സ് (റബ്ബർ പാൽ) വില കോവിഡ് ഭീതിയൊഴിഞ്ഞതോടെ കുത്തനെ ഇടിഞ്ഞു.ലാറ്റക്സിന്റെ വില കിലോഗ്രാമിന് 91 രൂപയാണ്, റബ്ബറിന് (ആർ.എസ്.എസ്.4) 153 രൂപയും. ലാറ്റക്സിന്റെ സമീപകാലത്തെ ഏറ്റവുംകുറഞ്ഞ വിലയാണിത്. പൊതുവേ റബ്ബർ ഷീറ്റ് വിലയെക്കാൾ ലാറ്റക്സിന് 20-30 രൂപ കുറവാണെങ്കിലും 50 രൂപയിലേറെ താഴുന്നത് സമീപകാലത്ത് ആദ്യമാണ്.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ റബ്ബർ കർഷകരെ സംരക്ഷിക്കുന്ന നിലപാടെടുക്കണം.രാജ്യത്ത് ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്നത് കേരളത്തിലാണ്.എന്നിട്ടും കേരളത്തിന് ഏറ്റവും കുറഞ്ഞ സബ്‌സിഡി ലഭിക്കുന്നു.റബ്ബർ വിലയിടിവ് പരിഹരിക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിഷ്‌ക്രിയമായ നിലപാടാണ് സ്വീകരിക്കുന്നത്.250 രൂപയ്ക്ക് റബ്ബർ സംഭരിക്കുമെന്ന തിരഞ്ഞെടുപ്പുവാഗ്ദാനം സംസ്ഥാനസർക്കാർ നിറവേറ്റിയോ? പ്രകൃതിദത്ത റബറിൽ ഇന്ത്യയെ ആത്മനിർഭർ ആക്കാനുള്ള കേന്ദ്ര ശ്രമങ്ങൾ വിജയിക്കുമോ?റബർ ബോർഡിൽ കേന്ദ്ര നോമിനികളെ കുത്തിനിറച്ചു കൊണ്ട് നടത്തുന്ന ശ്രമങ്ങൾ സാധാരണ കർഷകരുടെ ആത്മവീര്യം കെടുത്താനേ ഉപകരിക്കുകയുള്ളൂ.ടയർ വ്യവസായികൾ ഇറക്കുമതിയെ നിയന്ത്രിക്കുന്ന അവസ്ഥ തന്നെയാണ് വിലയിടിവിന് പ്രധാന കാരണം.
മിക്ക കർഷകരുടെ പക്കലും വിൽക്കാൻ സാധിക്കാതെ റബർ പാൽ കെട്ടികിടക്കുകയാണ്. നിലവിൽ റബ്ബർ ഷീറ്റിന്റെ വിലയിടിവ് വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്.2023 ജനുവരിയോടെ സ്ഥിതിയിൽ കാര്യമായ പുരോഗതി ഉണ്ടാകും എന്നാണ് റബ്ബർ മേഖലയിലെ വിദഗ്ധർ പറയുന്നത്. എന്നാൽ കെട്ടിക്കിടക്കുന്ന റബ്ബർ പാലും കടക്കെണിയും എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ് കർഷകർ.

ചെലവ് വർധിച്ചതും തൊഴിലാളികളുടെ കുറവും കാരണം പല കർഷകരും റബ്ബർ ഷീറ്റ് വിൽക്കുന്നതിന് പകരം ലാറ്റക്‌സിലേക്ക് (റബർ പാൽ)വിൽപന മാറ്റി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ലാറ്റക്‌സിന് റബ്ബർ ഷീറ്റിനേക്കാൾ കൂടുതൽ വില ലഭിച്ചപ്പോൾ ഈ പ്രവണത കൂടുതൽ രൂക്ഷമായി.
റബ്ബർ ഉൽപ്പാദക സംഘങ്ങളിലാണ് റബ്ബർ പാൽ വിൽക്കുന്നത്. കൊവിഡ് 19 കാലത്ത് റബ്ബർ വില കുതിച്ചുയർന്നപ്പോൾ, സൊസൈറ്റികൾ ലാറ്റക്സ് അതേ രൂപത്തിൽ കമ്പനികൾക്ക് കൈമാറി. 2022 ജൂലൈയ്ക്ക് ശേഷമാണ് വിലയിൽ കുത്തനെ ഇടിവ് ആരംഭിച്ചത്.കോവിഡ് പ്രതിസന്ധിയൊഴിഞ്ഞ് ലാറ്റക്സ് ആവശ്യം കുറഞ്ഞെങ്കിലും ഉത്പാദനം കുറയുന്നില്ല. ഇതാണ് വില ഇടിയാൻ പ്രധാനകാരണം.
ഉല്‍പാദന സീസണില്‍ വിലയിടിച്ച് റബ്ബര്‍ കര്‍ഷകരെ കൊള്ളയടിക്കുകയാണ് റബ്ബര്‍ കമ്പനികളും വ്യവസായികളും. ഇലപ്പുള്ളി രോഗവും കുമിള്‍ രോഗവും മൂലം റബ്ബര്‍ വ്യാപകമായി നശിക്കുകയാണ്. ഇതിനുപുറമെ റബ്ബര്‍ ഉണങ്ങിനശിക്കുന്നുമുണ്ട്. ഒരുതരം വണ്ടുകളുടെ അക്രമമാണ് ഉണക്കത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടും പ്രതിവിധികള്‍ കണ്ടെത്തിയിട്ടില്ല.

ഉല്‍പാദന മേഖലയില്‍ കൂലി വര്‍ദ്ധനവ്, രാസവളങ്ങളുടെ വില വര്‍ദ്ധനവ് എന്നിവയെല്ലാം കര്‍ഷകര്‍ക്ക് താങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. 10 വര്‍ഷം മുമ്പ് 250 രൂപ കിലോവിന് ലഭ്യമായപ്പോള്‍ കശുമാവും തെങ്ങും മുറിച്ചുമാറ്റി റബ്ബര്‍ കൃഷിയിലേക്ക് നീങ്ങിയ കര്‍ഷകര്‍ ഇപ്പോള്‍ റബ്ബര്‍ മുറിച്ചുമാറ്റി മറ്റുകൃഷികളിലേക്ക് മാറുന്ന സ്ഥിതിയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.