ഗുജറാത്ത് തിരഞ്ഞെടുപ്പ്: സ്വതന്ത്രരായി നാമനിര്‍ദേശ പത്രിക നല്‍കിയ ഏഴ് എം.എല്‍.എമാരെ ബി.ജെ.പി സസ്പെന്‍ഡ് ചെയ്തു

ഗുജറാത്ത് തിരഞ്ഞെടുപ്പ്: സ്വതന്ത്രരായി നാമനിര്‍ദേശ പത്രിക നല്‍കിയ ഏഴ് എം.എല്‍.എമാരെ ബി.ജെ.പി സസ്പെന്‍ഡ് ചെയ്തു

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ഏഴ് എം.എല്‍.എമാര്‍ക്കെതിരേ നടപടിയുമായി ബി.ജെ.പി. ഏഴു പേരെയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് സ്വതന്ത്രരായി മത്സരിക്കാനൊരുങ്ങിയവരാണ് നടപടി നേരിട്ടത്.

നിയമസഭയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ഇവര്‍ ഏഴു പേരും സീറ്റ് തേടി നേതൃത്വത്തെ സമീപിച്ചിരുന്നെങ്കിലും വഴങ്ങിയിരുന്നില്ല. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ ആറു വര്‍ഷത്തേയ്ക്ക് ഈ എം.എല്‍.എ.മാരെ സസ്‌പെന്‍ഡ് ചെയ്യുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍ പാട്ടീല്‍ വ്യക്തമാക്കി.
ഹര്‍ഷദ് വാസവ, അരവിന്ദ് ലഡാനി, ഛത്രസിങ് ഗുന്‍ജരിയ, കേതന്‍ ഭായ് പട്ടേല്‍, ഭാരത് ഭായ് ചാവ്ഡ, ഉദയ് ഭായ് ഷാ, കരന്‍ ഭായ് ബരയ്യ എന്നിവര്‍ക്കെതിരെയാണ് സസ്‌പെന്‍ഷന്‍ നടപടി.

അധികാരത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ നീക്കം. 42 സിറ്റിങ് എം.എല്‍.എ.മാര്‍ക്ക് ഗുജറാത്തില്‍ ഇത്തവണ മത്സരിക്കാന്‍ പാര്‍ട്ടി അനുമതി നല്‍കിയിരുന്നില്ല. ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ച 160 പേരില്‍ 38 സിറ്റിങ് എം.എല്‍.എ.മാരെയും ഒഴിവാക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി, മുന്‍ ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ നിഥിന്‍ പട്ടേല്‍ എന്നീ പ്രമുഖരുള്‍പ്പെടെ പുറത്തായവരിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.