`ആറാടി´ ഇംഗ്ലണ്ട്; ഒടുവിൽ വീണ്‌ സെനഗൽ: ആവേശമായി ലോകകപ്പ് രണ്ടാം ദിനം

`ആറാടി´ ഇംഗ്ലണ്ട്; ഒടുവിൽ വീണ്‌ സെനഗൽ: ആവേശമായി ലോകകപ്പ് രണ്ടാം ദിനം

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ രണ്ടാം ദിനം ആവേശകരമായിരുന്നു. ആദ്യ മത്സരം ഗോൾ മഴ ആയിരുന്നെങ്കിൽ രണ്ടാം മത്സരം ആഫ്രിക്കൻ കരുത്തും യൂറോപ്യൻ കേളി സൗന്ദര്യവും നിറഞ്ഞ സുന്ദര കാവ്യമായിരുന്നു. രണ്ട് മത്സരങ്ങളിലുമായി പിറന്നതാകട്ടെ 10 ഗോളുകൾ.

ഇതിൽ എട്ടും ആദ്യ മത്സരമായ ഇംഗ്ലണ്ട്-ഇറാൻ കളിയിലായിരുന്നു. ആറടിച്ച് ഇംഗ്ലണ്ട് ഗോൾമഴ പെയ്യിച്ചപ്പോൾ രണ്ട് ഗോളുകൾ മടക്കി നൽകി ഇറാൻ തോൽവിയുടെ ആക്കം കുറച്ചു. 

ദോഹയിലെ അല്‍ ഖലീഫ സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് ബി മത്സരത്തിലാണ് ഇംഗ്ലണ്ടും ഇറാനും ഏറ്റുമുട്ടിയത്. ഇരട്ട ഗോളുകളുമായി യുവതാരം ബുക്കായോ സാക്ക ഇംഗ്ലീഷ് വിജയത്തിനു ചുക്കാന്‍ പിടിച്ചപ്പോള്‍ ഇറാന്റെ പരാജയഭാരം കുറച്ചത് 65, 90 മിനിറ്റുകളില്‍ മെഹദി തറെമി മടക്കിയ ഗോളുകളിലൂടെയാണ്. ഇംഗ്ലണ്ടിനു വേണ്ടി ജൂഡ് ബെല്ലിങ്ഹാം (35), റഹീം സ്റ്റിര്‍ലിങ് (45), പകരക്കാരനായി വന്ന മാര്‍ക്കസ് റഷ്‌ഫോര്‍ഡ് (71), ജാക്ക് ഗ്രെലിഷ് (89) എന്നിവരും ഗോൾവല കുലുക്കി.

മത്സരത്തിന്റെ തുടക്കം മുതൽ കളിയുടെ കടിഞ്ഞാണ്‍ ഇംഗ്ലണ്ടിന്റെ കയ്യിലായിരുന്നു. പന്ത് കൈവശം വച്ച് നീക്കങ്ങള്‍ നടത്തിയതോടെ ഇറാന്‍ പരുങ്ങലിലായി. ഇടതു വിങിലൂടെയായിരുന്നു ഇംഗ്ലണ്ട് കൂടുതല്‍ മുന്നേറ്റങ്ങളും നെയ്‌തെടുത്തത്. 32ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് അക്കൗണ്ട് തുറക്കാന്‍ സുവര്‍ണാവസരം. പക്ഷെ ക്രോസ് ബാര്‍ തടസ്സമായി.

ഈ നിരാശ ഇംഗ്ലണ്ടിനു അധികനേരം നീണ്ടുനിന്നില്ല. 35ാം മിനിറ്റില്‍ ബെല്ലിങ്ഹാമിലൂടെ അവര്‍ അര്‍ഹിച്ച ലീഡ് കരസ്ഥമാക്കി. കന്നി ലോകകപ്പ് കളിച്ച ബെല്ലിങ്ഹാമിന്റെ ആദ്യ ഗോള്‍ കൂടിയാണിത്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇംഗ്ലണ്ടിന്റെ അകൗണ്ടിൽ മൂന്ന് ഗോളുകൾ ചേർക്കപ്പെട്ടിരുന്നു. 

രണ്ടാം പകുതിയിലും കളിയില്‍ കാര്യമായ മാറ്റമൊന്നും കണ്ടില്ല. എങ്കിലും ആദ്യ പകുതിയേക്കാള്‍ ഇറാന് തങ്ങളുടെ സാന്നിധ്യമറിയിക്കാനായത് രണ്ടാം പകുതിയിലാണെന്നു പറയാം.

62ാം മിനിറ്റില്‍ സാക്ക തന്റെ രണ്ടാം ഗോളും കണ്ടെത്തി. 65ാം മിനിറ്റില്‍ ഇറാന്‍ തങ്ങളുടെ ആദ്യ ഗോള്‍ മടക്കി. മെഹ്ദി തറെമിയാണ് ലക്ഷ്യം കണ്ടത്. എങ്കിലും ഇംഗ്ലണ്ടിന്റെ ഗോള്‍ദാഹം അടങ്ങിയിരുന്നില്ല. പകരക്കാരനായി കളത്തിലെത്തിയ റഷ്‌ഫോര്‍ഡ് ഒരു മിനിറ്റിനകം തന്നെ ഗോളുമായി തന്റെ വരവറിയിച്ചു. 89ാം മിനിറ്റില്‍ ഗ്രെലിഷ് ഇംഗ്ലണ്ടിന്റെ ആറം ഗോളും ഇറാൻ ഗോൾവലയിൽ അടിച്ചു കയറ്റി.

കളി 6-1ന് അവസാനിക്കുമെന്നിരിക്കെയാണ് അധികസമയമായി ലഭിച്ച 10ാം മിനിറ്റിന്റെ അവസാന സെക്കന്റില്‍ ഇറാന് പെനല്‍റ്റി ലഭിച്ചത്. തറെമി അതു മികച്ചൊരു പെനല്‍റ്റിയിലൂടെ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.

അതേസമയം നെതർലാൻഡ്- സെനഗൽ രണ്ടാം മത്സരത്തിൽ സമനിലക്കുവേണ്ടിയുള്ള ആഫ്രിക്കൻ പടയുടെ ചെറുത്ത് നിൽപ്പിനെ ഡിച്ചു പട അവസാന മിനിട്ടുകളിൽ നിശ്ഭ്രമമാക്കി. അവസാന വിസിലിനോടടുത്തടുത്താണ് രണ്ട് ഗോളുകളാണ് സെനഗൽ ഗോൾമുഖത്തേക്ക് ഡച്ചു പട തൊടുത്തത്. കോഡി ഗാക്പോയയുടെ ആയിരുന്നു ആദ്യ ഗോൾ. എക്സ്ട്രാ ടൈമിന്റെ ഒന്‍പതാം മിനിറ്റില്‍ ഡേവി ക്ലാസന്‍ പട്ടിക പൂര്‍ത്തിയാക്കി. സ്‌കോര്‍: നെതര്‍ലന്‍ഡ്സ്-2, സെനഗല്‍-0.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.