സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തേക്ക് വന്‍ തോതില്‍ മയക്കുമരുന്ന് കടത്തിയ സംഭവത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ സംഘത്തിലെ കണ്ണികള്‍ സിഡ്‌നിയില്‍ അറസ്റ്റിലായി. അമേരിക്കയില്‍നിന്നും യൂറോപ്പില്‍ നിന്നും എത്തിച്ച നിരോധിത മയക്കുമരുന്നും ദശലക്ഷക്കണക്കിന് ഡോളറുമാണ് 18 മാസത്തെ അന്വേഷണത്തിനൊടുവില്‍ പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ സിഡ്‌നിയിലെ പല ഭാഗങ്ങളില്‍നിന്ന് 28 നും 44 നും ഇടയില്‍ പ്രായമുള്ള ആറ് പേരെ അറസ്റ്റ് ചെയ്തു.
ലോസ് ഏഞ്ചല്‍സില്‍ നിന്ന് സിഡ്നിയിലേക്ക് കടത്തിയ 200 കിലോയിലധികം നിരോധിത മയക്കുമരുന്നായ മെത്താംഫെറ്റാമൈന്‍, ജര്‍മ്മനിയില്‍ നിന്ന് കൊണ്ടുവന്ന 60 കിലോ കൊക്കെയ്ന്‍, തോക്കുകള്‍, 30 ലക്ഷത്തിലധികം ഡോളര്‍, സ്റ്റിറോയിഡുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, സ്വര്‍ണക്കട്ടി, സിഗരറ്റ് എന്നിവയാണ് പ്രതികളില്‍ നിന്നു കണ്ടെത്തിയത്. ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ്, സംസ്ഥാനത്തെ ഡിറ്റക്ടീവുകള്‍, ഓസ്ട്രേലിയന്‍ ക്രിമിനല്‍ ഇന്റലിജന്‍സ് കമ്മീഷന്‍, അതിര്‍ത്തിരക്ഷാസേന എന്നീ വിഭാഗങ്ങള്‍ സംയുക്തമായി സിഡ്‌നിയിലുടനീളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.
ഓസ്‌ട്രേലിയയിലേക്ക് മയക്കുമരുന്ന് ഇറക്കുമതി ചെയ്യുന്നതിനു പിന്നില്‍ അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങളുടെ വലിയ പ്രവര്‍ത്തനമുണ്ടെന്ന് പോലീസ് പറഞ്ഞു. പിടിയിലായ പ്രതികള്‍ ഈ സംഘത്തിലെ സുപ്രധാന കണ്ണികളാണ്. നിരവധി ഓസ്‌ട്രേലിയന്‍ പൗരന്മാരാണ് ഈ സംഘത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത്.
സിഡ്നിയിലുടനീളം വ്യാപകമായ റെയ്ഡാണ് പോലീസ് നടത്തിയത്. സിഡ്നിയില്‍ എത്തുന്ന ചരക്കുകള്‍ സൂക്ഷിക്കുന്ന ഡിപ്പോ, വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍, വാഹനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നാണ് മയക്കുമരുന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. പോലീസ് ഓപ്പറേഷന്റെ ഭാഗമായി ലോസ് ഏഞ്ചല്‍സിലും ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.
വിവിധ രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് മയക്കുമരുന്ന് ഇറക്കുമതി ചെയ്യുന്ന നിരവധി രാജ്യാന്തര ക്രിമിനല്‍ ശൃംഖലകളെ തിരിച്ചറിഞ്ഞതായി അന്വേഷക സംഘം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26