ഈ വര്‍ഷം ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ 511 അക്രമങ്ങള്‍; കൂടുതല്‍ യുപിയില്‍: യു.സി.എഫിന്റെ പുതിയ റിപ്പോര്‍ട്ട്

ഈ വര്‍ഷം ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ 511 അക്രമങ്ങള്‍; കൂടുതല്‍ യുപിയില്‍: യു.സി.എഫിന്റെ പുതിയ റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള മത പീഡനങ്ങളില്‍ ഇക്കൊല്ലവും വന്‍ വര്‍ധന. യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം (യു.സി.എഫ്) ഇക്കഴിഞ്ഞ നവംബര്‍ 26 ന് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2022 നവംബര്‍ 21 വരെ രാജ്യത്ത് ക്രൈസ്തവര്‍ക്കു നേരെ 511 അക്രമ സംഭവങ്ങള്‍ അരങ്ങേറിയെന്നാണ് യു.സി.എഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം 505 ആക്രമണങ്ങളുണ്ടായി.

ക്രൈസ്തവര്‍ക്കെതിരായ വിദ്വേഷപരമായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി 2015 ല്‍ ആരംഭിച്ച ടോള്‍ ഫ്രീ നമ്പറില്‍ നിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യു.സി.എഫ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശാണ് ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. ദക്ഷിണേന്ത്യയില്‍ കര്‍ണാടകയും തമിഴ്‌നാടുമാണ് മുന്നില്‍. വൈദികര്‍ക്കും പാസ്റ്റര്‍മാര്‍ക്കും വിശ്വാസികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍, ദേവാലയങ്ങള്‍ ആക്രമിക്കല്‍, പ്രാര്‍ത്ഥന തടസപ്പെടുത്തല്‍ തുടങ്ങിയവ അതിക്രമങ്ങളാണ് അരങ്ങേറിയത്.

2018 ല്‍ 292 ആക്രമണങ്ങള്‍ നടന്നപ്പോള്‍, 2019 ല്‍ അത് 328 ആയി ഉയര്‍ന്നു. എന്നാല്‍ 2020 ല്‍ കോവിഡ് മഹാമാരി മൂലമുള്ള നിയന്ത്രണങ്ങള്‍ കാരണം ഇത് 279 ആയി കുറഞ്ഞെങ്കിലും 2021 ല്‍ ഈ സംഖ്യ 505 ആയി ഉയരുകയായിരുന്നു.

വര്‍ഷം അവസാനിക്കാന്‍ ഒരു മാസം ബാക്കിയിരിക്കെ ഇക്കൊല്ലം ഈ സംഖ്യ 511 ആയി ഉയര്‍ന്നിരിക്കുകയാണ്. ക്രൈസ്തവര്‍ക്കെതിരായി ഇക്കൊല്ലം ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്നിരിക്കുന്നത് സെപ്റ്റംബറിലാണ്. 61 സംഭവങ്ങളാണ് സെപ്റ്റംബറില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി 149 ആക്രമണ സംഭവങ്ങളുമായി ഉത്തര്‍ പ്രദേശ് തന്നെയാണ് ഇക്കാര്യത്തില്‍ മുന്നില്‍.

ഛത്തീസ്ഗഡാണ് തൊട്ട് പിന്നില്‍ (115). ജാര്‍ഖണ്ഡ് 48, ഡല്‍ഹി ഒന്ന്, ജമ്മു കാശ്മീര്‍ ഒന്ന്, ഹിമാചല്‍ പ്രദേശ് നാല്, രാജസ്ഥാന്‍ അഞ്ച് എന്നിങ്ങനെയാണ് ക്രൈസ്തവര്‍ക്കു നേരെയുണ്ടായ മറ്റ് അക്രമങ്ങള്‍. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഛണ്ഡിഗഡില്‍ ഒരു സംഭവം മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മേഘാലയിലും ത്രിപുരയിലും ഓരോ സംഭവങ്ങള്‍ വീതവും ആസാമില്‍ രണ്ട് സംഭവങ്ങളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തെക്കന്‍ സംസ്ഥാനങ്ങളില്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലും 30 ക്രൈസ്തവ പീഡനങ്ങള്‍ ഉണ്ടായപ്പോള്‍ കേരളത്തിലും പുതുച്ചേരിയിലും ഒരു സംഭവം പോലും രേഖപ്പെടുത്തിയിട്ടില്ല.

ആന്ധ്രാപ്രദേശ് ആറ്, തെലുങ്കാന നാല് എന്നിങ്ങനെയാണ് മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കണക്കുകള്‍. തീവ്രഹിന്ദുത്വ നിലപാടുള്ളവരുടെ ആധിക്യവും കേന്ദ്ര ഭരണത്തില്‍ സംഘപരിവാര്‍ സംഘടനയ്ക്കുള്ള സ്വാധീനവുമാണ് ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിന് പിന്നിലെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.