ജോലിക്ക് പറ്റിയ സിലബസ്: സര്‍വകലാശാലകളില്‍ അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതി

ജോലിക്ക് പറ്റിയ സിലബസ്: സര്‍വകലാശാലകളില്‍ അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതി

തിരുവനന്തപുരം: ജോലിക്കും ഉപരിപഠനത്തിനും ഉതകുന്ന നിലയില്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ സിലബസ് പരികരിക്കാനൊരുങ്ങി സര്‍ക്കാര്‍. പരിഷ്‌കരിച്ച് പുതിയ പാഠ്യപദ്ധതി അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കും. ബിരുദ കോഴ്‌സുകളുടെ സിലബസ് രണ്ടു വര്‍ഷത്തിലൊരിക്കലും പിജിയുടേത് മൂന്നു വര്‍ഷത്തിലൊരിക്കലും പരിഷ്‌കരിക്കുന്ന സംവിധാനവും വന്നേക്കും.

രാജ്യവ്യാപകമായി സമാനമായ സിലബസിന് മുന്‍തൂക്കം നല്‍കണമെന്ന യുജിസി നിര്‍ദ്ദേശവും പഠനവിഷയങ്ങള്‍ ആഗോള തൊഴില്‍ അവസരങ്ങള്‍ക്കും മത്സര പരീക്ഷകള്‍ക്കും ഉപയോഗപ്പെടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ താല്പര്യവും കണക്കിലെടുത്താണ് പരിഷ്‌കരണം. ഓരോ സര്‍വകലാശാലയിലും ഓരോ വിഷയത്തിനും ചുമതലയുള്ള ബോര്‍ഡ് ഒഫ് സ്റ്റഡീസാണ് ഉള്ളടക്കം തീരുമാനിക്കുന്നത്. ഇതിനുള്ള പൊതുമാനദണ്ഡം സര്‍ക്കാര്‍ നല്‍കും. ഈ പരിഷ്‌കരണം അക്കാഡമിക് കൗണ്‍സിലുകള്‍ അംഗീകരിക്കണം.

പരീക്ഷാ മാര്‍ക്കിലും മാറ്റം ഉണ്ടാകും. എഴുത്തു പരീക്ഷയുടെ ആകെ മാര്‍ക്ക് നിലവിലുള്ള 80 ല്‍ നിന്ന് 60 ആക്കി കുറയ്ക്കും. അങ്ങനെയെങ്കില്‍ ജയിക്കാന്‍ 21 മാര്‍ക്ക് മതി. നിലവിലത് 28 മാര്‍ക്കാണ്. ഇന്റേണല്‍ മാര്‍ക്ക് 20 എന്നത് 40 ആക്കി ഉയര്‍ത്തും. ഹാജര്‍ നിര്‍ബന്ധമല്ലെന്ന പരീക്ഷയെഴുതാന്‍ ഹാജര്‍ നിര്‍ബന്ധമല്ലെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തും. നിലവില്‍ 90 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയുകയുള്ളു. അവസാന സെമസ്റ്ററിലെ രണ്ട് വിഷയങ്ങളില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് തൊഴിലിനും ഉപരിപഠനത്തിനും അവസരമൊരുക്കാനും ഒരു വര്‍ഷം നഷ്ടപ്പെടാതിരിക്കാനുമായി പ്രത്യേക സപ്ലിമെന്ററി പരീക്ഷകള്‍ നടത്തും.

എല്ലാ സര്‍വകലാശാലകളുടെയും സിലബസ് 75 ശതമാനമെങ്കിലും സമാനമായിരിക്കണമെന്നാണ് യുജിസി നിര്‍ദ്ദേശം. ജോലി സാധ്യതയുള്ള പുതിയ പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ഈ വിഷയങ്ങളില്‍ കാരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാം. ഇക്കാര്യങ്ങളൊക്കെ ഉള്‍പ്പെടുത്തി സിലബസ് പരിഷ്‌കരിക്കുന്നതിനായി ഈ മാസം 28,29 തീയതികളില്‍ സിലബസ് പരിഷ്‌കരണ ശില്‍പ്പശാല നടത്തും. അന്യ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വിദഗ്ദ്ധരെയടക്കം ഉള്‍പ്പെടുത്തിയാകും ശില്‍പ്പശാല.

കേരളത്തിലെ പഴഞ്ചന്‍ സിലബസും പരീക്ഷയിലും ഫലപ്രഖ്യാപനത്തിലും ഉണ്ടാവുന്ന അനിശ്ചിതാവസ്ഥയും കാരണം കുട്ടികള്‍ ഉപരിപഠനം അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന രീതി കൂടുതലായ സാഹചര്യത്തിലാണ് സിലബസ് പരിഷ്‌കരണവുമായി സര്‍ക്കാര്‍ രംഗത്തിറങ്ങിയത്. 4000 ബിരുദ സീറ്റുകളാണ് ഇക്കൊല്ലം ഒഴിഞ്ഞു കിടക്കുന്നത്. അതിലേറെയും സയന്‍സ് വിഷയങ്ങളിലാണെന്നതാണ് ശ്രദ്ധേയം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.