ആഫ്രിക്കന്‍ വന്യ കരുത്തിനെ മറികടന്ന് പോർച്ചുഗലിന് വിജയത്തുടക്കം. ഗോള്‍ അകന്ന് നിന്ന ആദ്യ പകുതിയില്‍ ആധിപത്യം പുലർത്തിയത് ക്രിസ്റ്റ്യാനോയും സംഘവും. മത്സരത്തിന്‍റെ അഞ്ച് ഗോളുകളും പിറന്നത് രണ്ടാം പകുതിയില്‍. വമ്പന്‍ ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ രണ്ടാം പകുതിയില്‍ തന്ത്രം മാറ്റുന്ന രീതി ഈ മത്സരത്തിലും കണ്ടു. ആദ്യ ഗോള്‍ പെനാല്‍റ്റിയിലൂടെ നേടിയത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നുവെങ്കിലും പിന്നീട് എതിർ ഗോള്‍മുഖത്തേക്ക് ശക്തമായ നീക്കങ്ങള്‍ നടത്താന്‍ ഘാനയ്ക്ക് സാധിച്ചു. സമനില ഗോള്‍ നേടിയ ശേഷം ഘാന പരിശീലകന്‍ നടത്തിയ സബ്സ്റ്റിട്യൂഷൻ വേണ്ടത്ര ഫലപ്രദമായില്ലെന്ന് വേണം വിലയിരുത്താന്‍. മത്സരത്തില്‍ ഘാനയുടെ നീക്കങ്ങളെ നിയന്ത്രിച്ചിരുന്ന ആന്ദ്രേ അയൂവിനെ പിന്‍വലിച്ചത് ഘാനയുടെ താളം നഷ്ടപ്പെടുത്തി. ഉടന്‍ തന്നെ ജോ ഫെലിക്സ് പോർച്ചുഗലിനു വേണ്ടി രണ്ടാം ഗോള്‍ നേടുകയും ചെയ്തു. എന്നാല്‍ അതിനു ശേഷം മത്സരം പരുക്കനായി മാറി. രണ്ടു ടീമുകളിലേയും താരങ്ങള്‍ പോർവിളികളുമായി നേർക്കുനേർ വന്നത് മത്സരത്തിന്‍റെ സൗഹൃദ്ദാന്തരീക്ഷം കെടുത്തുന്നതായി. രണ്ടു ടീമുകളിലെയും താരങ്ങള്‍ക്കെതിരെ റഫറിക്ക് മഞ്ഞക്കാർഡ് പുറത്തെടുക്കേണ്ടി വന്നു.
അകാരണമായി കളിക്കളത്തില്‍ അസഹിഷ്ണുത കാണിക്കുന്നത് ഫുട്ബോള്‍ എന്ന ഗെയിം ഉയർത്തുന്ന സാർവ്വദേശീയതയ്ക്കും സാഹോദര്യത്തിനും സൗഹാർദ്ദത്തിനും എതിരാണ്. കാല്‍ കൊണ്ടു കളിക്കുന്നതിനു പകരം കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ എത്തുന്നത് അംഗീകരിക്കാനാവില്ല. ക്ഷോഭിക്കുന്ന കളിക്കാർ ഫുട്ബോളിന്‍റെ യശസ്സ് ഇല്ലാതാക്കുന്നവരാണ്. ഗോളിനുളള മറുപടി നല്‍കേണ്ടത് എതിർ ഗോള്‍മുഖത്തെ വല ചലിപ്പിച്ചുകൊണ്ടായിരിക്കണം.
പോർച്ചുഗലിനെ സംബന്ധിച്ച് ഈ മത്സരം മുന്നോട്ടു വയ്ക്കുന്ന ആനന്ദകരമായ ഒരു വസ്തുതയുണ്ട്. ക്രിസ്റ്റ്യാനോയെ മാത്രം കേന്ദ്രീകരിച്ചുളള കേളീശൈലിയില്‍ നിന്നുളള മാറ്റം പ്രകടമാകുന്നുവെന്നതാണ് അത്. ജോവോ ഫെലിക്സ്, ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സില്‍വ തുടങ്ങിയ താരങ്ങളുടെ വേഗതയും കൗശലവും പോർച്ചുഗലിന് പുതിയ ഉണർവ്വ് നല്‍കുന്നു. എങ്കിലും ടീമിന്‍റെ ഐക്യ ഘടകമായി നിലനില്‍ക്കാന്‍ ക്രിസ്റ്റ്യാനോയ്ക്ക് സാധിക്കുന്നുണ്ട്. 63 ആം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ പോർച്ചുഗലിന് വേണ്ടി ആദ്യ ഗോള്‍ നേടിയ ക്രിസ്റ്റ്യാനോയുടെ മനസാന്നിദ്ധ്യത്തെ കുറിച്ചുകൂടി ഒരു കാര്യം. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തന്‍റെ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡുമായുളള ബന്ധം അവസാനിപ്പിച്ച ശേഷമുളള ആദ്യ മത്സരം എന്ന സമ്മർദ്ദം അതിജീവിച്ചാണ് ക്രിസ്റ്റ്യാനോയുടെ ഗോള്‍ നേട്ടം. ലോക കപ്പ് ടൂർണമെന്‍റ് തുടങ്ങിയ ശേഷമാണ് ഈ വേർപിരിയല്‍. മറ്റൊരു വിഷയത്തില്‍ ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍റെ വിലക്കും പിഴയും. ഏത് താരവും സമ്മർദ്ദത്തിലാകുന്ന നിമിഷം. പക്ഷെ ഇത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. ലോകം കണ്ട പോരാളികളായ ഫുട്ബോളർമാരില്‍ ഒരാള്‍. ആ പോരാട്ട വീര്യത്തിനും മനസാന്നിദ്ധ്യത്തിനുമുളള മകുടമായി പെനാല്‍റ്റിയിലൂടെയുളള ഗോളും. ഫുട്ബോള്‍ പ്രണയികള്‍ക്ക് ആനന്ദലബ്ധിക്കിനിയെന്തുവേണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.