മഴവില്ലഴകില്‍ ഏഴ് ഗോളുകള്‍; കോസ്റ്ററീക്കയെ നിലംപരിശാക്കി സ്‌പെയിന്‍

മഴവില്ലഴകില്‍ ഏഴ് ഗോളുകള്‍; കോസ്റ്ററീക്കയെ നിലംപരിശാക്കി സ്‌പെയിന്‍

ദോഹ: മഴവില്ലിന്റെ നിറങ്ങള്‍ പോലെ ഏഴ് മനോഹര ഗോളുകള്‍. ആയാസമില്ല, ഫിസിക്കല്‍ അറ്റാക്കിംഗും കണ്ടില്ല. ശാന്തമായ കൃത്യതയാര്‍ന്ന ഓരോ നീക്കങ്ങള്‍... ടോട്ടല്‍ ഫുട്‌ബോളിന്റെ ഏഴഴകും വിരിഞ്ഞ ദോഹയിലെ അല്‍ തുമാമ സ്‌റ്റേഡിയത്തില്‍ കോസ്റ്ററീക്കയ്ക്കു മേല്‍ ഗോള്‍ മഴ പൊഴിച്ച് സ്‌പെയിന്‍. ഗ്രൂപ്പ് ഇയില്‍ കരുത്തിനും വേഗത്തിനും തന്ത്രത്തിനും ഒത്തൊരുമയ്ക്കും മുന്നില്‍ നിഷ്പ്രഭമായി പോയ കോസ്റ്ററീക്കയെ മടക്കമില്ലാത്ത ഏഴ് ഗോളിനാണ് സ്‌പെയിന്‍ ഭസ്മമാക്കിയത്.

സ്‌പെയ്‌നുവേണ്ടി ആറ് പേര്‍ ചേര്‍ന്നാണ് ഏഴ് ഗോള്‍ നേടിയത്. ഫെറാന്‍ ടോറസ് ഇരട്ടഗോള്‍ നേടി. ഡാനി ഓല്‍മോ, മാര്‍ക്കോ അസെന്‍സിയോ, ഗാവി, കാര്‍ലോസ് സോളര്‍, അല്‍വരോ മൊറാട്ട എന്നിവര്‍ ഓരോ ഗോള്‍ വിതവും കോസ്റ്ററീക്കയുടെ ഗോള്‍വലയില്‍ അടിച്ചുകയറ്റിയത്. 11-ാം മിനിറ്റില്‍ ആള്‍ ഗോള്‍ അടിച്ച സ്‌പെയിന്‍ അധിക സമയത്തെ രണ്ടാം മിനിറ്റില്‍ ഏഴാമത്തെ ഗോളും അടിച്ചു കയറ്റി.

ലോകപ്പിന്റെ ചരിത്രത്തിലെ സ്‌പെയിനിന്റെ ഏറ്റവും വലിയ വിജയമാണിത്. ഇതാദ്യമായാണ് ഇവര്‍ ലോകകപ്പില്‍ ഏഴ് ഗോളടിച്ച് ജയിക്കുന്നത്. കിരീടം നേടിയ 2010-ല്‍ പോലും അവര്‍ ടൂര്‍ണമെന്റില്‍ ആകെ നേടിയത് എട്ട് ഗോളാണ്. 1998ല്‍ ബള്‍ഗേറിയക്കെതിരേ 6-1 നേടിയതാണ് ഇതുവരെയുള്ള സ്‌പെയിന്റെ ഏറ്റവും വലിയ വിജയം.

സ്‌പെയിന്‍ നിറഞ്ഞാടിയ മത്സരത്തില്‍ കോസ്റ്ററീക്ക താരങ്ങള്‍ മൈതാനത്ത് പന്ത് കിട്ടാതെ അലഞ്ഞു. ജോര്‍ഡി ആല്‍ബ മധ്യനിരയിലേക്ക് കയറി കളിച്ചതും ഗാവിയും പെഡ്രിയും ടോറസും പിന്തുണയായി നിന്നതും മധ്യനിരയില്‍ സ്പെയ്നിന്റെ നീക്കങ്ങള്‍ ചടുലമായി. അസെന്‍സിയോയ്ക്കും ഓല്‍മോയ്ക്കും ബോക്സില്‍ കൃത്യമായ ഇടവേളകളില്‍ പന്തുകളെത്തിക്കൊണ്ടിരുന്നു.

11-ാം മിനിറ്റില്‍ ഡാനി ഓല്‍മോയാണ് ആദ്യ ഗോള്‍ നേടിയത്. ലോകകപ്പ് ചരിത്രത്തിലെ സ്പെയ്നിന്റെ 100-ാം ഗോളായിരുന്നു അത്. പിന്നാലെ 21-ാം മിനിറ്റില്‍ മാര്‍ക്കോ അസെന്‍സിയോയിലൂടെ സ്പെയ്ന്‍ രണ്ടാം ഗോളും നേടി. 31-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ഫെറാന്‍ ടോറസ് സ്പെയ്നിന്റെ മൂന്നാം ഗോളും സ്വന്തമാക്കി.

രണ്ടാം പകുതിയിലും ആധിപത്യം അതേപടി തുടര്‍ന്ന സ്പെയ്ന്‍ 54-ാം മിനിറ്റില്‍ നാലാം ഗോളും വലയിലെത്തിച്ചു. ബോക്സിന്റെ വലത് ഭാഗത്തു നിന്നും ലഭിച്ച പന്തുമായി മുന്നേറിയ ഫെറാന്‍ ടോറസ്, ഡിഫന്‍ഡര്‍ ഒവെയ്ഡോയെ കബളിപ്പിച്ച് ഗോള്‍കീപ്പര്‍ കെയ്ലര്‍ നവാസിന് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിക്കുകയായിരുന്നു. സ്പെയ്ന്‍ ജേഴ്സിയില്‍ ടോറസിന്റെ 15-ാം ഗോളായിരുന്നു ഇത്.

അവിടംകൊണ്ടും മതിയാകാതെ സ്പെയ്ന്‍ കോസ്റ്ററീക്ക ബോക്സിലേക്ക് ആക്രമണം തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതിനിടെ 74-ാം മിനിറ്റില്‍ മധ്യനിരയിലെ മിന്നുംതാരം ഗാവിയുടെ ഗോളുമെത്തി. കോസ്റ്ററീക്കയുടെ ഓഫ്സൈഡ് കെണി പൊളിച്ച് പന്ത് സ്വീകരിച്ച് അല്‍വാരോ മൊറാട്ട നല്‍കിയ ക്രോസ് ഉഗ്രനൊരു ഫസ്റ്റ് ടച്ചിലൂടെ ബാഴ്സയുടെ ഈ വണ്ടര്‍ കിഡ് വലയിലെത്തിക്കുകയായിരുന്നു.

90-ാം മിനിറ്റില്‍ കോസ്റ്ററീക്കയുടെ വലതുളച്ച് പകരക്കാരന്‍ കാര്‍ലോസ് സോളെറിലൂടെ സ്പെയ്നിന്റെ ആറാം ഗോളുമെത്തി. ഇന്‍ജുറി ടൈമില്‍ അല്‍വാരോ മൊറാട്ടയിലൂടെ സ്പെയ്ന്‍ ഏഴാം ഗോളോടെ തങ്ങളുടെ ഗോള്‍ പട്ടിക തികച്ചു. 1043 പാസുകളാണ് സ്പാനിഷ് സംഘം പൂര്‍ത്തീകരിച്ചത്. ഇത് ലോകകപ്പ് റെക്കോഡാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.