എണ്‍പതിന്റെ നിറവില്‍ ബൈഡന്‍; 'ഇനിയൊരു അങ്കത്തിന് ബാല്യമുണ്ടോ'?. രാജ്യത്ത് ചര്‍ച്ച സജീവം

എണ്‍പതിന്റെ നിറവില്‍ ബൈഡന്‍; 'ഇനിയൊരു അങ്കത്തിന് ബാല്യമുണ്ടോ'?. രാജ്യത്ത് ചര്‍ച്ച സജീവം

വാഷിംഗ്ടണ്‍: 80ാം പിറന്നാള്‍ ആഘോഷിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അധികാരത്തിലിരിക്കെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ യുഎസ് പ്രസിഡന്റാണ് ബൈഡന്‍. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് എന്ന റിക്കാര്‍ഡും ബൈഡന്റെ പേരിലായി. മുമ്പ് ഡൊണാള്‍ഡ് ട്രംപിനായിരുന്നു ഈ നേട്ടം. ട്രംപ് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ 70 വയസും 220 ദിവസവുമായിരുന്നു പ്രായം. 

78 ാം വയസില്‍ പ്രസിഡന്റായി ചുമതലയേറ്റ ബൈഡന്‍ യുഎസില്‍ പ്രസിഡന്റ് കാലാവധി പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് എന്ന നേട്ടവും തന്റെ പേരില്‍ എഴുതി ചേര്‍ക്കുകയാണ്. 1942 നവംബര്‍ 20ന് പെന്‍സില്‍വേനിയയിലെ സ്‌ക്രാന്‍ടണിലാണ് ബൈഡന്‍ ജനിച്ചത്. 1972 മുതല്‍ ആറ് തവണ ഡെലവെയറില്‍ നിന്ന് സെനറ്റര്‍ ആയി. ബറാക് ഒബാമയുടെ കാലത്ത് അമേരിക്കയുടെ 47ാമത് വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം. 

എണ്‍പത് പൂര്‍ത്തിയായതോടെ ബൈഡന്റെ രാഷ്ട്രീയ ഭാവിയും അമേരിക്കയില്‍ ചര്‍ച്ചയായി. ഇനിയൊരു തിരഞ്ഞെടുപ്പിനെ നേരിടാനുള്ള പ്രായം അനുവദിക്കുമോയെന്നതാണ് ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. രണ്ടാം ടേമിന്റെ അവസാനത്തില്‍ വീണ്ടും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ബൈഡന് വയസ് 86 തികയും. ഇപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കകള്‍ ശക്തിപ്പെടുന്നുണ്ട്. 

തന്റെ പ്രായത്തെക്കുറിച്ച് ഉത്കണ്ഠയുള്ളവര്‍ അധികാരമേറ്റതിന് ശേഷമുള്ള തന്റെ നേട്ടങ്ങളുടെ റെക്കോര്‍ഡ് കാണണമെന്ന് ബൈഡന്‍ ഒരു പ്രസംഗത്തില്‍ പറഞ്ഞു. തനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ ഇല്ലയോ എന്നതിനെക്കുറിച്ച് ചിലര്‍ ആശങ്കാകുലരാണ്. ഇക്കാലയളവില്‍ താന്‍ എന്താണ് ചെയ്തതെന്ന് നോക്കൂ. ഇത്രയും കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചത് ഒരു പ്രസിഡന്റിനെ സമീപകാല ചരിത്രത്തില്‍ ഉണ്ടെങ്കില്‍ അവരുടെ പേര് പറയാനും ബൈഡന്‍ ആവശ്യപ്പെട്ടു. 

2024ല്‍ അമേരിക്ക അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ അഭിമുഖികരിക്കാന്‍ പോകുകയാണ്. ഇനിയൊരു മത്സരത്തിന് ഉണ്ടാകുമോയെന്ന ചോദ്യത്തിന് ഔദ്യോഗികമായ ഒരു മറുപടി നല്‍കിയിട്ടില്ല. അങ്ങനെ ചെയ്യണമെന്നാണ് തന്റെ ഉദ്ദേശ്യമെന്ന് കഴിഞ്ഞ മാസം അദ്ദേഹം ഒരു അഭിമുഖത്തില്‍ ബൈഡന്‍ പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.