റഫേലിലും പെണ്‍കരുത്ത്, ചരിത്ര നേട്ടം സ്വന്തമാക്കി ശിവാംഗി

റഫേലിലും പെണ്‍കരുത്ത്, ചരിത്ര നേട്ടം സ്വന്തമാക്കി ശിവാംഗി

ന്യൂഡല്‍ഹി : ഇന്ത്യയുടെ സുവര്‍ണ്ണ ശരമായ റഫേല്‍ തൊടുക്കാന്‍ ആദ്യ വനിതാ പൈലറ്റിനെ തിരഞ്ഞെടുത്ത് വ്യോമസേന. ഫ്‌ളൈറ്റ് ലഫ്റ്റനന്റ് ശിവാംഗി സിംഗിനെയാണ് റഫേലിന്റെ ആദ്യ വനിതാ പൈലറ്റായി തിരഞ്ഞെടുത്തിരിക്കുന്നത്. പരിശീലനം പൂര്‍ത്തിയക്കി ശിവാംഗി ഉടന്‍ 17 സ്ക്വാഡ്രന്‍ ഗോള്‍ഡന്‍ ആരോസ് സംഘത്തിന്റെ ഭാഗമാകുമെന്നാണ് വിവരം.

വനിതാ യുദ്ധവിമാന പൈലറ്റുമാരുടെ രണ്ടാം ബാച്ചിന്റെ ഭാഗമായി 2017ലാണ് ശിവാംഗി വ്യോമസേനയിലെത്തിയത്. മികച്ച പ്രകടനമാണ് റഫേല്‍ പറത്തുന്ന ആദ്യവനിതാ പൈലറ്റെന്ന ചരിത്രനേട്ടം സ്വന്തമാക്കാന്‍ ശിവാംഗിക്ക് സഹായകമായത്.17 സ്ക്വാഡ്രണിന്റെ ഭാഗമാകാനുള്ള പ്രത്യേക പരിശീലനത്തിലാണ് ശിവാംഗി ഇപ്പോള്‍.

രാജസ്ഥാന്‍ അതിര്‍ത്തിയിലെ ബേസ് ക്യാമ്ബില്‍ നിന്നാണ് ശിവാംഗി അംബാലയിലെത്തുന്നത്. മിഗ് 21 വിമാനങ്ങള്‍ പറത്താന്‍ വിദഗ്ദ്ധ പരിശീലനം കിട്ടിയ ശിവാംഗിയുടെ പരിശീലനം രാജ്യത്തെ മികച്ച ഫൈറ്റര്‍ പൈലറ്റുമാര്‍ക്കൊപ്പമായിരുന്നു. ഇന്ത്യയുടെ അഭിമാനമായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനൊപ്പവും ശിവാംഗി യുദ്ധവിമാനങ്ങള്‍ പറത്തിയിട്ടുണ്ട്. സ്കൂളില്‍ പഠിക്കുമ്ബോള്‍ത്തന്നെ ആകാശവും വിമാനവുമൊക്കെ ശിവാംഗിയെ ഏറെ സ്വാധീനിച്ചിരുന്നു. സൈനിക സേവനവും ഇഷ്ടമായിരുന്നു. സ്കൂള്‍ പഠനത്തിനുശേഷം ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ ഉന്നത പഠനത്തിന് ചേര്‍ന്നു. ഈ സമയം എന്‍ സി സിയുടെ 7 യു പി എയര്‍ സ്ക്വാഡ്രണിന്റെ ഭാഗമായിരുന്നു ശിവാംഗി. പഠനം പൂര്‍ത്തിയാക്കിയശേഷം 2016ലാണ് എയര്‍ഫോഴ്സ് അക്കാഡമിയില്‍ പരിശീലനത്തിന് ചേര്‍ന്നത്.

റഫേല്‍ സൈനിക വിഭാഗത്തിലേക്ക് ആദ്യ വനിതാ പൈലറ്റിനെ നിയോഗിക്കാന്‍ വ്യോമസേന തീരുമാനിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ശിവാംഗിയെ പൈലറ്റായി തെരഞ്ഞെടുത്ത വാര്‍ത്തകള്‍ പുറത്ത് വന്നത്. റഫേലിന്റെ സൈനിക വിഭാഗത്തിന്റെ ഭാഗമാകാന്‍ വ്യോമസേനയില്‍ നിന്നുള്ള മികച്ച യുദ്ധ പൈലറ്റുമാര്‍ പരിശീലനം നേടുന്നുണ്ടായിരുന്നു. അവരെ പിന്തള്ളിയാണ് ശിവാംഗി അഭിമാന നേട്ടം സ്വന്തമാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.