വിഴിഞ്ഞം സംഘര്‍ഷം കൃത്രിമമായി സൃഷ്ടിച്ചത്; ബിഷപ്പുമാരെ പ്രതികളാക്കിയത് അംഗീകരിക്കില്ല: ലത്തീന്‍ അതിരൂപത

വിഴിഞ്ഞം സംഘര്‍ഷം കൃത്രിമമായി സൃഷ്ടിച്ചത്; ബിഷപ്പുമാരെ പ്രതികളാക്കിയത് അംഗീകരിക്കില്ല: ലത്തീന്‍ അതിരൂപത

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പേരില്‍ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത പോലീസ് നടപടിക്കെതിരേ തിരുവനന്തപുരം ലത്തീന്‍ അതിരൂപത. ആര്‍ച്ച് ബിഷപ്പും സഹായ മെത്രാനും ശനിയാഴ്ച സംഭവ സ്ഥലത്ത് പോലുമുണ്ടായിരുന്നില്ലെന്ന് അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര പറഞ്ഞു.

സമരസ്ഥലത്ത് പദ്ധതിയെ അനുകൂലിക്കുന്നവരുടെ നേതൃത്വത്തില്‍ തങ്ങളെയും വൈദികരെയും തടയുന്ന സാഹചര്യമായിരുന്നു. മാത്രമല്ല അധിക്ഷേപിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. വിഴിഞ്ഞം ഇടവക വികാരിക്ക് പിന്തിരിഞ്ഞ് പോകേണ്ടി വന്നുവെന്നും ഫാ. യൂജിന്‍ പെരേര പറഞ്ഞു.

പിന്നീട് പൂന്തുറ വികാരി വന്ന സമയത്ത് പോലീസ് ഇടപെട്ടാണ് ഇവരെ അകത്തേക്ക് കടത്തി വിട്ടത്. ഒരുമണിവരെ തങ്ങള്‍ക്കെതിരെ വലിയ അധിക്ഷേപമാണ് ഉണ്ടായത്. അപ്പോള്‍ ഇതിനൊക്കെ ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം തങ്ങള്‍ക്കെതിരെ കേസുചുമത്തി നിര്‍വീര്യമാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ നാല് മാസമായി ഒളിഞ്ഞും തെളിഞ്ഞും തങ്ങള്‍ക്കെതിരെ നടത്തുന്ന ഇത്തരം നടപടികളോട് ശക്തമായി പ്രതികരിക്കും. മറ്റുള്ള വിഭാഗങ്ങളെ കൂടി തങ്ങള്‍ക്കെതിരേ തിരിച്ചു വിടാനുള്ള ശ്രമമായിട്ടാണ് ഇതിനെ കാണുന്നത്. നീതിന്യായ വ്യവസ്ഥയുടെ മുന്നില്‍ തങ്ങളുടെ ഭാഗം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷം കൃത്രിമമായി സൃഷ്ടിച്ചതാണ്. തങ്ങള്‍ ആരും അക്രമത്തിന് പോയതല്ല. ആസൂത്രിതമായി പ്രകോപനമുണ്ടാക്കിയവരാണ് ഒന്നാം പ്രതിയാകേണ്ടത്. നിലവിലെ കേസുകളെ നിയമത്തിന്റെ വഴിയെ നേരിടും.

സംഘര്‍ഷ സ്ഥലത്തില്ലാതിരുന്ന ആര്‍ച്ച് ബിഷപ്പിനെയും സഹായ മെത്രാനെയും പ്രതി ചേര്‍ത്തതിനെ അംഗീകരിക്കില്ല. അത് വളരെ തെറ്റായ സമീപനമാണെന്നും ഫാ. യൂജിന്‍ പെരേര കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.