പ്യോങ്യാങ്: അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ ജപ്പാനും കൊറിയന്‍ ഉപ ദ്വീപിനുമിടയിലുള്ള സമുദ്രത്തിലേക്ക് മിസൈല്‍ പായിച്ച് ഉത്തര കൊറിയയുടെ പ്രകോപനം.
മേഖലയില്‍ സാന്നിധ്യം ശക്തമാക്കാനുള്ള അമേരിക്കന്‍ നീക്കത്തിന് കടുത്ത സൈനിക പ്രത്യാക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി തൊട്ടു പിന്നാലെയാണ് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചത്.
ഉത്തര കൊറിയയുടെ കിഴക്കന്‍ തീര നഗരമായ വോന്‍സനില്‍ നിന്ന് പ്രാദേശിക സമയം ഇന്നു രാവിലെ 11 നാണ് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ തൊടുത്തത്. ദക്ഷിണ കൊറിയന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ കിം സിയോങ് ക്യൂം ആണ് വിവരം പുറത്തു വിട്ടത്. നടപടിയെ യു.എസ്, ദക്ഷിണ കൊറിയ, ജപ്പാന്‍ സൈന്യങ്ങള്‍ അപലപിച്ചു.
ഒരാഴ്ചയുടെ ഇടവേളയ്ക്കു ശേഷമാണ് ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തുന്നത്. യു.എസ്, ദക്ഷിണ കൊറിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്താനിരിക്കുന്ന ആണവാക്രമണത്തിന്റെ മുന്നോടിയായാണ് മിസൈല്‍ പരീക്ഷണങ്ങളെന്നായിരുന്നു മുന്നറിയിപ്പ്.
ഉത്തര കൊറിയയെ ചെറുക്കുക എന്ന ലക്ഷ്യമിട്ട് അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനും അടുത്തിടെ ഉച്ചകോടി നടത്തിയിരുന്നു. ഇത് കൊറിയന്‍ മേഖലയെ കൂടുതല്‍ സങ്കീര്‍ണമായ സംഘര്‍ഷത്തിലേക്കായിരിക്കും നയിക്കുകയെന്നാണ് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രി ചോ സോന്‍ ഹൂയ് പ്രതികരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച കംബോഡിയയിലായിരുന്നു ഉച്ചകോടി. ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളെ അപലപിച്ച നേതാക്കള്‍ മേഖലയില്‍ സൈനിക ശക്തി കൂട്ടാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയിലെത്തുകയും ചെയ്തിരുന്നു.
എല്ലാവിധ സന്നാഹങ്ങളുമായി ദക്ഷിണ കൊറിയയെയും ജപ്പാനെയും സംരക്ഷിക്കുമെന്ന് ഉച്ചകോടിക്കു പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.