മുന്‍ ചാമ്പ്യന്‍മാർ തമ്മിലുളള ആവേശകരമായ പോരാട്ടത്തില്‍ ആദ്യം ഗോള്‍ നേടിയത് സ്പെയിനാണ്. 62 ആം മിനിറ്റില്‍ സ്കോർ ചെയ്തത് പകരക്കാരനായി എത്തിയ അല്‍ വാരോ മൊറാറ്റ. വീറും വാശിയും നിറഞ്ഞ പ്രത്യാക്രമണങ്ങളിലൂടെ ജർമ്മനിക്കു വേണ്ടി ഗോള്‍ മടക്കിയത് പകരക്കാരനായി മൈതാനത്ത് എത്തിയ നിക്ലാസ് ഫള്‍ക്രഗ്. ബാഴ്സ താരം ഫെറാന്‍ ടോറസിനെ പിന്‍വലിച്ചാണ് മൊറാറ്റ സ്പാനിഷ് നിരയില്‍ എത്തിയതെങ്കില്‍ മൂന്ന് ലോകകപ്പുകളില്‍ നിന്നായി പത്ത് ഗോളുകള്‍ നേടിയിട്ടുളള തോമസ് മുളളറെ മാറ്റിയാണ് ക്രഗ് ജർമ്മന്‍ നിരയില്‍ എത്തിയത്.
ഈ ലോകകപ്പിലെ കഴിഞ്ഞ പല മത്സരങ്ങളും പരിശോധിക്കുമ്പോള്‍ പകരക്കാരുടേതാണോ ഈ ലോകകപ്പ് എന്ന് തോന്നിക്കും വിധം അത്രത്തോളം ആധികാരികമായിരുന്നു സബ്സ്റ്റിട്യൂറ്റ് താരങ്ങളുടെ പ്രകടനം. സ്പാനിഷ് നിരയില്‍ 82 ആം മിനിറ്റ് വരെ പ്രതിരോധ ഭടന്മാരുടെ ജനറലായി മികച്ച ചെറുത്തു നില്‍പ് നടത്തിയ ജോർഡി ആല്‍ബെയെ പിന്‍വലിച്ച് ഒരു മിനിറ്റ് കഴിയും മുന്‍പാണ് സ്പെയിന്‍ ഗോള്‍ വഴങ്ങിയത് എന്നുളളത് യാദൃശ്ചികം മാത്രമെന്ന് കരുതാനാകും സ്പാനിഷ് ആരാധകർക്ക് ഇഷ്ടം.
69000 ത്തോളം വരുന്ന കാണികളെ സാക്ഷി നിർത്തി ജർമ്മനിയെ മറികടന്ന് പ്രീക്വാർട്ടർ ഉറപ്പിക്കാനുളള ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയായി നിന്നത് ഫിനിഷിംഗിലെ പോരായ്മയാണ്. 2020 നവംബർ മാസത്തില്‍ ആറ് ഗോളുകള്‍ക്ക് ജർമ്മനിയെ തകർത്തെറിഞ്ഞ മത്സരത്തില്‍ മൂന്ന് ഗോളുകള്‍ നേടിയ ടോറസിന്‍റെ നിഴല്‍ മാത്രമാണ് ഖത്തറില്‍ കാണാനായത്. അതുകൊണ്ടു തന്നെ ടോറസിനെ പിന്‍വലിച്ച് മൊറാറ്റോയെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കൊണ്ടുവരാനുളള പരിശീലകന്‍റെ തന്ത്രമാണ് മത്സരത്തിലെ നിർണായകമായ നിമിഷം.
കളിക്കളത്തിലേക്കാള്‍ കൗശലപൂർവ്വമായ നീക്കം നടന്നത് പരിശീലകന്‍റെ തലച്ചോറിലാണ് എന്നർത്ഥം.
രണ്ട് ടീമുകളും തുല്യ ശക്തികളാണെന്ന് പറയാമെങ്കിലും കൂടുതല്‍ നേരം പന്ത് കൈവശം വച്ചതും മികച്ച നീക്കങ്ങള്‍ ആസൂത്രണം ചെയ്തതും സ്പെയിനാണ്. ജർമ്മനിയുടെ ഗോളാകട്ടെ ഓഫ് സൈഡില്‍ കുരുങ്ങുകയും ചെയ്തു. യൂറോപ്പിലെ മികച്ച ലീഗുകളുളള രണ്ട് രാജ്യങ്ങളാണ് സ്പെയിനും ജർമ്മനിയും. ബാഴ്സലോണയുടേയും റയല്‍ മാഡ്രിഡിന്‍റേയും സാന്നിദ്ധ്യം കൊണ്ട് ലോകമെങ്ങുമുളള കാല്‍പ്പന്തു പ്രേമികളുടെ പ്രിയപ്പെട്ട ലീഗാണ് സ്പെയിനിലെ ലാലിഗ. ജർമ്മനിയിലെ ബുണ്ടസ് ലിഗയിലെ ബയേണ്‍ മ്യൂണിക്കും ബറോസിയ ഡോട്മുണ്ടും നമുക്ക് പ്രിയപ്പെട്ട ടീമുകളാണ്.
പലപ്പോഴും ലോകകപ്പ് വേദിയില്‍ ദേശീയ ടീമുകള്‍ മത്സരിക്കുമ്പോള്‍ ഇത്തരം ക്ലബുകളിലെ താരങ്ങളുടെ പ്രകടനവും പങ്കാളിത്തവും നിർണായകമാകാറുണ്ട്. 2010 ല്‍ സ്പെയിന്‍ ലോക ചാമ്പ്യന്‍മാരായപ്പോള്‍ ബാഴ്സ താരങ്ങളുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്ലാവി- ഇനിയസ്റ്റമാരുടെ മായാജാലവും ടിക്കി-ടാക്കശൈലിയും അന്നു ചർച്ചയായി. 2014 ല്‍ ജർമ്മനി ലോക കിരീടം ഉയർത്തിയപ്പോള്‍ ബയേണ്‍ മ്യൂണിക്കിലെ ഏഴോ എട്ടോ താരങ്ങളാണ് ദേശീയ ടീമില്‍ ഉണ്ടായിരുന്നത്.
ഇന്നിപ്പോള്‍ ഈ ക്ലബുകളിലെ താരങ്ങള്‍ അതത് ദേശീയ ടീമില്‍ കളിക്കുന്നുണ്ടെങ്കിലും ദേശീയ ടീമുകളില്‍ കാര്യമായ പ്രഭാവം സൃഷ്ടിക്കാന്‍ അവർക്ക് സാധിക്കുന്നില്ല. ഈ ക്ലബുകള്‍ക്ക് ചാമ്പ്യന്‍സ് ലീഗിലും മറ്റ് ടൂർണമെന്‍റുകളിലും മുന്‍പുണ്ടായിരുന്ന ആധിപത്യം ഇപ്പോഴില്ല എന്നുളളതാണ് യാഥാർത്ഥ്യം. അതിന്‍റെ പ്രതിഫലനം തന്നെയാണ് ദേശീയ ടീമിലും കാണാനാകുന്നത്.
ഇത്തവണ 8 ബാഴ്സ താരങ്ങള്‍ സ്പാനിഷ് ടീമില്‍ കളിച്ചുവെങ്കിലും അവർക്കും കാര്യമായ ചലനം സൃഷ്ടിക്കാനായില്ല. ഏതായാലും ഈ രണ്ട് ടീമുകള്‍ക്കും ഇനി പ്രീക്വാർട്ടർ ഉറപ്പാക്കുന്നതിന് മൂന്നാം മത്സരഫലത്തിനായി കാത്തിരിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.