'തരൂരിനാണോ ലോകത്ത് വേദികള്‍ക്ക് ദൗര്‍ലഭ്യം'; യൂത്ത് കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ശബരീനാഥന്‍

 'തരൂരിനാണോ ലോകത്ത് വേദികള്‍ക്ക് ദൗര്‍ലഭ്യം'; യൂത്ത് കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ശബരീനാഥന്‍

കോഴിക്കോട്: ശശി തരൂരിന് അപ്രഖ്യാപിത വിലക്കെന്ന വാര്‍ത്തകള്‍ക്കിടെ പരസ്യ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ കെ.എസ് ശബരീനാഥന്‍. ഇന്ന് കോഴിക്കോട് നടക്കാനിരുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയ സാഹചര്യത്തിലാണ് ശരീനാഥന്റെ വിമര്‍ശനം.

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പരിപാടിയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയതെന്നാണ് വിവരം. എ.ഐ.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെ പിന്തുണച്ച നേതാവാണ് ശബരീനാഥന്‍.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

'സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നാളെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന പ്രോഗ്രാം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് തന്നെയാണ്. മലബാറിന്റെ മണ്ണില്‍ കോണ്‍ഗ്രസിന്റെ മതേതര സ്വഭാവം ഉയര്‍ത്തികാട്ടുവാന്‍ ഈ പ്രോഗ്രാമിലൂടെ ഡോ: ശശി തരൂരിന് കഴിയുമായിരുന്നു. എന്നാല്‍ ഈ പ്രോഗ്രാം മാറ്റുവാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് നിര്‍ദേശം വന്നു എന്ന് മാധ്യമങ്ങള്‍ മുഖാന്തരം അറിഞ്ഞു.

മഹാരാഷ്ട്രയുടെ മണ്ണില്‍ ഭാരത് ജോടോ യാത്രയുടെ ഭാഗമായി സവര്‍ക്കര്‍ക്കെതിരെ ഇന്നലെ രാഹുല്‍ ഗാന്ധി മുഖം നോക്കാതെ നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ആവേശം നല്‍കുമ്പോള്‍ ഇവിടെ എന്തിനാണ് ഈ നടപടി ? സമാനമായ ആശയമല്ലേ ഈ വേദിയില്‍ കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസ് എംപിയായി മൂന്ന് വട്ടം വിജയിച്ച ശ്രീ ശശി തരൂരും പങ്കിടുമായിരുന്നത്...അത് കോണ്‍ഗ്രസിന് നല്‍കുന്ന രാഷ്ട്രീയ പ്രാധാന്യം എന്ത് മികവുറ്റതാകുമായിരുന്നു.

പിന്നെ, അദ്ദേഹത്തിനാണോ ഈ ലോകത്തില്‍ വേദികള്‍ക്ക് ദൗര്‍ലഭ്യം? ഈ വിവാദം ഒഴിവാക്കാമായിരുന്നു.

അതേസമയം പരിപാടിക്ക് വിലക്കില്ലെന്ന് ശശി തരൂര്‍ പ്രതികരിച്ചു. സാങ്കേതിക കാരണങ്ങളാലാണ് പരിപാടി മാറ്റിയതെന്നാണ് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞത്. തനിക്കാരെയും ഭയമില്ല. പര്യടനത്തിന് അനാവശ്യ പ്രാധാന്യം നല്‍കുന്നുവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

അടുത്ത മൂന്ന് ദിവസങ്ങളിലായി മലബാറില്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പരിപാടി നടത്താന്‍ തീരുമാനിച്ചത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തുടങ്ങിയ ജില്ലകളിലാണ് തരൂര്‍ സന്ദര്‍ശനം നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.