സിഡ്‌നി: ഓസ്‌ട്രേലിയയിൽ വേനൽക്കാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം. ബ്യൂറോ ഓഫ് മെറ്റീരിയോളജി (ബിഒഎം) സൂചിപ്പിക്കുന്നത് പ്രകാരം രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇത്തവണ ചൂട് കൂടും. കിഴക്ക് ശൈത്യവും കനത്ത മഴയും ഒപ്പം വെള്ളപൊക്കവുമാണ് പ്രവചിക്കപ്പെടുന്നത്.
കിഴക്കൻ ഓസ്‌ട്രേലിയയിൽ ഇപ്പോഴും ശരാശരിക്ക് മുകളിൽ ലഭിച്ചേക്കാവുന്ന മഴയാണ് കാണുന്നതെന്നും ക്വീൻസ്‌ലാന്റിന്റെ കിഴക്കൻ പകുതി, ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, കിഴക്കൻ ടാസ്മാനിയ എന്നിവിടങ്ങളിൽ മഴ ലഭിക്കാനാണ് സാധ്യതയെന്നും ബിഒഎംയുടെ ലോംഗ് റേഞ്ച് ഫോർകാസ്റ്റിംഗ് മേധാവി ഡോ ആൻഡ്രൂ വാട്ട്കിൻസ് അഭിപ്രായപ്പെടുന്നു.
എന്നാൽ പടിഞ്ഞാറ് ഭാഗത്ത് ഭൂരിഭാഗം പ്രദേശങ്ങളിലും ശരാശരിയിൽ താഴെയുള്ള മഴയ്ക്കാണ് സാധ്യത. പക്ഷെ പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ തെക്ക് ഭാഗത്ത് ഈ വർഷത്തിലെ തന്നെ ഏറ്റവും വരണ്ട സമയമാണിതെന്നും അദ്ദേഹം ഓർമിപ്പിച്ചു. മഴയെ ആശ്രയിച്ചായിരിക്കും ഈ പ്രദേശങ്ങളിലെ താപനിലയും ഉണ്ടാകുക.
മഴയുടെയും മേഘങ്ങളുടെയും സാന്നിധ്യമുണ്ടെന്ന് പ്രവചിക്കപ്പെടുന്ന സ്ഥലങ്ങളിൽ സാധാരണയേക്കാൾ തണുപ്പായിരിക്കുമെന്നും ഡോ വാട്ട്കിൻസ് പറഞ്ഞു. ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, ക്വീൻസ്‌ലാൻഡിന്റെ ചില ഭാഗങ്ങൾ, പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ തെക്ക്-കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ പകൽ താപനില ശരാശരിയിലും താഴെയായിരിക്കാൻ സാധ്യതയുണ്ട്.
അതേസമയം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ താരതമ്യേന താപനില ഉയർന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂ സൗത്ത് വെയിൽസിന്റെയും നുല്ലർബോറിന്റെയും ഭാഗങ്ങൾ ഒഴികെ മിക്ക സ്ഥലങ്ങളിലും പ്രത്യക്ഷപ്പെടുന്ന മേഘാവൃതമായ ആകാശം, രാത്രിയിലെ താപനിലയെ ശരാശരിയേക്കാൾ ഉയർത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
വെള്ളപൊക്ക സാധ്യത വർധിക്കുന്നു
കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്തിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗങ്ങളിൽ മഴ നൽകുന്ന ഇന്ത്യൻ ഓഷ്യൻ ഡൈപോള് (ഐഒഡി) നിലവിൽ മൺസൂൺ താഴേക്ക് നീങ്ങുന്നതിനാൽ അവിടെ നിന്നും പുറത്തേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. കൂടാതെ സമുദ്രം ക്രമാതീതമായി തണുക്കുന്ന അവസ്ഥയായ ലാ നിനാ നിലവിൽ 2023 ആദ്യം വരെ നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സാധാരണയായി ലാ നിന ശരത്കാലത്തിലാണ് അവസാനിക്കുന്നത്. എന്നാൽ ഇത്തവണ അതിനേക്കാൾ അൽപ്പം മുമ്പ് ഇത് അവസാനിക്കും. ഇത്തരത്തിൽ ഇടവിട്ട് പ്രത്യക്ഷപ്പെടുന്ന മൂന്ന് ലാ നിന, തുടർച്ചയായ വേനൽക്കാലത്തിന് അൽപ്പം ആശ്വാസം പകരുമെന്നും ഡോ വാട്ട്കിൻസ് വിശദീകരിച്ചു.
നിലവിലെ നിരീക്ഷണങ്ങൾ പ്രകാരം സംഭവിക്കുകയാണെകിൽ ഡിസംബറിൽ രാജ്യത്ത് ശരാശരിക്ക് മുകളിലുള്ള മഴ ലഭിക്കുമെന്നും വേനൽക്കാലത്ത് മഴയുടെ സാധ്യത അല്പം കുറയുകയും ചെയ്യുമെന്നുമാണ് ഡോ വാട്ട്കിൻസ് പറയുന്നത്. അതോടൊപ്പം ഈ മഴ വെള്ളപ്പൊക്ക സാധ്യതയെയും വർധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കൂടുതൽ വെള്ളം കെട്ടികിടക്കാതിരിക്കാൻ ഇപ്പോൾ ഒരു ലാൻഡ്‌സ്‌കേപ്പ് പദ്ധതി സജ്ജീകരിച്ചിട്ടുണ്ട്. അതിനാൽ മഴയും ലഭിക്കുമ്പോൾ ശ്രദ്ധിച്ചാൽ മതിയെന്നും ഡോ വാട്ട്കിൻസ് വ്യക്തമാക്കി. അതേസമയം ചുഴലിക്കാറ്റുകളും ഉണ്ടായാൽ അത് മൂലവും വെള്ളപ്പൊക്ക സാധ്യത വർദ്ധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
സമീപ ദശകങ്ങളിൽ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ എണ്ണം കുറയുന്നതായാണ് പ്രവണത. എന്നാൽ ലാ നിന അപകടസാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. ഈ സീസണിൽ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾക്ക് ശരാശരിയേക്കാൾ 73 ശതമാനം ഏറെ സാധ്യതയാണ് നിലനിൽക്കുന്നത്.
ഉഷ്ണതരംഗങ്ങൾ, തീപിടുത്തങ്ങൾ, ചുഴലിക്കാറ്റുകൾ
സമീപകാലത്തുണ്ടായ വെള്ളപ്പൊക്കങ്ങൾ മൂലം കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നത് മഴയിലായിരിക്കാം. എന്നാൽ ഈ വർഷത്തെ ഉഷ്ണതരംഗങ്ങളിൽ നിന്നും തീപിടുത്തങ്ങളിൽ നിന്നും തങ്ങളുടെ ശ്രദ്ധ മാറിയിട്ടില്ലെന്നും ഡോ വാട്ട്കിൻസ് വ്യക്തമാക്കി.
രാജ്യത്ത് സാധാരണയേക്കാൾ കുറഞ്ഞ ചൂടുള്ള ദിവസങ്ങളാണ് വേനൽക്കാലത്ത് പ്രതീക്ഷിക്കുന്നത്. എന്നാൽ ലാ നിന ഉയർന്ന രാത്രി താപനിലയും ഈർപ്പമുള്ള അവസ്ഥയും കാരണം ഉഷ്ണതരംഗങ്ങളെ യഥാർത്ഥത്തിൽ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.
അതുപോലെ, സമീപ വർഷങ്ങളിലെ പുല്ലുകളുടെ സമൃദ്ധമായ വളർച്ച തീപിടുത്തങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പ്രത്യേകിച്ചും വേനൽക്കാലത്തിന്റെ അവസാന സമയങ്ങളിൽ ചൂടുള്ള വരണ്ട കാലാവസ്ഥ ലഭിക്കുകയാണെങ്കിൽ അപകടസാധ്യത വർധിക്കും.
ഓസ്‌ട്രേലിയയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ കുറഞ്ഞ മഴയാണ് ലഭിച്ചിരിക്കുന്നത് എന്നതും ഈ അവസരത്തിൽ ശ്രദ്ധിക്കേണ്ടതാണ്. മുന്നറിയിപ്പുകൾ വ്യക്തമാക്കിക്കൊണ്ടുള്ള ഔദ്യോഗിക വേനൽക്കാല ബുഷ്‌ഫയർ ഔട്ട്‌ലുക്ക് അടുത്ത ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മഴയിൽ കുതിർന്ന പാടശേഖരങ്ങൾ
ഈ വേനൽക്കാലത്ത് വിളവെടുപ്പ് നടത്താൻ ശ്രമിക്കുന്ന കർഷകർക്ക് വേനൽക്കാലത്തെ മഴയെകുറിച്ചുള്ള വാർത്ത ശുഭകരമല്ല. ഒരുപക്ഷേ ഇത് ഏറ്റവും വെല്ലുവിളി നിറഞ്ഞ വർഷങ്ങളിൽ ഒന്നായിരിക്കുമെന്ന് തെക്കൻ ന്യൂ സൗത്ത് വെയിൽസിലെ ഹെന്റിയിൽ സമ്മിശ്ര കൃഷി ചെയ്യുന്ന കെല്ലി പെൻഫോൾഡ് വ്യക്തമാക്കുന്നു .
30 വർഷമായി ഭർത്താവിനോടൊപ്പം അവർ ഇവിടെ കൃഷി ചെയ്യുന്നു. ഇത്തവണ കൃഷിയിൽ വിളവെടുപ്പിന് കാലതാമസം നേരിട്ടു. ഇനിയെങ്കിലും അത് സുഗമമായി നടക്കുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. പാടശേഖരങ്ങൾ നനഞ്ഞുകിടക്കുന്നത് കാരണം ട്രക്കുകൾ പാടങ്ങളിലേക്ക് കടത്തിവിടാൻ കഴിയാത്തതിനാൽ ഇത് ഒരു വെല്ലുവിളി നിറഞ്ഞ വിളവെടുപ്പായിരിക്കുമെന്നും അവർ പറയുന്നു.
സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ മഴ പെയ്യ്തു. എന്നാൽ അത് അവസാനിക്കുന്നില്ല. ശരാശരി മഴയുടെ 100 മില്ലീമീറ്ററിൽ കൂടുതൽ ലഭിച്ചതായി തങ്ങൾ കണ്ടെത്തിയെന്നും അവർ പറഞ്ഞു. കൊടുങ്കാറ്റും ആലിപ്പഴവും ചില വിളകളെ നശിപ്പിച്ചു. പാടത്തിൽ യന്ത്രസാമഗ്രികൾ എത്തിക്കുക എന്നത് മാത്രമല്ല തങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയെന്നും ഇവിടങ്ങളിലെ പ്രാദേശിക റോഡ് മഴയിൽ വളരെ മോശമായി തകർന്നതിനാൽ വിളകൾ ധാന്യപ്പുരയിൽ എത്തിക്കുക എന്നത് കൂടിയാണെന്നും കെല്ലി പെൻഫോൾഡ് കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26