പെർത്ത്: പെർത്തിന്റെ വടക്കൻ തീരപ്രദേശത്തെ ഒരു വീട്ടിൽ നിന്ന് രജിസ്റ്റർ ചെയ്യാത്ത തോക്കുകളും സ്മോക്ക് ഗ്രനേഡും 10,000 വെടിയുണ്ടകളും ഫെഡറൽ പോലീസ് പിടിച്ചെടുത്തു. വീടിന്റെ അടിത്തട്ടിലെ രഹസ്യഅറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സെമി-ഓട്ടോമാറ്റിക് തോക്കുകളും മിലിട്ടറി ഗ്രേഡ് സ്മോക്ക് ഗ്രനേഡും ഉൾപ്പെടെ ആയുധങ്ങൾ കണ്ടെത്തിയത്.
ഇത് കൂടാതെ നിയമപരമായി രജിസ്റ്റർ ചെയ്ത ആറ് റൈഫിളുകളും കണ്ടെത്തി. ഇവ തോക്കുകൾക്കായുള്ള നിയമനിർമ്മാണത്തിന് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ രജിസ്റ്റർ ചെയ്തവയായിരുന്നു. ഉടമയ്ക്ക് പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ട്, സുരക്ഷിതമായ തോക്ക് "കൈവശം വയ്‌ക്കാനുള്ള" അനുവാദമാണ് ഈ ലൈസൻസ് പ്രകാരമുള്ളത്.
കണ്ടെത്തിയവയിൽ ഏതെങ്കിലും തോക്കുകൾ ക്രിമിനൽ പ്രവർത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് എഎഫ്‌പി അന്വേഷിക്കുന്നുണ്ട്. അടുത്തിടെയായിരുന്നു ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP) ഈ വീട്ടിൽ റെയ്ഡ് നടത്തിയത്. നിലവറയിൽ പരിഷ്കരിച്ച ബാരൽ കണ്ടെയ്നറുകളിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു ആയുധങ്ങൾ.
മിനിറ്റിൽ 40 റൗണ്ട് വെടിയുതിർക്കാൻ ശേഷിയുള്ള രണ്ട് എസ്കെഎസ് സെമി-ഓട്ടോമാറ്റിക് അസോൾട്ട് റൈഫിളുകൾ ഉൾപ്പെടെ രജിസ്റ്റർ ചെയ്യാത്ത 10 തോക്കുകളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഒരു ഡബിൾ ബാരൽ ഷോട്ട്ഗൺ, മൂന്ന് ബോൾട്ട് ആക്ഷൻ റൈഫിളുകൾ, 10,000 വെടിയുണ്ടകൾ, മിലിട്ടറി ഗ്രേഡ് സ്മോക്ക് ഗ്രനേഡ് എന്നിവയും പോലീസ് കണ്ടെത്തിയ മാരക ആയുധങ്ങളിൽ ഉൾപ്പെടുന്നതായി എഎഫ്പി വ്യക്തമാക്കി.
ഓപ്പറേഷൻ 'അഥന'
ഡബ്ല്യുഎ പോലീസിന്റെ ടാക്ടിക്കൽ റെസ്പോൺസ് ഗ്രൂപ്പിന്റെയും ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സിന്റെയും (എബിഎഫ്) സഹായത്തോടെയാണ് റെയ്ഡ് നടപ്പിലാക്കിയത്. അനധികൃത തോക്കുകളുടെ ഉപയോഗവും കടത്തും തടയാൻ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ അഥനയുടെ ഭാഗമായിരുന്നു പരിശോധന.
നിയമവിരുദ്ധമായ ആയുധങ്ങൾ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം എഎഫ്‌പി ഇൻസ്പെക്ടർ ക്രിസ് കോലി എടുത്തുപറഞ്ഞു. തോക്കുകളുടെ അനധികൃത കടത്തും ദുരുപയോഗവും ഗുരുതരമായതും സംഘടിതവുമായ ക്രിമിനൽ നെറ്റ്‌വർക്കുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിൽ നിന്ന് തോക്കുകളും മറ്റ് ആയുധങ്ങളും നീക്കം ചെയ്യുന്നത് ഈ ആയുധങ്ങളുടെ ഹാനികരവും നിയമവിരുദ്ധവുമായ ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് എല്ലാവരേയും സുരക്ഷിതമായി നിലനിർത്തുന്നതിനുള്ള ഒരു സുപ്രധാന ഘട്ടമാണെന്നും ഇൻസ്പെക്ടർ ക്രിസ് കോലി വ്യക്തമാക്കി.
ഓപ്പറേഷൻ അഥനയുടെ ഭാഗമായി പെർത്തിലെ വീട്ടിൽ നടത്തിയ റെയ്സ് 86 പേരെ അറസ്റ്റ് ചെയ്യുന്നതിനും 700 ലധികം തോക്കുകളോ, തോക്കുകളുടെ ഭാഗങ്ങളോ പിടിച്ചെടുക്കുന്നതിനും സഹായിച്ചതായി എബിഎഫ് സൂപ്രണ്ട് ക്ലിന്റൺ സിംസ് പറഞ്ഞു.
നിരോധിത തോക്കുകൾ നിർമ്മിക്കുന്നതോ കൈവശം വയ്ക്കുന്നതോ ആയവരെ കണ്ടെത്താൻ ലക്ഷ്യം വെച്ച് എബിഎഫ് ഉദ്യോഗസ്ഥർ നിരന്തരമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും രഹസ്യ വിവരങ്ങൾ ഇന്റലിജിൻസ് വിഭാഗത്തിനും മറ്റും കൃത്യമായി പങ്കുവെയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.