ബ്രിട്ടന്റെ ഭരണകൂട രഹസ്യങ്ങളിലും രാഷ്ട്രീയകാര്യത്തിലും വരെ ചൈന നുഴഞ്ഞുകയറുന്നതായി രഹസ്യാന്വേഷണ വിഭാഗം മേധാവി

ബ്രിട്ടന്റെ ഭരണകൂട രഹസ്യങ്ങളിലും രാഷ്ട്രീയകാര്യത്തിലും വരെ ചൈന നുഴഞ്ഞുകയറുന്നതായി രഹസ്യാന്വേഷണ വിഭാഗം മേധാവി

ലണ്ടൻ: ചൈനയുടെ ചാരപ്രവർത്തന പദ്ധതികളെല്ലാം ദീർഘകാല അടിസ്ഥാനത്തിലുള്ളതെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം. ചൈന റഷ്യയേക്കാൾ വലിയ കളികളാണ് നടത്തുന്നതെന്നാണ് ബ്രിട്ടന്റെ ചാരസംഘടനയായ എംഐ5 ഡയറക്ടർ ജനറൽ കെൻ മക്കല്ലം നൽകുന്ന മുന്നറിയിപ്പ്.

അമേരിക്കയ്‌ക്ക് പിന്നാലെ ബ്രിട്ടന്റേയും ഭരണകൂട രഹസ്യങ്ങളിലും രാഷ്‌ട്രീയ കാര്യത്തിലും വരെ ഇടപെടാൻ പാകത്തിന് ചൈന പ്രവർത്തിക്കുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. വിവിധ രാജ്യങ്ങളിലെ രാഷ്‌ട്രീയ വിഷയത്തിൽ ചിലർ രംഗത്തെത്തുന്നത് പോലും ചൈനയുടെ സ്വാധീനത്തിലാണ്. സാമ്പത്തിക വാണിജ്യമേഖലയിലെ വിദ്ഗ്ധരെ സ്വാധീനിച്ചുകൊണ്ടാണ് ചൈനയുടെ കരുനീക്കം.

പ്രമുഖ രാഷ്ട്രീയക്കാരുമായി മാത്രമല്ല, പൊതുജീവിതത്തിലെ അവരുടെ ആദ്യകാല പരിചയക്കാരുമായും സമ്പർക്കം വളർത്തിയെടുക്കുന്നതിലൂടെ ബ്രിട്ടനിലെ രാഷ്ട്രീയ കാര്യങ്ങളിലുൾപ്പെടെ കടന്നു കയറാൻ ചൈന ശ്രമിക്കുന്നതായും ആഭ്യന്തര ഇന്റലിജൻസ് മേധാവി മുന്നറിയിപ്പിൽ വിശദമാക്കുന്നു. റഷ്യയേക്കാൾ വലിയ വെല്ലുവിളിയാണ് ചൈന ഉയർത്തുന്നത്. രാഷ്ട്രീയക്കാരെയും പൊതുജീവിതത്തിലുള്ളവരെയും സ്വാധീനിക്കാനുള്ള ചൈനീസ് ശ്രമങ്ങൾക്കെതിരെ ചൈനീസ് പ്രവാസികളെ നിരീക്ഷിക്കാനുള്ള മുന്നറിയിപ്പുകളും അദ്ദേഹം ആവർത്തിച്ചു.

ബ്രിട്ടന്റെ വെല്ലുവിളികളെ സംബന്ധിച്ചുള്ള വാർഷിക അവലോകനത്തിലാണ് ചൈനയെ സംശയിക്കുന്ന മേഖലകൾ രഹസ്യാന്വേഷണ വിഭാഗം വിശദമാക്കിയത്. ബ്രിട്ടന്റെ വ്യോമസേനയിലെ വൈമാനികരിൽ ചിലർ ചൈനയ്‌ക്ക് വേണ്ടി പ്രവർത്തിച്ചതായി കണ്ടെത്തിയത് സമീപകാലത്താണ്. ബ്രിട്ടന് പുറമേ ഫ്രാൻസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ പൗരന്മാരേയും ചൈന ഉപയോഗപ്പെടുത്തുകയാണെന്നും ബ്രിട്ടീഷ് ചാര സംഘടനാ മേധാവി അറിയിച്ചു.

കൂടാതെ പ്രവാസികൾക്കെതിരായ ചൈനയുടെ നടപടികൾ നിർബന്ധിതമായി തിരിച്ചയക്കൽ മുതൽ ആക്രമണം വരെയുള്ളതാണെന്ന് എംഐ 5 മേധാവി പറഞ്ഞു. കഴിഞ്ഞ മാസം വടക്കൻ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ നടന്ന ഒരു സംഭവവും അദ്ദേഹം പരാമർശിച്ചു. ചൈനീസ് കോൺസുലേറ്റിന് പുറത്ത് പ്രതിഷേധിച്ച ഒരാളെ മുഖംമൂടി ധരിച്ച ആളുകൾ നിലത്തുകൂടി വലിച്ചിഴക്കുകയും ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് വെളിപ്പെടുത്തിയിരുന്നു.

ബ്രിട്ടീഷ് പൗരന്മാരെയോ, ബ്രിട്ടനിൽ താമസമാക്കിയവരെയോ ഭീഷണിപ്പെടുത്തുന്നതും ഉപദ്രവിക്കുന്നതും അനുവദിച്ചുകൊടുക്കാൻ കഴിയില്ലെന്നും മക്കല്ലം പറഞ്ഞു. കഴിഞ്ഞ മാസം ബ്രിട്ടനിലെ സൈബർ രഹസ്യാന്വേഷണ ഏജൻസിയായ ജിസിഎച്ച്ക്യു തലവൻ ചൈനയുടെ വർധിച്ചുവരുന്ന ശക്തിയെ "നമ്മുടെ ഭാവിയെ നിർവചിക്കുന്ന ദേശീയ സുരക്ഷാ പ്രശ്നം" എന്നാണ് വിശേഷിപ്പിച്ചത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് ഇന്തോനേഷ്യയിൽ നടന്ന ജി 20 ഉച്ചകോടിയിൽ ചൈനയെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ചൈന ബ്രിട്ടന്റെ മൂല്യങ്ങൾക്കും താൽപര്യങ്ങൾക്കും വ്യവസ്ഥാപരമായ വെല്ലുവിളി ഉയർത്തുന്നുവെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർത്തുന്നുവെന്നും സുനക് ഉച്ചകോടിയിൽ വ്യക്തമാക്കിയിരുന്നു.

ചൈനയ്ക്ക് പുറമെ റഷ്യയിൽ നിന്നുള്ള സുരക്ഷാ ഭീഷണിയെക്കുറിച്ചും മക്കല്ലം മുന്നറിയിപ്പ് നൽകി. യൂറോപ്പിൽ നിന്ന് 600 ലധികം പേർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ജോലിചെയ്തുകൊണ്ടിരുന്ന ധാരാളം റഷ്യൻ ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. അതിൽ 400 ലധികം പേർ ചാരന്മാരാണെന്നാണ് കണ്ടെത്തൽ. സമീപകാല യൂറോപ്യൻ ചരിത്രത്തിലെ റഷ്യൻ ഇന്റലിജൻസ് സേവനങ്ങൾക്കെതിരായ തന്ത്രപരമായ പ്രഹരമാണിതെന്നും മക്കല്ലം വ്യക്തമാക്കി.

2018 ൽ തെക്കൻ ഇംഗ്ലണ്ടിലെ സാലിസ്‌ബറിയിൽ സെർജി സ്‌ക്രിപാലിനും മകൾ യൂലിയക്കും നാഡീവ്യൂഹത്തിന് വിഷബാധയേറ്റതിന് ശേഷം ബ്രിട്ടൻ തയ്യാറാക്കിയ രൂപരേഖയെ തുടർന്നാണ് ഇത്രയധികം റഷ്യൻ ഉദ്യോഗസ്ഥരെ പുറത്തക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു. അതിനുശേഷം ദേശീയ സുരക്ഷാ കാരണങ്ങളാൽ 100 ​​ലധികം റഷ്യൻ നയതന്ത്ര വിസ അപേക്ഷകൾ ബ്രിട്ടൻ നിരസിച്ചതായും മക്കല്ലം കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.