താര പ്രചാരകരുടെ പട്ടികയിലില്ല; ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ഒഴിഞ്ഞു മാറി ശശി തരൂര്‍

താര പ്രചാരകരുടെ പട്ടികയിലില്ല; ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ഒഴിഞ്ഞു മാറി ശശി തരൂര്‍

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ഒഴിഞ്ഞു മാറി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കോണ്‍ഗ്രസിന്റെ താര പ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനാലാണ് തരൂരിന്റെ മാറ്റം.

കോണ്‍ഗ്രസിന്റെ ഗുജറാത്തിലെ വിദ്യാര്‍ഥി സംഘടനയാണ് തരൂരിനെ പ്രചാരണത്തിനായി ക്ഷണിച്ചത്. താന്‍ പ്രചാരണത്തിന് വരുന്നില്ലെന്ന് അദ്ദേഹം സംഘാടകരെ അറിയിച്ചതായാണ് വിവരം.

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 'ഔദ്യോഗിക' പക്ഷ സ്ഥാനാര്‍ഥിയായിരുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് മത്സരിച്ച തരൂരിനെ ഒതുക്കുകയാണെന്ന ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് കോണ്‍ഗ്രസ് നടപടികള്‍.

ഡിസംബര്‍ ഒന്ന്, അഞ്ച് തിയതികളിലായി നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ 40 താര പ്രചാരകരുടെ പട്ടികയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ പുതിയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കനയ്യ കുമാര്‍, രമേശ് ചെന്നിത്തല, സച്ചിന്‍ പൈലറ്റ്, അശോക് ഗെലോട്ട്് തുടങ്ങിയവര്‍ പട്ടികയിലുണ്ട്.

ഭാരത് ജോഡോ യാത്രയുമായി മുന്നോട്ട് പോകുന്ന രാഹുല്‍ ഗുജറാത്തില്‍ ഇതുവരെ പ്രചാരണത്തിനെത്തിയിട്ടില്ല. നവംബര്‍ 12 ന് വോട്ടെടുപ്പ് നടന്ന ഹിമാചലിലും അദ്ദേഹം പ്രചാരണം നടത്തിയിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.