ടെക്സസിൽ വംശനാശഭീഷണി നേരിടുന്ന സ്പൈഡർ മങ്കിയെ കടത്താൻ ശ്രമിച്ച യുവതി പിടിയിൽ

ടെക്സസിൽ വംശനാശഭീഷണി നേരിടുന്ന സ്പൈഡർ മങ്കിയെ കടത്താൻ ശ്രമിച്ച യുവതി പിടിയിൽ

ടെക്‌സസ്: വംശനാശഭീഷണി നേരിടുന്ന സ്പൈഡർ മങ്കി എന്നറിയപ്പെടുന്ന ചിലന്തി കുരങ്ങിനെ മരപ്പെട്ടിയിലാക്കി കടത്തിയ ടെക്‌സസ് യുവതി പിടിയിൽ. അമേരിക്കൻ അതിർത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് കാറിൽ സൂക്ഷിച്ചിരുന്ന പെട്ടിയിൽ ബിയർ കുപ്പികൾ ആണെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

ചിലന്തി കുരങ്ങിനെ വിൽക്കുകയായിരുന്നു യുവതിയുടെ ഉദ്ദേശമെന്നും 20 കാരിയായ യുവതി കുറ്റസമ്മതം നടത്തിയതായും അമേരിക്കൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ പറയുന്നു. ടെക്‌സാസിലെ ബ്രൗൺസ്‌വില്ലെയിലെ ഗേറ്റ്‌വേ ഇന്റർനാഷണൽ ബ്രിഡ്ജിലൂടെ മെക്‌സിക്കോയിൽ നിന്ന് അമേരിക്കയിലേക്ക് കുരങ്ങിനെ കടത്താനാണ് യുവതി ശ്രമിച്ചത്.

എന്നാൽ അതിർത്തിയിൽ നടന്ന പരിശോധനയിൽ കാറിനുള്ളിൽ ദ്വാരങ്ങളുള്ള തടിപെട്ടി ഉദ്യോഗസ്ഥർ ശ്രദ്ധിച്ചു. മെക്സിക്കോയിൽ നിന്ന് വാങ്ങിയ ബിയർ കുപ്പികളാണ് അതിലെന്നായിരുന്നു യുവതിയുടെ വാദം. എന്നാൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ പെട്ടി തുറന്ന് പരിശോധിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ യുവതിയെ വീണ്ടും പരിശോധനയ്ക്ക് അയച്ചെങ്കിലും അവർ അവിടെ നിന്നും രക്ഷപെടുകയായിരുന്നു.

ഇതോടെ അന്ന് തന്നെ യുവതിയുടെ ഫോൺ നമ്പർ ഉപയോഗിച്ച് കുരങ്ങിന്റെ ഓൺലൈൻ വിൽപ്പന ലിസ്റ്റിംഗുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി. പിന്നീട് ദിവസങ്ങൾക്കുള്ളിൽ വില്പനയിൽ നിന്നും സ്വയം പിന്മാറിയ യുവതി കുരങ്ങിനെ ഉദ്യോഗസ്ഥരുടെ കൈയിൽ ഏൽപ്പിക്കുകയിരുന്നു. കുരങ്ങിനെ സെൻട്രൽ ഫ്ലോറിഡയിലെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

മാർച്ച് 21 ന് നടന്ന സംഭവത്തിൽ യുവതിയുടെ ശിക്ഷ 2023 ജനുവരി 25 ന് വിധിക്കുമെന്ന് അമേരിക്കൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. വ്യാവസായിക നേട്ടത്തിനായി വംശനാശഭീഷണി നേരിടുന്ന ജീവികളെ കടത്തുന്നത് പ്രകൃതിയുടെ വിലയേറിയ വിഭവങ്ങൾക്കെതിരായ ദാരുണമായ കുറ്റകൃത്യമാണെന്ന് ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് (എച്ച്എസ്ഐ) സാൻ അന്റോണിയോയുടെ ചുമതലയുള്ള പ്രത്യേക ഏജന്റായ ക്രെയ്ഗ് ലാറാബീ പറഞ്ഞു.

വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ കണക്കനുസരിച്ച് മധ്യ, തെക്കേ അമേരിക്കയിൽ ഏഴ് ഇനത്തിലുള്ള ചിലന്തി കുരങ്ങുകൾ കാണപ്പെടുന്നുണ്ട്. എന്നാൽ കണ്ടെടുത്ത കുരങ്ങ് ഏത് ഇനത്തിൽ പെട്ടതാണെന്ന് അധികൃതർ ഇനിയും വ്യക്തമാക്കിയിട്ടില്ല.

ചിലന്തി കുരങ്ങുകൾ (സ്പൈഡർ മങ്കി)

മരങ്ങളുടെ കൊമ്പുകൾക്ക് മുകളിലൂടെ ചാടാനും വളരെ ചടുലതയോടെ ആടാനും കഴിയുന്ന നീളമുള്ള കൈകാലുകൾ ഉള്ളതിനാലാണ് ഇവയെ സ്പൈഡർ മങ്കി എന്ന് വിളിക്കുന്നത്. അറ്റെലോസ്, കോട്ടാസ്, മാക്വിസാപാസ്, മാരിമോണോസ് എന്നും ഇവയ്ക്ക് പേരുകളുണ്ട്.

ജെഫ്രീസ് സ്പൈഡർ മങ്കി, ബ്രൗൺ ഹെഡ്ഡഡ് സ്പൈഡർ മങ്കി, ബ്രൗൺ സ്പൈഡർ മങ്കി, ബ്ലാക്ക്‌ സ്പൈഡർ മങ്കി, ഗയാന സ്പൈഡർ മങ്കി, വൈറ്റ് ബെല്ലിഡ് സ്പൈഡർ മങ്കി, വെളുത്ത മുഖമുള്ള ചിലന്തി മങ്കി, എന്നിവ പോലെ 7 ഇനം സ്പൈഡർ മങ്കികളെ അമേരിക്കൻ ഭൂഖണ്ഡത്തിൽ കണ്ടെത്താൻ കഴിയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.