വത്തിക്കാന്‍ സിറ്റി: പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ അധ്യക്ഷനായി ഇറ്റാലിയന്‍ സ്വദേശിയായ ആർച്ച് ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടിയെ ഫ്രാന്‍സിസ് മാർപാപ്പ നിയമിച്ചു. കർദിനാൾ ലിയോനാർഡോ സാന്ദ്രി വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 2020 ജൂലൈ മുതൽ ഗ്രേറ്റ് ബ്രിട്ടനിലെ അപ്പസ്തോലിക് ന്യൂൺഷ്യോയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു ആർച്ച് ബിഷപ്പ്.
1997 മുതൽ 2001 വരെ 67 കാരനായ ആർച്ച് ബിഷപ്പ് ക്ലോഡിയോ പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ അണ്ടർ സെക്രട്ടറിയായിരുന്നു. ഏറെ നിര്‍ണ്ണായകമായ ഉത്തരവാദിത്വമുള്ള സ്ഥാനമാണ് പുതിയ നിയമനത്തിലൂടെ ആർച്ച് ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടിയ്ക്കു ലഭിച്ചിരിക്കുന്നത്.
1955-ൽ വടക്കൻ ഇറ്റലിയിലെ വെറോണയിലാണ് ആർച്ച് ബിഷപ്പ് ഗുഗെറോട്ടിയുടെ ജനനം. 1982-ൽ വൈദികനായി അഭിഷിക്തനായി. 2001 ഡിസംബർ 7-ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ജോർജിയയിലേയും അർമേനിയയിലേയും അപ്പസ്തോലിക് നൂൺഷ്യോയായും അദ്ദേഹത്തെ നിയമിച്ചു. ഡിസംബർ 13-ന് അസർബൈജാനിലേക്ക് അപ്പസ്തോലിക് ന്യൂൺഷ്യോ ആയി നിയമിച്ചു.
2002 ജനുവരി 6-ന് അദ്ദേഹം മെത്രാനായി അഭിഷിക്തനായി. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് മെത്രാഭിഷേക കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചത്. 2011 ജൂലൈ 15-ന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ ബെലാറസിലെ അപ്പസ്തോലിക് ന്യൂൺഷ്യോയായി നിയമിച്ചു. ഗ്രേറ്റ് ബ്രിട്ടണിലെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് മുന്‍പ് യുക്രൈനിലെ അപ്പസ്തോലിക് ന്യൂൺഷ്യോയായും അദ്ദേഹം സേവനം ചെയ്തിരുന്നു.
അർജന്റീനിയൻ സ്വദേശിയായ കർദ്ദിനാൾ ലിയോനാർഡോ സാന്ദ്രി 2007 ജൂണിലായിരുന്നു ഓറിയന്റൽ കോൺഗ്രിഗേഷൻ തലവനായി ചുമതലയേറ്റത്. അദ്ദേഹം വിരമിച്ച ഒഴിവിലേക്കാണ് ആർച്ച് ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടിയെ പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ അധ്യക്ഷനായി നിയമിച്ചിരിക്കുന്നത്.
ബെനഡിക്ട് പതിനഞ്ചാമന്‍ മാർപാപ്പ 1917 ലാണ് പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി സ്ഥാപിച്ചത്. കേരളം ആസ്ഥാനമായ സീറോ മലബാര്‍, സീറോ മലങ്കര സഭകള്‍ ഉള്‍പ്പെടെ 23 പൗരസ്ത്യ കത്തോലിക്ക സഭകളുടെ ഉത്തരവാദിത്തമുള്ള റോമൻ കൂരിയയുടെ കേന്ദ്രീകൃത ഓഫീസാണ് പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.