ഡെന്മാർക്കിനെ സമനിലയിൽ പൂട്ടി ടുണീഷ്യ

ഡെന്മാർക്കിനെ സമനിലയിൽ പൂട്ടി ടുണീഷ്യ

അല്‍ റയാന്‍: ഫുട്‌ബോള്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഡിയിലെ പോരാട്ടത്തില്‍ നിലവിലെ യൂറോ കപ്പ് സെമി ഫൈനലിസ്റ്റുകളായ ഡെന്മാർക്കിനെ സമനിലയിൽ പൂട്ടി ടുണീഷ്യ. ഇരുടീമുകള്‍ക്കും ഗോളടിക്കാനായില്ല. മത്സരത്തിലുടനീളം ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഗോള്‍കീപ്പര്‍മാരായ ഷ്‌മൈക്കലും ഡാഹ്‌മെനുമാണ് മത്സരത്തിലെ താരങ്ങള്‍. ഇരുവരുടെയും മികച്ച സേവുകള്‍ മത്സരത്തില്‍ ഗോള്‍ പിറക്കാതിരുന്നതിന് കാരണമായി.

മത്സരത്തിന്റെ തുടക്കത്തില്‍ ടൂണീഷ്യയാണ് ആക്രമിച്ച് കളിച്ചത്. തുടര്‍ച്ചയായി ഡെന്മാര്‍ക്ക് ഗോള്‍ മുഖത്ത് അപകടം വിതറാന്‍ ടുണീഷ്യയ്ക്ക് സാധിച്ചു. 11-ാം മിനിറ്റില്‍ ടുണീഷ്യ ഗോളടിച്ചെന്ന് തോന്നിച്ചെങ്കിലും ഡ്രാഗറുടെ ഷോട്ട് ഗോള്‍പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി.

23-ാം മിനിറ്റില്‍ ടുണീഷ്യയ്ക്ക് വേണ്ടി ഇസാം ജെബാലി ലക്ഷ്യം കണ്ടെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പതിയെ ഡെന്മാര്‍ക്കും ആക്രമണത്തിലേക്ക് നീങ്ങിയതോടെ മത്സരം ആവേശത്തിലേക്കുയര്‍ന്നു. എന്നാല്‍ ഹോയ്ബര്‍ഗും ഓള്‍സണും എറിക്‌സണുമെല്ലാം അണിനിരന്ന മുന്നേറ്റനിരയെ സമര്‍ത്ഥമായി നേരിടാന്‍ ടുണീഷ്യന്‍ പ്രതിരോധത്തിന് സാധിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജെബാലിയ്ക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും ഗോളാക്കാൻ ആയില്ല. 55-ാം മിനിറ്റില്‍ ഡെന്മാര്‍ക്കിനായി ഓള്‍സെന്‍ ഗോള്‍വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് ഫ്‌ളാഗ് ഉയര്‍ത്തി.

68-ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണിന്റെ തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ ടൂണീഷ്യന്‍ ഗോള്‍ കീപ്പര്‍ ഡാഹ്‌മെന്‍ തട്ടിയകറ്റി. പിന്നാലെ പിറന്ന കോര്‍ണര്‍ കിക്കില്‍ നിന്ന് ഡെന്മാര്‍ക്ക് ഗോളടിച്ചെന്ന് തോന്നിച്ചെങ്കിലും നിര്‍ഭാഗ്യം വില്ലനായി.

പിന്നാലെ കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല. ഇതോടെ മത്സരം സമനിലയില്‍ അവസാനിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.