പാല: അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തില്‍ വ്യാപകമായി പെരുകുന്നുവെന്നും അത് കുടുംബ ഭദ്രതയെ തകര്‍ക്കുന്നുവെന്നും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. എസ്.എം.വൈ.എം പാലാ രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല രാഷ്ട്രീയ ചിന്തകള്‍ യുവ ജനങ്ങള്‍ വളര്‍ത്തുന്നത് ജനാധിപത്യത്തെ വളര്‍ത്തുവാന്‍ സഹായിക്കും. ലഹരി, സദാചാര ഗുണ്ടായിസം, ലിംഗസമത്വം, ഭ്രൂണഹത്യ, കുട്ടികള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍, കൃഷി നാശം, ബഫര്‍ സോണ്‍, ദളിത് ക്രൈസ്തവരുടെ അവകാശങ്ങള്‍ നിക്ഷേധിക്കല്‍ തുടങ്ങിയവയെല്ലാം സമീപകാല വെല്ലുവിളികളാണെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.
രൂപതയിലെ യുവജനങ്ങളുടെ രചനകള്‍ ഉള്‍ക്കൊള്ളിച്ച് എസ്.എം.വൈ.എം പാല രൂപത സമിതിയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന 'മറുപടി' മാസികയുടെ പ്രകാശനം അദ്ദേഹം നിര്‍വഹിച്ചു. യോഗത്തില്‍ എസ്.എം.വൈ.എം പാലാ രൂപത പ്രസിഡന്റ് ജോസഫ് കിണറ്റുകര അധ്യക്ഷത വഹിച്ചു. റവ. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, എ.കെ.സി.സി രൂപത ഡയറക്റ്റര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.
പൊതുസമ്മേളനത്തിനു ശേഷം ടൗണ്‍ ചുറ്റിയുള്ള റാലിയും ശക്തി പ്രകടനവും വിവിധ യൂണിറ്റുകളുടെ സഹകരണത്തില്‍ നടത്തപ്പെട്ടു. അരുവിത്തുറ പള്ളി വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കപറമ്പില്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, ഫോറോനാ ഡയറക്ടര്‍ ഫാ. ആന്റണി തോണക്കര, ഫാ.ജോസഫ് തോട്ടത്തില്‍, എ.കെ.സി.സി. രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി, എസ്.എം.വൈ.എം. ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ജോസ്മിത എസ്.എം.എസ്, വൈസ് പ്രസിഡന്റ് റിന്റു റെജി, ജനറല്‍ സെക്രട്ടറി ഡിബിന്‍ ഡൊമിനിക്ക്, ഫോറോന, യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ലഹരിക്കെതിരെ എസ്.എം.വൈ.എം അംഗങ്ങള്‍ പ്രതിജ്ഞ എടുക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.