തിരുവനന്തപുരം: എഴുത്തുകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ (59) അന്തരിച്ചു. തിരുവനന്തപുരം വഞ്ചിയൂരുളള ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യക്കൊപ്പം വഞ്ചിയൂരിലെ ഫ്‌ളാറ്റിലായിരുന്നു താമസം. ഭാര്യ ഇന്നലെ നാട്ടില്‍ പോയിരുന്നു.
ഇന്ന് ഉച്ചയായിട്ടും ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി ഫ്‌ളാറ്റ് തുറന്നപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.
പാലക്കാട് ജില്ലയിലെ പത്തിരിപ്പാല സ്വദേശിയായ സതീഷ് ബാബു 1963 ലാണ് ജനിച്ചത്. കാഞ്ഞങ്ങാട് നെഹ്‌റു കോളജിലും പയ്യന്നൂര്‍ കോളജിലുമായിരുന്നു പഠനം. ചെറുപ്പത്തിലെ എഴുത്തിനോട് താല്‍പര്യമുണ്ടായിരുന്നു. പേരമരം, ഫോട്ടോ തുടങ്ങിയ കഥാ സമാഹാരങ്ങളും ദൈവപ്പുര, മഞ്ഞ സൂര്യന്റെ നാളുകള്‍, കുടമണികള്‍ കിലുങ്ങിയ രാവില്‍ തുടങ്ങി ഒട്ടേറെ നോവലുകളും പ്രസിദ്ധീകരിച്ചു.
കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായിട്ടുള്ള സതീഷ് ബാബു, ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. കേരള സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഭാരത് ഭവന്റെ മെമ്പര്‍ സെക്രട്ടറിയായി അഞ്ച് വര്‍ഷം സേവനമനുഷ്ഠിച്ചു. 1992 ല്‍ പുറത്തിറങ്ങിയ നക്ഷത്രക്കൂടാരം എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ഇദ്ദേഹം ഓ ഫാബി എന്ന സിനിമയുടെ രചനയിലും പങ്കാളിയായിരുന്നു.
പേരമരം എന്ന ചെറുകഥാ സമാഹാരത്തിന് 2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കാരൂര്‍ പുരസ്‌കാരം, മലയാറ്റൂര്‍ അവാര്‍ഡ്, തോപ്പില്‍ രവി അവാര്‍ഡ് എന്നീ അവാര്‍ഡുകളും കരസ്ഥമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.