ഉജ്ജ്വലമായ തിരിച്ചു വരവ്, കിരീടം നിലനിർത്താനുളള പോരാട്ടത്തിന് തുടക്കമിട്ട് ഫ്രാന്‍സ്

ഉജ്ജ്വലമായ തിരിച്ചു വരവ്, കിരീടം നിലനിർത്താനുളള പോരാട്ടത്തിന് തുടക്കമിട്ട് ഫ്രാന്‍സ്

തുടക്കത്തില്‍ ഗോള്‍ വഴങ്ങിയ ശേഷം ഒരു ചാമ്പ്യന്‍ ടീമിന് എങ്ങനെ മത്സരത്തിലേക്ക് തിരിച്ചു വരാനാകുമെന്നതിന്‍റെ സാക്ഷ്യമാണ് ഫ്രാന്‍സ്-ഓസ്ട്രേലിയ മത്സരം. ഒന്‍പതാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയതിന് ശേഷം നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് കാഴ്ചവച്ചത് ആക്രമണ ഫുട്ബോളിന്‍റെ ആവേശകരമായ പ്രകടനം.

കരിം ബെന്‍സമ അടക്കമുളള പ്രമുഖരായ ചില താരങ്ങള്‍ പരിക്കുമൂലം ടീമില്‍ ഇല്ലാതിരുന്നിട്ടും തങ്ങളുടെ കേളീമികവിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ലായെന്ന് വ്യക്തമാക്കാനും ഫ്രാന്‍സിന് സാധിച്ചു. കിരീടം നിലനിർത്താനുളള വരവ് തന്നെയെന്ന് ഉറപ്പിക്കാനും അവർക്ക് സാധിച്ചു.

ഗോള്‍ വഴങ്ങിയിട്ടും തുടർച്ചയായി എതിർ ഗോള്‍മുഖം ആക്രമിച്ചു കൊണ്ടേയിരിക്കുകയെന്ന തന്ത്രത്തില്‍ നിന്ന് ഫ്രാന്‍സ് ഒരു ഘട്ടത്തിലും പിന്നാക്കം പോയില്ല. ഒലിവർ ജിറൂദിന്‍റെ പരിചയ സമ്പത്ത്, ക്യലിയന്‍ എംബാപ്പെയുടെ ചെറുപ്പം, ആന്‍റൊണിയോ ഗ്രീസ് മാന്‍റെ കൃത്യതയാർന്ന പാസുകള്‍, പരിശീലകനും മുന്‍ നായകനുമായ ദ്വിതിയ‍ർ ദെശ്ചാപെയുടെ തന്ത്രങ്ങള്‍ ഇവ ഒത്തു ചേർന്നപ്പോള്‍ ഖത്തറില്‍ എഴുതിച്ചേർക്കപ്പെട്ടത് ഫ്രഞ്ച് ആധിപത്യത്തിന്‍റെ ഉജ്ജ്വലമായ അധ്യായമാണ്. ഇടത് വിംഗിലൂടെ ആക്രമണം നയിച്ച എംബാപ്പെ നിരവധി അവസരങ്ങള്‍ നഷ്ടമാക്കിയെങ്കിലും അവ എതിർ ഗോള്‍മുഖത്ത് സൃഷ്ടിച്ച അങ്കലാപ്പ് ചെറുതല്ല. ഗോള്‍ നേടിയ നിമിഷം മാത്രമാണ് ഓസീസ് ആധിപത്യം മൈതാനത്ത് കണ്ടത്.

ഒലിവർ ജിറൂദ് 51 ഗോളുകള്‍ നേടി ഫ്രാന്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന ബഹുമതി മുന്‍താരമായ തിയറി ഡാനിയേല്‍ ഹെന്‍ട്രിക്കൊപ്പം പങ്കുവച്ചുവെന്നതും ഈ മത്സരത്തിന്‍റെ ഏറ്റവും പ്രധാന സവിശേഷതയാണ്. എന്നാല്‍ ഫ്രാന്‍സിന്‍റെ ആരാധകരെ ആശങ്കാകുലരാക്കുന്ന ഒരു വസ്തുതയുണ്ട്. 1998 ലാണ് ആദ്യമായി ഫ്രാന്‍സ് ലോക കപ്പ് കിരീടം നേടുന്നത്. എന്നാല്‍ അതിനു ശേഷം 2002 ലെ ലോക കപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ അവർ പുറത്തായി. 2006 ല്‍ ഫൈനല്‍ വരെയെത്താന്‍ ഫ്രാന്‍സിന് സാധിച്ചു. അതിന് ശേഷം 2010 ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അവർ പുറത്തായി. 2018 ല്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് 2022 ലും ഗ്രൂപ്പ് ഘട്ടത്തില്‍‍ പുറത്താകുമോയെന്നുളള ആശങ്ക ഒരു വിഭാഗം ഫ്രാന്‍സ് ആരാധകർക്കുണ്ട്.

എന്നാല്‍ അത്തരം ആശങ്കകള്‍ക്കൊന്നും അടിസ്ഥാനമില്ലെന്ന് വിളംബരം ചെയ്തുകൊണ്ടാണ് ഓസ്ട്രേലിയക്ക് എതിരായ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഉജ്ജ്വലമായ വിജയം ഫ്രാന്‍സ് നേടിയത്. യൂറോപ്യന്‍ പവർ ഫുട്ബോളിന്‍റെ ഏറ്റവും മികച്ച പ്രകടനമാണ് ഫ്രാന്‍സ് ടീമിന്‍റെ ഭാഗത്തു നിന്ന് കാണാന്‍ സാധിച്ചത്. കിരീടം നിലനിർത്താനുളള പോരാട്ടത്തില്‍ തങ്ങള്‍ മുന്‍പന്തിയില്‍ തന്നെയുണ്ടാകുമെന്ന് തെളിയിക്കാനും കരിം ബെന്‍സമ ഉള്‍പ്പടെയുളള താരങ്ങള്‍ക്ക് പരിക്ക് പറ്റിയെങ്കിലും കിരീടം നിലനിർത്താന്‍ മികവുളള താരങ്ങള്‍ തങ്ങള്‍ക്ക് ഇനിയുമുണ്ടെന്ന് എതിർ ടീമുകളെ ബോധ്യപ്പെടുത്താനും ഫ്രാന്‍സിന് ഈ മത്സരത്തോടെ സാധിച്ചു. ഈ ലോക കപ്പില്‍ കിരീടം നേടാന്‍ ഏറ്റവും സാധ്യതയുളള ടീമുകളുടെ ഗണത്തിലേക്ക് ഫ്രാ‍ന്‍സ് ഉയർന്നുവെന്ന് നമുക്ക് നിസ്സംശയം പറയാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.