കൊച്ചി: എറണാകുളം നഗരത്തിലെ സെന്റ് മേരീസ് ബസലിക്കയില്‍ ഏകീകൃത ക്രമമനുസരിച്ചുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയ എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ ഒരുപറ്റം വിമതര്‍ ചേര്‍ന്ന് തടഞ്ഞു.
ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്നവരും തടിച്ചുകൂടിയതോടെ സ്ഥലത്ത് സംഘര്‍ഷം. ഇതോടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനാകാതെ ബിഷപ്പ് മടങ്ങി.
കുര്‍ബാനയര്‍പ്പിക്കാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ ശനിയാഴ്ച രാത്രിയോടെ തന്നെ ബസലിക്കയുടെ മുറ്റത്ത് എത്തിച്ചേര്‍ന്നിരുന്നു. ഇവര്‍ പള്ളിയുടെ ഗേറ്റ് ഉള്ളില്‍ നിന്ന് അടയ്ക്കുകയും ചെയ്തു.
രാവിലെ 5.45 ന് ആര്‍ച്ച് ബിഷപ്പ് എത്തിയതോടെ ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ പ്രതിഷേധിക്കുകയും അനുകൂലിക്കുന്നവര്‍ കൈയ്യടിച്ച് അദ്ദേഹത്തെ സ്വീകരിക്കുകയുമായിരുന്നു. ആര്‍ച്ച് ബിഷപ്പിനെ പള്ളിയിലേക്ക് കടത്തിവിടാന്‍ പോലീസ് ശ്രമിക്കുകയും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ഈ ആവശ്യവുമായി എത്തുകയും ചെയ്തതോടെയാണ് ബസലിക്കയ്ക്ക് മുന്നില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്.
മാര്‍പാപ്പ നല്‍കിയ നിര്‍ദേശ പ്രകാരം 2021 നവംബര്‍ 28 മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കാനായിരുന്നു സിനഡിന്റെ തീരുമാനം. എന്നാല്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഇത് നടപ്പാക്കാന്‍ ചില വൈദികരുടെ നേതൃത്വത്തില്‍ വിമതര്‍ അനുവദിച്ചിരുന്നില്ല.
സിറോ മലബാര്‍ സഭയിലെ മറ്റ് എല്ലാ രൂപതകളും ഏകീകൃത കുര്‍ബാനയിലേക്ക് മാറിയെങ്കിലും എറണാകുളം-അങ്കമാലി അതിരൂപതയില്‍ മാത്രം പ്രതിഷേധം തുടരുകയായിരുന്നു.
എറണാകുളം ബിഷപ്പ് ഹൗസില്‍ അല്‍മായ മുന്നേറ്റം രാപ്പകല്‍ നീതിയജ്ഞം തുടരുന്നതിനാല്‍ തന്നെ ഇന്ന് സംഘര്‍ഷമുണ്ടാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് വന്‍ പൊലീസ് സംഘമാണ് ഇവിടെ ക്യാമ്പ് ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.