'കസ്റ്റഡിയിലായവര്‍ നിരപരാധികള്‍; വിട്ടയക്കണം': വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍

'കസ്റ്റഡിയിലായവര്‍ നിരപരാധികള്‍; വിട്ടയക്കണം': വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം: ശനിയാഴ്ച്ച വിഴിഞ്ഞത്ത് നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ കസ്റ്റഡിയിലായവര്‍ നിരപരാധികളാണെന്നും വിട്ടയ്ക്കണമെന്നും ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ വാക്ക് തര്‍ക്കം ഒരുവേള സംഘര്‍ഷത്തിന്റെ വക്കില്‍വരെ എത്തി.

ഇതിനിടെ സമരക്കാര്‍ പൊലീസ് വാഹനങ്ങള്‍ക്ക് കേടുവരുത്തിയതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉന്തിലും തള്ളിലും പൊലീസുകാര്‍ക്കും പ്രതിഷേധിക്കാര്‍ക്കും പരിക്കേറ്റു.

ശനിയാഴ്ചയുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിഴിഞ്ഞം സ്വദേശിയായ സെല്‍റ്റോ അടക്കമുള്ള പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിട്ടയക്കണമെന്ന ആവശ്യവുമായി വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ വൈദികര്‍ അടക്കം രണ്ടായിരത്തോളം വരുന്ന ആളുകള്‍ പ്രതിഷേധവുമായി എത്തി. കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയ്ക്കണമെന്ന സമരക്കാരുടെ ആവശ്യം പൊലീസ് കൂട്ടാക്കിയില്ല. തുടര്‍ന്നാണ് വാക്കേറ്റം ഉണ്ടായത്.

പ്രതിഷേധക്കാരെ നീക്കാന്‍ പൊലീസ് നാലുതവണ കണ്ണീര്‍ വാതകവും ആറുതവണ ഗ്രനേഡും പ്രയോഗിച്ചു. നന്ദാവനം എആര്‍ ക്യാമ്പില്‍നിന്ന് 200 പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തില്‍ സമരക്കാരുമായി ചര്‍ച്ച നടത്തി.

തുറമുഖനിര്‍മാണത്തിന് പാറയുമായെത്തിയ ലോറികള്‍ പദ്ധതി പ്രദേശത്തേക്കു കയറ്റിവിടാതെ തടഞ്ഞതിനെത്തുടര്‍ന്നാണ് ശനിയാഴ്ച വിഴിഞ്ഞത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. മണിക്കൂറുകള്‍നീണ്ട സംഘര്‍ഷത്തില്‍ തുറമുഖപദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടി. 21 പേര്‍ക്ക് പരിക്കേറ്റിരുന്നു. പൊലീസും ജില്ലാ ഭരണാധികാരികളും സ്ഥലത്തെത്തി ചര്‍ച്ചകള്‍ നടത്തിയാണ് സംഘര്‍ഷത്തിന് അയവുവരുത്തിയത്.

അതേസമയം വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പന ശാലകളുടെ പ്രവര്‍ത്തനം നവംബര്‍ 28 മുതല്‍ ഡിസംബര്‍ നാല് വരെ (ഏഴ് ദിവസം) നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിനെതിരെ തിരുവനന്തപുരം ലത്തീന്‍ കത്തോലിക്ക അതിരൂപതയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന അനിശ്ചിതകാല ഉപരോധസമരം കണക്കിലെടുത്താണ് നടപടിയെന്നും അറിയിപ്പില്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.