ജി 20 അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുത്തു; കൂട്ടായ്മയെ ആഗോള മാറ്റത്തിന്റെ ചാലക ശക്തിയാക്കുമെന്ന് നരേന്ദ്ര മോഡി

ജി 20 അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുത്തു; കൂട്ടായ്മയെ ആഗോള മാറ്റത്തിന്റെ ചാലക ശക്തിയാക്കുമെന്ന് നരേന്ദ്ര മോഡി

ബാലി: ജി 20 കൂട്ടായ്മയുടെ അധ്യക്ഷ പദവി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഔദ്യോഗികമായി ഏറ്റെടുത്തു. ഇന്‍ഡോനീഷ്യയിലെ ബാലിയില്‍ നടക്കുന്ന ഉച്ചകോടിയുടെ സമാപന ചടങ്ങില്‍ ഇന്‍ഡോനീഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡോ ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യക്ക് കൈമാറി. ഡിസംബര്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് ഇന്ത്യ ഔദ്യോഗികമായി ജി 20 അധ്യക്ഷ സ്ഥാനം വഹിക്കും.

ഇത് ഇന്ത്യക്കാരുടെ അഭിമാനം ഉയര്‍ത്തുന്നതാണെന്ന് നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടു. അടുത്ത ജി 20 ഉച്ചകോടിയുടെ യോഗങ്ങള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലുമായി നടത്തും. ജി 20 യെ ആഗോള മാറ്റത്തിന്റെ ചാലക ശക്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കും. ദാരിദ്ര നിര്‍മാര്‍ജനം, കാലാവസ്ഥ വ്യതിയാനം അടക്കമുള്ള വെല്ലുവിളികള്‍ നേരിടുന്നതിന് ഡിജിറ്റല്‍ പരിവര്‍ത്തനം സഹായകരമാകും. 50 രാജ്യങ്ങളില്‍ മാത്രമാണ് ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമുള്ളത്. മിക്ക വികസ്വര രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് ഒരു തരത്തിലുള്ള ഡിജിറ്റല്‍ ഐഡന്റിറ്റിയും ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

എല്ലാ രാജ്യങ്ങളും വിവിധ മേഖലകളിലെ അടിയന്തിര ആവശ്യങ്ങള്‍ പരസ്പരം അറിയണം. അതിനനുസരിച്ച് ഉടന്‍ സഹായമെത്തിക്കാനും സാധിക്കണം. കൂട്ടായ മാറ്റത്തിന് ഊര്‍ജ്ജം പകരാന്‍ മൂലശക്തിയായി ജി 20 യെ മാറ്റുക എന്നതായിരിക്കും അടുത്ത ഒരു വര്‍ഷം കൂട്ടായ്മയുടെ ലക്ഷ്യമെന്നും അദ്ദേഹം അവകാശപ്പെട്ടു.

'ഡാറ്റ, വികസനത്തിന്' എന്നതായിരിക്കും ഇന്ത്യ അധ്യക്ഷത വഹിക്കുന്ന കൂട്ടായ്മയുടെ പ്രധാന പ്രമേയങ്ങളിലൊന്ന് എന്ന് നേരത്തെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.