ജനാധിപത്യ അനുകൂല പ്രക്ഷോഭകർക്കുള്ള ഫണ്ടിന്റെ പേരിൽ ഹോങ്കോങ് കർദ്ദിനാൾ ജോസഫ് സെന്നിന് പിഴ ചുമത്തി

ജനാധിപത്യ അനുകൂല പ്രക്ഷോഭകർക്കുള്ള ഫണ്ടിന്റെ പേരിൽ ഹോങ്കോങ് കർദ്ദിനാൾ ജോസഫ് സെന്നിന് പിഴ ചുമത്തി

ഹോങ്കോങ്: ദേശീയ സുരക്ഷാ നിയമങ്ങളുടെ ലംഘനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഏഷ്യയിലെ ഏറ്റവും മുതിർന്ന റോമൻ കത്തോലിക്കാ പുരോഹിതന്മാരിൽ ഒരാളായ കർദ്ദിനാൾ ജോസഫ് സെന്നിന് പിഴ ചുമത്തി ചൈന. ജനാധിപത്യ അനുകൂല പ്രക്ഷോഭകർക്കായി പിരിച്ച ഫണ്ട് രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിൽ കുറ്റക്കാരനാണെന്ന് ആരോപിച്ചുകൊണ്ടാണ് 4,000 ഹോങ്കോങ് ഡോളർ 757ഡോളർ) പിഴ ചുമത്തിയിരിക്കുന്നത്.

മെയ് മാസത്തിലാണ് 90 കാരനായ കർദ്ദിനാൾ സെന്നിനെയും മറ്റ് അഞ്ച് പേരെയും ഹോങ്കോങ്ങിലെ ദേശീയ സുരക്ഷാ പോലീസ് അറസ്റ്റ് ചെയ്തത്. നടപടി ശക്തമായ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ചൈനയുടെ ദേശീയ സുരക്ഷാ നിയമത്തോടുള്ള വിയോജിപ്പിനെ അടിച്ചമർത്തുന്നതിന്റെ ഭാഗമായിട്ടാണ് അറസ്റ്റ് വിലയിരുത്തപ്പെടുന്നത്.

2002 മുതൽ 2009 വരെ ഹോങ്കോങ് രൂപതയുടെ മെത്രാനായിരുന്ന കർദ്ദിനാൾ ജോസഫ് സെന്നിന്റെ അറസ്റ്റില്‍ വത്തിക്കാന്‍ ഖേദവും നടുക്കവും രേഖപ്പെടുത്തിയിരുന്നു. അറസ്റ്റ് ഞെട്ടിക്കുന്നതാണെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. അമേരിക്കയും ഇംഗ്ലണ്ടും അറസ്റ്റിനെ ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു.

ജനാധിപത്യ അവകാശങ്ങളുടെയും സ്വാതന്ത്ര്യങ്ങളുടെയും ഉറച്ച വക്താവും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിമർശകനുമായ കർദ്ദിനാൾ സെൻ ജനാധിപത്യ അനുകൂല പ്രതിഷേധത്തിനിടെ അറസ്റ്റിലായ ആളുകളെ സഹായിക്കാനാണ് ഫണ്ട് ലക്ഷ്യമിടുന്നതെന്ന് ഊന്നിപ്പറഞ്ഞു. താൻ ഒരു ഹോങ്കോംഗ് പൗരൻ മാത്രമാണെന്നും മാനുഷിക സഹായം നൽകുന്നതിന് ശക്തമായി പിന്തുണ തുടർന്നും നൽകുമെന്നും വിധിക്ക് ശേഷം അദ്ദേഹം പ്രതികരിച്ചു.

താൻ ഒരു ക്രിസ്തുമതവിശ്വാസിയാണെങ്കിലും ഈ കേസിന് മതസ്വാതന്ത്ര്യവുമായി ബന്ധമില്ലെന്നും കർദ്ദിനാൾ സെൻ വ്യക്തമാക്കി. ചൈനയിൽ കത്തോലിക്കാ സഭയെ അടിച്ചമർത്തുന്നതിനെതിരെ പലപ്പോഴും അദ്ദേഹം സർക്കാരിനെ നിശിതമായി വിമർശിച്ചിരുന്നു.

2019 ലെ ജനാധിപത്യ അനുകൂല പ്രതിഷേധത്തിനിടെ അറസ്റ്റിലായവർക്ക് നിയമപരവും ആരോഗ്യപരവുമായ ആവശ്യങ്ങൾ നിർവഹിക്കാൻ സഹായം നല്കുന്നതിനുവേണ്ടിയുള്ള "ഹ്യുമാനിറ്റേറിയൻ റിലീഫ് ഫണ്ട് 612" എന്ന പേരിലുള്ള സഹായനിധി രജിസ്റ്റർ ചെയ്യാൻ പരാജയപ്പെട്ടുവെന്നാരോപിച്ചാണ് ട്രസ്റ്റിന്റെ അഡ്മിനിസ്ട്രേറ്ററായ കർദിനാൾ സെന്നിനെയും മറ്റ് ആറ് പേരെയും അറസ്റ്റ് ചെയ്തത്.

സംഘടനയുടെ അടുത്ത നടപടി എന്താണെന്ന് തീരുമാനിക്കാൻ അല്പം സമയം ആവശ്യമാണെന്ന് പിഴ ചുമത്തിയവരിൽ ഉൾപ്പെട്ട ബാരിസ്റ്റർ മാർഗരറ്റ് എൻജി പറഞ്ഞു. ട്രസ്റ്റ് രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് സൊസൈറ്റി ഓർഡിനൻസ് പ്രകാരം ആർക്കെങ്കിലും പിഴ നൽകേണ്ടി വരുന്നത് ഇതാദ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

ജനാധിപത്യ അനുകൂല പ്രക്ഷോഭകർക്കായി പിരിച്ച ഫണ്ടിന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും ഇത് ജീവകാരുണ്യ ആവശ്യങ്ങൾക്കായി മാത്രം സ്ഥാപിച്ചതല്ലെന്നുമാണ് പിഴ ചുമത്തികൊണ്ടുള്ള പ്രിൻസിപ്പൽ മജിസ്‌ട്രേറ്റ് അദാ യിമ്മിന്റെ ഉത്തരവിൽ പറയുന്നത്. കർദിനാളിനെ കൂടാതെ ബാരിസ്റ്റർ മാർഗരറ്റ് എൻജി, പണ്ഡിതൻ ഹുയി പോ-ക്യൂങ്, രാഷ്ട്രീയക്കാരനായ സിഡ് ഹോ, ഗായകൻ ഡെനിസ് ഹോ എന്നിങ്ങനെ ഫണ്ടിന്റെ നാല് ട്രസ്റ്റികൾക്കും ട്രസ്റ്റിന്റെ സെക്രട്ടറിയായ സെ ചിംഗ്-വീയ്ക്കും പിഴ ചുമത്തിയിട്ടുണ്ട്.

കർദ്ദിനാൾ സെന്നിന്റെ അഭിഭാഷകനായ റോബർട്ട് പാങ് ഈ ട്രസ്റ്റിനെ ഒരു അസോസിയേഷനോ സൊസൈറ്റിയോ ആയി കണക്കാക്കേണ്ടതില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. പ്രതികളെന്ന് ആരോപിക്കപ്പെടുന്നവർ ഒരു സൊസൈറ്റിയിലെയും അംഗങ്ങളല്ലെന്നും സന്നദ്ധപ്രവർത്തനങ്ങൾക്കായുള്ള ഒരു ഫണ്ട് പ്രവർത്തിപ്പിക്കാൻ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വാദിച്ചു.

അറസ്റ്റിയിലായവർക്കെതിരെ ഉയർത്തിയിരിക്കുന്ന "വിദേശ ശക്തികളുമായുള്ള ഒത്തുകളി" എന്ന ആരോപണം പോലീസ് അന്വേഷിക്കുന്നതിനാൽ, പിഴ ചുമത്തികൊണ്ടുള്ള വിധിക്ക് ശേഷവും അധികാരികൾക്ക് കർദ്ദിനാൾ സെന്നിനും മറ്റുള്ളവർക്കുമെതിരെ കൂടുതൽ നടപടിയെടുക്കാൻ കഴിയും.

അതേസമയം മത സ്വാതന്ത്ര്യത്തിനും പൗരസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ജനാധിപത്യ പോരാട്ടങ്ങൾ തുടരുമെന്നും അതിന്റെ പേരിൽ അറസ്റ്റും വിചാരണയും നേരിടാന്‍ തയ്യാറാണെന്നും കര്‍ദ്ദിനാള്‍ മുമ്പ് പറഞ്ഞിരുന്നു. പുതിയ സുരക്ഷാ നിയമം നടപ്പിലാക്കിയതിന് പിന്നാലെ പുരോഹിതരെയും ബിഷപ്പുമാരെയും അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്ത ചരിത്രമാണ് ബിജീങിനുള്ളത്. ജനാധിപത്യ, മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ ഇനിയും പങ്കുചേരും. നിലപാടുകൾ സ്വീകരിക്കുന്നതിൽ പാലിക്കുന്ന വിവേകം തുടരുമെന്നും കര്‍ദ്ദിനാള്‍ സെന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.