ചരിത്രം പിറന്നു, പിന്നാലെ തോല്‍വിയും; കാനഡയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തൂത്തെറിഞ്ഞ് ക്രൊയേഷ്യ

ചരിത്രം പിറന്നു, പിന്നാലെ തോല്‍വിയും; കാനഡയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തൂത്തെറിഞ്ഞ് ക്രൊയേഷ്യ

ദോഹ: ലോകകപ്പിലെ ആദ്യ ഗോള്‍ നേടിയ കാനഡയ്ക്ക് നാലെണ്ണം മടക്കി നല്‍കി ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടര്‍ സാധ്യത ഉറപ്പിച്ചു. ആദ്യ മത്സരത്തില്‍ മൊറോക്കോയോട് സമനില വഴങ്ങേണ്ടി വന്നതിന്റെ നിരാശ കാനഡയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തീര്‍ത്താണ് മോഡ്രിച്ചും സംഘവും ഈ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കിയത്. ക്രമാരിച്ച് രണ്ട് തവണ ലക്ഷ്യം കണ്ടപ്പോള്‍ ലിവാജയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. അല്‍ഫോണ്‍സോ ഡേവിസാണ് കാനഡയ്ക്കായി ആശ്വാസ ഗോള്‍ നേടിയത്.

ആദ്യ മത്സരത്തില്‍ തോല്‍വി രുചിച്ചെങ്കിലും വമ്പന്മാരായ ബെല്‍ജിയത്തെ വിറപ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് കാനഡ കളത്തിലിറങ്ങിയത്. അതിന്റെ മിന്നലാട്ടങ്ങള്‍ അവര്‍ ആദ്യ നിമിഷത്തില്‍ തന്നെ കാണിക്കുകയും ചെയ്തു. അതിവേഗമായിരന്നു കനേഡിയന്‍ നീക്കങ്ങള്‍. ക്രൊയേഷ്യക്ക് ചിന്തിക്കാന്‍ ആകും മുമ്പ് തന്നെ കാനഡ ആദ്യ ഗോള്‍ സ്വന്തമാക്കി. ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ കാനഡയുടെ ആദ്യ ഗോള്‍.

ഗോള്‍ വീണതോടെ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ ഒന്ന് പകച്ചു. എന്നാല്‍, അധികം വൈകാതെ തിരികെ വരുന്ന ക്രൊയേഷ്യയയാണ് പിന്നീട് കളത്തില്‍ കണ്ടത്. കാനഡയുടെ നീക്കങ്ങള്‍ കൃത്യമായി പൊളിച്ച് ക്രൊയേഷ്യ എതിര്‍ ഗോള്‍ മുഖത്തേക്ക് നിരന്തരം പാഞ്ഞടുത്തു. ഒടുവില്‍ 36-ാം മിനിറ്റില്‍ സമനില നേടിയെടുക്കുകയും ചെയ്തു. എട്ട് മിനിറ്റുകള്‍ക്ക് കനേഡിയന്‍ ബോക്‌സിന് പുറത്ത് നിന്ന് ജുറാനോവിച്ച് നല്‍കിയ പാസില്‍ ലിവാജയുടെ നിലംപറ്റെയുള്ള ഷോട്ട് കനേഡിയന്‍ ഗോള്‍ക്കീപ്പറും കടന്ന് ഗോള്‍വലയിലേക്ക്. ഇതിനിടെ സമനില ഗോളിനായി കാനഡ ആത്മാര്‍ഥമായി തന്നെ പരിശ്രമിച്ച് കൊണ്ടിരുന്നു.

70-ാം മിനിറ്റില്‍ മത്സരത്തിലെ മൂന്നാം ഗോള്‍ കണ്ടെത്തിയ ക്രാമറിച്ച് ക്രൊയേഷ്യയുടെ വിജയം ഉറപ്പിച്ചു. ഇത്തവണയും പെരിസിച്ചിന്റെ അളന്നുമുറിച്ച പാസാണ് ഗോളിന് വഴിയൊരുക്കിയത്. പിന്നാലെ ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ ലോവ്റോ മേയര്‍ ക്രൊയേഷ്യയുടെ ഗോള്‍പട്ടിക തികച്ചു.

തോല്‍വിയോടെ കാനഡ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ജയത്തോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റോടെ ക്രൊയേഷ്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.