എലിസബത്ത് രാജ്ഞിയുടെ ജീവിതാവസാനത്തിൽ ക്യാൻസറുമായി പോരാടിയിരുന്നുവെന്ന അവകാശവാദവുമായി പുസ്തകം

എലിസബത്ത് രാജ്ഞിയുടെ ജീവിതാവസാനത്തിൽ ക്യാൻസറുമായി പോരാടിയിരുന്നുവെന്ന അവകാശവാദവുമായി പുസ്തകം

ലണ്ടൻ: എലിസബത്ത് രാജ്ഞി തന്റെ ജീവിതത്തിന്റെ അവസാന മാസങ്ങളിൽ ക്യാൻസറുമായി രഹസ്യമായി പോരാടുകയായിരുന്നു എന്നവകാശപ്പെട്ടുകൊണ്ട് പുതിയ ജീവചരിത്രം. ഫിലിപ്പ് രാജകുമാരന്റെ സുഹൃത്തായ ഗൈൽസ് ബ്രാൻഡ്രെത്ത് രചിച്ച 'എലിസബത്ത്: ആൻ ഇന്റിമേറ്റ് പോർട്രെയ്റ്റ്' എന്ന പേരിൽ പ്രസിദ്ധീകരിക്കാനൊരുങ്ങുന്ന ജീവചരിത്രത്തിലാണ് രാജ്ഞിയുടെ മരണത്തെക്കുറിച്ച് പുതിയ വാദങ്ങൾ ഉന്നയിക്കുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

ബ്രിട്ടീഷ് രാജ്ഞി വാർദ്ധക്യം മൂലം മരിച്ചുവെന്ന നാഷണല്‍ റെക്കോര്‍ഡ്സ് ഓഫ് സ്കോട്ട്ലാന്‍ഡിന്റെ മരണ സര്‍ട്ടിഫിക്കറ്റിലെ മരണകാരണത്തിന് വിരുദ്ധമാണ് ബുക്കിലെ അവകാശവാദം. എന്നാൽ യഥാർത്ഥത്തിൽ എലിസബത്ത് രാജ്ഞിയുടെ ജീവൻ അപഹരിച്ചത് ബോണ്‍ മാരോ ക്യാന്‍സർ അഥവാ അസ്ഥികൾക്കുള്ളിൽ കാണപ്പെടുന്ന മജ്ജയുടെ താഴെയുള്ള സ്റ്റെം സെല്ലുകൾ അസാധാരണമായ വേഗത്തിൽ വളരുന്ന അവസ്ഥയായ അസ്ഥിമജ്ജ കാൻസർ ആണെന്നാണ് ബ്രാൻഡ്രെത്ത് പുസ്തകത്തില്‍ വിശദമാക്കുന്നത്.


എലിസബത്ത് രാജ്ഞിക്ക് അവസാന കാലത്ത് നടക്കാന്‍ ബുദ്ധിമുട്ടും ശരീര ഭാരം നഷ്ടപ്പെടാന്‍ കാരണമായതും ബോണ്‍ മാരോ ക്യാന്‍സറിന്റെ വകഭേദമായ മൈലോമ കാരണമായെന്നും ബുക്ക് വിശദമാക്കുന്നു. എല്ലുകളില്‍ അതി കഠിനമായ വേദനയാണ് രാജ്ഞി നേരിട്ടിരുന്നതെന്നും ബുക്ക് അവകാശപ്പെടുന്നുണ്ട്.

മൈലോമയുടെ ഏറ്റവും സാധാരണമായ ലക്ഷണം എല്ലുകൾക്ക് അനുഭവപ്പെടുന്ന വേദനയാണ്. പ്രത്യേകിച്ച് ഇടുപ്പിലും നടുവിനും. മൾട്ടിപ്പിൾ മൈലോമ പലപ്പോഴും പ്രായമായവരെ ബാധിക്കുന്ന ഒരു രോഗമാണ്. നിലവിൽ ഈ രോഗത്തെ പൂർണ്ണമായി സൗഖ്യപ്പെടുത്തുന്ന ചികിത്സകൾ ഒന്നുമില്ല. രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന മരുന്നുകളും എല്ലുകളുടെ ബലഹീനത തടയാൻ സഹായിക്കുന്ന മരുന്നുകളും മാത്രമാണ് ചികിത്സ.

ഇതിലൂടെ രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുകയും രോഗിയുടെ അതിജീവനം മാസങ്ങളോ രണ്ടോ മൂന്നോ വർഷമോ നീട്ടുകയും ചെയ്യുമെന്നും പുസ്തകം അവകാശപ്പെട്ടു. 65 വയസു വരെയുള്ള രോഗികള്‍ക്ക് മജ്ജമാറ്റിവയ്ക്കല്‍ ചെയ്യാവുന്നതാണ്. എന്നാൽ 96 ആം വയസ്സിലാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്.

ഫിലിപ്പ് രാജകുമാരന്റെ മരണശേഷം രാജ്ഞിയില്‍ നിസംഗതാ ഭാവം പ്രകടമായി കാണാമായിരുന്നുവെന്നും ബുക്ക് വിശദമാക്കുന്നു. 2015 ൽ തന്നെ ഏറ്റവും അധികം കാലം ബ്രിട്ടീഷ് രാജവംശത്തിന്റെ പരമാധികാരിയായ വ്യക്തി എന്ന റെക്കോര്‍ഡ് എലിസബത്ത് രാജ്ഞിക്ക് ലഭിച്ചിരുന്നു. 70 വര്‍ഷമാണ് അവർ രാജ്ഞിയായി തുടര്‍ന്നത്.


സ്കോട്ട്ലൻറിലെ ബാൽമോറൽ കാസിലിലായിരുന്നു രാജ്ഞിയുടെ അവസാന നിമിഷങ്ങൾ. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ രാജ്ഞി ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു.

എന്താണ് മള്‍ട്ടിപ്പിള്‍ മൈലോമ?

ശരീരത്തില്‍ അണുബാധകള്‍ക്കെതിരെ പോരാടുന്നതിനായി ആന്റിബോഡികളെ നിര്‍മ്മിക്കുന്ന ഒരുതരം ശ്വേത രക്താണുക്കളാണ് പ്ലാസ്മ കോശങ്ങള്‍. എന്നാല്‍ ഈ പ്ലാസ്മ കോശങ്ങള്‍ കാന്‍സര്‍ കോശങ്ങളായി മാറുകയും അസ്ഥി മജ്ജയില്‍ അടിഞ്ഞുകൂടി അനിയന്ത്രിതമായി വളര്‍ന്ന് ആരോഗ്യമുള്ള രക്തകോശങ്ങളെ നശിപ്പിക്കുകയും അസ്ഥികളെ ദുര്‍ബലമാക്കുകയും ചെയ്യുന്നു. അങ്ങനെ കാന്‍സര്‍ മജ്ജയില്‍ നിന്ന് ആരംഭിക്കുകയും ചെയ്യുന്നതാണ് മള്‍ട്ടിപ്പിള്‍ മൈലോമ.

മള്‍ട്ടിപ്പിള്‍ മൈലോമ ബാധിക്കുമ്പോള്‍ കാന്‍സര്‍ കോശങ്ങള്‍ അസ്ഥികളെ ദുര്‍ബലമാക്കും. ഇതിനെത്തുടര്‍ന്ന് അസ്ഥികള്‍ക്ക് ഒടിവും നടുവേദനയും ഉണ്ടാകും. ഹൃദയം, വൃക്ക, നാഡീവ്യവസ്ഥ എന്നിവയ്ക്ക് ദോഷകരമായ രീതിയില്‍ കൂടിയ അളവില്‍ കാത്സ്യവും ഇവ ഉല്പാദിപ്പിക്കും. ഇതിന്റെ ഭാഗമായി ഹീമോഗ്ലോബിന്റെ അളവ് ശരീരത്തില്‍ ഗണ്യമായി കുറയും.

ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും രോഗബാധിതരാകാന്‍ സാധ്യത കൂടുകയും ചെയ്യുന്നു. ഓക്കാനം, വിശപ്പില്ലായ്മ, മലബന്ധം, നിരന്തരമായ ക്ഷീണം, ചെറിയ അണുബാധകള്‍ പതിവായി ഉണ്ടാവല്‍, ഭാരക്കുറവ്, കാലുകള്‍ക്ക് ബലം കുറയല്‍, മരവിപ്പ്, അമിതമായ ദാഹം, കാലില്‍ വീക്കം, മൂത്രം കുറയല്‍, മൂത്രത്തില്‍ രക്തം, തലകറക്കം, രുചിയില്ലായ്മ എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.