'ഡി കമ്പനി പ്രധാനമന്ത്രിയെ വധിക്കാന്‍ രണ്ടു പേരെ നിയോഗിച്ചു': ഗുജറാത്ത് റാലിക്കിടെ വധഭീഷണി സന്ദേശം

 'ഡി കമ്പനി പ്രധാനമന്ത്രിയെ വധിക്കാന്‍ രണ്ടു പേരെ നിയോഗിച്ചു': ഗുജറാത്ത് റാലിക്കിടെ വധഭീഷണി സന്ദേശം

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വധഭീഷണി സന്ദേശം. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഗുജറാത്തില്‍ റാലികളില്‍ പങ്കെടുത്ത് വരുമ്പോഴാണ് ഭീഷണി. മുംബൈ പൊലീസിന്റെ ട്രാഫിക് വിഭാഗത്തിനാണ് ഈ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്.

മുംബൈ ട്രാഫിക് പൊലീസിന്റെ വാട്സ്ആപ് നമ്പറിലാണ് ഒരു ഓഡിയോ സന്ദേശമായി പ്രധാനമന്ത്രിയെ വധിക്കും എന്ന ഭീഷണി വന്നത്. പ്രധാനമന്ത്രി മോഡിയെ കൊല്ലാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ രണ്ട് പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയതായാണ് ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.

പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്തയെ തുടര്‍ന്ന് മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘം ഇതിന്റെ അന്വേഷണ ചുമതല ഏറ്റെടുത്തെന്നാണ് വിവരം.

അജ്ഞാതമായ നമ്പറില്‍ നിന്നാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. മോഡിയെ വധിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ രണ്ട് സഹായികളുടെ പേരുകളും ഭീഷണി മുഴക്കുന്ന ഓഡിയോ സന്ദേശം അയച്ചയാള്‍ നല്‍കിയിട്ടുണ്ട്. മുസ്തഫ അഹമ്മദ്, നവാസ് എന്നാണ് കൊലയാളികളുടെ പേര് എന്നാണ് ഓഡിയോയില്‍ പറയുന്നത്. എന്നാല്‍ ഓഡിയോ സന്ദേശം അയച്ചയാള്‍ തന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഈ ഓഡിയോ ക്ലിപ്പ് ഹിന്ദിയിലാണ് എന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇതുവരെ ഏഴ് ഭീഷണി സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്നാണ് മുംബൈ പൊലീസ് പറയുന്നത്. സന്ദേശം അയച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ച്. ഇതുമായി ബന്ധപ്പെട്ട് ഒരു വജ്രവ്യാപാരിയെ പൊലീസ് ചോദ്യം ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. വാട്സ്ആപ്പ് സന്ദേശത്തില്‍ ഒരു വ്യക്തിയുടെ ഫോട്ടോയും അയച്ചിട്ടുണ്ട്. സുപ്രഭാത് വെസ് എന്ന വ്യക്തിയുടെ ഫോട്ടോയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഈ വ്യക്തി ജോലി ചെയ്തിരുന്നത് ഒരു വജ്രവ്യാപാരിയുടെ കൂടെയാണ് എന്ന് മനസിലാക്കിയാണ് പൊലീസ് ഇയാളെ ചോദ്യം ചെയ്തത്.

അതേസമയം സംശയാസ്പദമായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇയാളെ മുന്‍പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുവെന്നാണ് വ്യാപാരി മൊഴി നല്‍കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.