ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാന്‍ സമ്മര്‍ദവുമായി യു.എന്‍; ശിപാര്‍ശ തള്ളി ഫിലിപ്പീന്‍സ് പ്രതിനിധികള്‍

ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാന്‍ സമ്മര്‍ദവുമായി യു.എന്‍; ശിപാര്‍ശ തള്ളി ഫിലിപ്പീന്‍സ് പ്രതിനിധികള്‍

മനില: രാജ്യത്ത് ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ സമ്മര്‍ദ്ദം തള്ളി ഫിലിപ്പീന്‍സ്. കഴിഞ്ഞയാഴ്ച ജനീവയില്‍ നടന്ന ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കൗണ്‍സിലിന്റെ ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന ശിപാര്‍ശ രാജ്യത്തിന്റെ മൂല്യങ്ങള്‍ക്കു വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് ഫിലിപ്പീന്‍സ് പ്രതിനിധികള്‍ ആവശ്യം തള്ളിയത്. ഫിലിപ്പീന്‍സ് ജസ്റ്റിസ് സെക്രട്ടറി ജീസസ് ക്രിസ്പിന്‍ റെമുല്ലയെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

'സാംസ്‌കാരികവും വിശ്വാസപരവുമായ നമ്മുടെ മൂല്യങ്ങള്‍ പാശ്ചാത്യ രാജ്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന മൂല്യങ്ങളുമായി വൈരുദ്ധ്യമുള്ളതാണ്. അത് അംഗീകരിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് ജീസസ് ക്രിസ്പിന്‍ റെമുല്ല മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള യുഎന്‍ ശിപാര്‍ശകളില്‍ മിക്കതിനോടും ഈ ഏഷ്യന്‍ രാജ്യം യോജിക്കുന്നുണ്ട്. എന്നാല്‍ ഗര്‍ഭച്ഛിദ്രം, സ്വവര്‍ഗവിവാഹം, വിവാഹമോചനം എന്നിവ നിയമവിധേയമാക്കുന്നത് ഉള്‍പ്പെടെയുള്ള ചില കാര്യങ്ങള്‍ സ്വീകാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.

കത്തോലിക്കാ വിശ്വാസികള്‍ കൂടുതലുള്ള രാജ്യമായ ഫിലിപ്പീന്‍സ് ഗര്‍ഭച്ഛിദ്രം നിരോധിച്ച് ഗര്‍ഭസ്ഥ ശിശുക്കളെ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലാണ്. എന്നാല്‍, ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാന്‍ സമ്പന്നമായ ലോകശക്തികളില്‍ നിന്ന് വലിയ സമ്മര്‍ദമാണ് ഫിലിപ്പീന്‍സ് ഭരണ നേതൃത്വം നേരിടുന്നത്.

ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ നേതാക്കള്‍ തങ്ങളുടെ രാജ്യത്തെ ലക്ഷ്യമിടുന്നതില്‍ ഫിലിപ്പീന്‍സ് ജസ്റ്റിസ് അണ്ടര്‍സെക്രറി റൗള്‍ വാസ്‌ക്വസ്, കഴിഞ്ഞയാഴ്ച നടന്ന യുഎന്‍ യോഗത്തിന് ശേഷം അതൃപ്തി അറിയിച്ചു. ഗര്‍ഭപാത്രത്തിലെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതില്‍ ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഫിലിപ്പീന്‍സ്.

നമ്മുടെ മതവിശ്വാസങ്ങള്‍, സാംസ്‌കാരിക പാരമ്പര്യം, രാജ്യത്തിന്റെ പരമാധികാരം എന്നിവ എല്ലായ്പ്പോഴും സംരക്ഷിക്കപ്പെടേണ്ടതും ഉയര്‍ത്തിപ്പിടിക്കേണ്ടതുമായതിനാല്‍ യുഎന്നിന്റെ ശിപാര്‍ശകളോടു യോജിക്കാന്‍ ഫിലിപ്പൈന്‍ പ്രതിനിധികള്‍ക്ക് കഴിയില്ലെന്ന് റൗള്‍ വാസ്‌ക്വസ് പറഞ്ഞു.

ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ള നേതാക്കള്‍ പ്രോ ലൈഫ് രാജ്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ലോകമെമ്പാടും ഓരോ വര്‍ഷവും 42 ദശലക്ഷത്തിനും 73 ദശലക്ഷത്തിനും ഇടയില്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ കൊല്ലപ്പെടുന്നു എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ പശ്ചാത്തലത്തിലാണ് ഗര്‍ഭസ്ഥ ശിശുക്കള്‍ക്കു വേണ്ടിയുള്ള ഫിലിപ്പീന്‍സിന്റെ ശക്തമായ നിലപാട് ശ്രദ്ധേയമാകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.