വാഷിംഗ്ടൺ: അപരിചിതരായ രണ്ട് പേർ താങ്ക്സ് ഗിവിംങുമായി ബന്ധപ്പെട്ട് അബദ്ധത്തിൽ ഒരു സന്ദേശം കൈമാറുന്നു. പിന്നീട് തുടർച്ചയായ ഏഴാം വർഷവും അവർ താങ്ക്സ് ഗിവിംങ് ദിനത്തിൽ ഒത്തുചേരുന്നു. ഒരു ആകസ്മിക സന്ദേശത്തിലൂടെ മുത്തശ്ശിയും ചെറുമകനുമായി തീർന്ന രണ്ടുപേരുടെ കൗതുകമുണർത്തുന്ന വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
2016 ലാണ് സംഭവങ്ങളുടെ തുടക്കം. വാൻഡ ഡെഞ്ച് അന്ന് തന്റെ ചെറുമകനെ താങ്ക്സ് ഗിവിംങിന് ക്ഷണിച്ചുകൊണ്ട് ഒരു സന്ദേശമയച്ചു. എന്നാൽ ആ സന്ദേശം ലഭിച്ചത് ഹൈസ്കൂൾ വിദ്യാർത്ഥിയായ ജമാൽ ഹിന്റണാണ്. കുറിപ്പ് കണ്ട് ആശ്ചര്യപ്പെട്ട അയാൾ സന്ദേശത്തിന് പിന്നിൽ സ്വന്തം മുത്തശ്ശി തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ ഒരു ഫോട്ടോ ആവശ്യപ്പെട്ടു.


സുന്ദരമായ മുടിയും കണ്ണടയുമുള്ള ഒരു സ്ത്രീയുടെ ചിത്രമാണ് വന്നത്. നിങ്ങൾ എന്റെ മുത്തശ്ശിയല്ല, ചിരിച്ച ഇമോജിയോടെ ഹിന്റൺ മറുപടി നൽകി. ഒപ്പം താൻ അവരുടെ ചെറുമകനല്ലെന്ന് അറിയിക്കാൻ ഹിന്റൺ ഒരു സെൽഫി അയച്ചു. എന്തായാലും ഈ അത്താഴത്തിന് തനിക്കും പങ്കെടുക്കാൻ കഴിയുമോയെന്നും അവൻ ചോദിച്ചു.
തീർച്ചയായും അവന് പങ്കെടുക്കാമെന്നും എല്ലാവർക്കും ഭക്ഷണം നൽകുകയാണ് മുത്തശ്ശിമാർ ചെയ്യുകയെന്നും ഡെഞ്ച് മറുപടി നൽകി. അതായിരുന്നു തുടക്കം. പിന്നീട് ഓരോ താങ്ക്സ് ഗിവിംങും ഇരുവരും ഒരുമിച്ച് ആഘോഷിക്കും. ഡെഞ്ചിന്റെ ഭർത്താവ് ലോണി ഡെഞ്ചിനൊപ്പം ഇരുവരും താങ്ക്സ് ഗിവിംങ് ആസ്വദിക്കുന്നതിന്റെ ഫോട്ടോ ഹിന്റൺ ട്വീറ്റ് ചെയ്തതോടെ ഈ കൂടിക്കാഴ്ച വൈറലായി മാറുകയായിരുന്നു.

വാൻഡ ഡെഞ്ചിനൊപ്പം ഇത്തവണയും താൻ ഈ താങ്ക്സ് ഗിവിംങ് ചെലവഴിക്കുമെന്ന് കഴിഞ്ഞ ചൊവ്വാഴ്ച ജമാൽ ഹിന്റൺ ഇൻസ്റ്റാഗ്രാമിൽ സ്ഥിരീകരിച്ചിരുന്നു. ചീസ്‌കേക്ക് ഫാക്ടറി റെസ്റ്റോറന്റിന് പുറത്ത് ഡെഞ്ചിനോടൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ ഹിന്റൺ പങ്കുവെച്ചു.
2020 ഏപ്രിലിൽ കോവിഡിനെ തുടർന്ന് ലോണി ഡെഞ്ചിന്റെ മരണത്തിനു ശേഷവും ഇരുവരും പാരമ്പര്യം തുടർന്നു. കഴിഞ്ഞ വർഷം, ഹിന്റണിന്റെയും ഡെഞ്ചിന്റെയും കഥ ഒരു ഫീച്ചർ ഫിലിം ആക്കുമെന്ന് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരുന്നു.
"ദി താങ്ക്സ് ഗിവിംങ് ടെക്സ്റ്റ്" എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വ്യത്യസ്തമായ പശ്ചാത്തലങ്ങൾക്കിടയിലും ഹിന്റണും ഡെഞ്ചിയും തമ്മിൽ എങ്ങനെ ഇത്രത്തോളം ആഴത്തിലുള്ള സൗഹൃദം രൂപപ്പെട്ടുവെന്ന് വ്യക്തമാക്കുന്ന സിനിമ, യഥാർത്ഥ കഥ തന്നെ പങ്കുവെയ്ക്കുമെന്നും നെറ്റ്ഫ്ലിക്സ് വ്യക്തമാക്കി.

തങ്ങളുടെ കഥ ലോകവുമായി പങ്കിടുന്നതിൽ ആവേശഭരിതരാണെന്ന് ഇരുവരും പ്രതികരിച്ചു. ഇതുവഴി കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരാനും അവർ സാധാരണ ഉണ്ടാകാൻ സാധ്യതയില്ലാത്ത ബന്ധങ്ങൾ ഉണ്ടാക്കാൻ ഇത് പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് തീക്ഷിക്കുന്നതായും അവർ വ്യക്തമാക്കി.
ആകസ്മികമായി വന്ന സന്ദേശത്തിൽ നിന്ന് ദൈവം ഒരുമിച്ചുകൂട്ടിയ ഒരു യഥാർത്ഥ സൗഹൃദം കണ്ടെത്തുന്നതിൽ തങ്ങൾ വളരെ അനുഗ്രഹീതരാണെന്നും അവർ കൂട്ടിച്ചേർത്തു.
https://www.instagram.com/p/ClRo-MWy8pi/?utm_source=ig_web_copy_link
അമേരിക്കയിലെ താങ്ക്സ് ഗിവിംങിന്റെ ചരിത്രം
അമേരിക്കയെ സംബന്ധിച്ചടത്തോളം താങ്ക്സ് ഗിവിംങ് ഒരു പ്രധാന ഉത്സവാഘോഷ ദിനമാണ്. ഒരു രാഷ്ട്രത്തിന്‍റെ മതപരവും മതേതരവുമായ മഹനീയമായ ഒരു ആചാരമാണ് 400 വര്‍ഷങ്ങളായി അമേരിക്കയില്‍  നിലനില്‍ക്കുന്ന താങ്ക്സ് ഗിവിംങ് എന്ന വിശിഷ്ട ദിനം. ക്രിസ്തീയ സ്വാതന്ത്ര്യം തേടി 150 തീര്‍ത്ഥാടകര്‍ മേ ഫ്ളവര്‍ എന്ന കപ്പലില്‍ 1620 ഒക്ടോബര്‍ 16 ന്  ഇംഗ്ലണ്ടില്‍ നിന്നും യാത്ര തിരിച്ചു. പട്ടിണിയിലും കടല്‍ക്ഷോഭത്തിലും വളരെപ്പേര്‍ മരിക്കയും ഒടുവില്‍ ശേഷിച്ച 38 പേര്‍  വെര്‍ജീനിയായില്‍ ജയിംസ്  നദീതീരത്തുള്ള ബെര്‍ക്ക്ലി പ്ളാന്‍റേഷനില്‍ എത്തിച്ചേർന്നു.
അവരെ അമേരിക്കന്‍ ഇന്ത്യക്കാര്‍ (വാംപനോംഗ്) സ്വീകരിച്ച് ഭക്ഷണപാനീയങ്ങള്‍ നല്‍കി, കൃഷിചെയ്യുവാന്‍ പഠിപ്പിക്കുകയും സൗകര്യങ്ങള്‍ നല്‍കുകയും ചെയ്തു. അടുത്ത വര്‍ഷം 1621 ഒക്ടോബറില്‍ അവരുടെ കൃഷി സമ്പത്തു കൊണ്ടു വിഭവസമൃദ്ധമായ വിരുന്നൊരുക്കി  ഈ കുടിയേറ്റക്കാര്‍ അവരുടെ ആതിഥേയരെ ആദരിച്ചതാണ് ആദ്യത്തെ താങ്ക്സ് ഗിവിംങ് എന്നാണ് ചരിത്രകാരന്മാർ വ്യക്തമാക്കുന്നത്. മുട്ടിന്‍മേല്‍ നിന്നു ദൈവത്തിന് നന്ദിയര്‍പ്പിച്ചുകൊണ്ടാണ് ആ വിശിഷ്ടദിനത്തെ അവര്‍ ആഘോഷിച്ചത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.