പരിശീലനത്തിനിടയിലും ജപമാല കൈകളിലേന്തി ബ്രസീലിയന്‍ ഫുട്‌ബോള്‍ കോച്ച്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പരിശീലനത്തിനിടയിലും ജപമാല കൈകളിലേന്തി ബ്രസീലിയന്‍ ഫുട്‌ബോള്‍ കോച്ച്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ദോഹ: അഡെനോര്‍ ലിയോനാര്‍ഡോ ബാച്ചി... ഈ പേര് അറിയാത്ത ഫൂട്‌ബോള്‍ ആരാധകര്‍ ചുരുക്കം. ലോകകപ്പില്‍ ഏറെ ജയ സാധ്യത കല്‍പ്പിക്കപ്പെടുന്ന ബ്രസീലിന്റെ പരിശീലകനാണ് ടൈറ്റ് എന്ന് വിളിപ്പേരുള്ള അഡെനോര്‍ ലിയോനാര്‍ഡോ ബാച്ചി. അദ്ദേഹം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്.

പരിശീലന ഗ്രൗണ്ടില്‍ ജപമാലയും മുറുകെപ്പിടിച്ച് ചിന്തയില്‍ മുഴുകിയിരിക്കുന്ന ബാച്ചിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. താരങ്ങള്‍ക്ക് നല്‍കുന്ന പരിശീലനത്തോടൊപ്പം അദ്ദേഹത്തിന്റെ കരങ്ങള്‍ ചലിക്കുന്നത് കൈയ്യിലുള്ള ജപമാല മണികളിലൂടെയാണ്.


കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് ഈ വര്‍ഷത്തെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ അഡനോര്‍ ലിയോനാര്‍ഡോ ബാച്ചി എത്തുന്നത്. ലോകമെമ്പാടുമുള്ള ബ്രസീലിയന്‍ ആരാധകരുടെ വലിയ പ്രതീക്ഷയാണ് അതിനു കാരണം. അഞ്ച് തവണ ലോകകപ്പ് നേടിയ രാജ്യമാണ് ബ്രസീല്‍. ബാച്ചിയുടെ നേതൃത്വത്തില്‍ ആറാം കപ്പെന്ന സ്വപ്‌നമാണ് കാനറികള്‍ക്കുള്ളത്.

സ്വപ്‌ന സാഫല്യത്തിന് കളിക്കളത്തിലെ തന്ത്രങ്ങള്‍ മാത്രം പോരാ, പരിശുദ്ധ അമ്മയുടെ അനുഗ്രഹവും വേണമെന്ന തിരിച്ചറിവിലാണ് കടുത്ത മാതൃഭക്തനായ ലിയോനാര്‍ഡോ ബാച്ചി ജപമാല എപ്പോഴും കൈയ്യില്‍ കരുതുന്നത്. തികഞ്ഞ ക്രൈസ്തവ വിശ്വാസികളായ അമ്മ ഇവോണി ബാച്ചിയും പിതാവ് സ്യൂ ജെനോര്‍ ബാച്ചിയും തങ്ങളുടെ മൂന്ന് മക്കളെയും വിശ്വാസ വഴികളിലൂടെ തന്നെയാണ് വളര്‍ത്തിയത്. ബിയാട്രിസ്, മീറോ എന്നിവരാണ് സഹോദരങ്ങള്‍.


ബ്രസീലിലെ റുവ സിനിംബുവിന്റെ പ്രാന്ത പ്രദേശത്ത് പന്തുതട്ടി തുടങ്ങിയ ലിയോനാര്‍ഡോ ബാച്ചിക്ക് മാതാപിതാക്കള്‍ തന്നെയാണ് ആദ്യകാല പരിശീലനം നല്‍കിയത്. കാക്സിയാസ് ഡോ സുളിലെ നോസ സെന്‍ഹോറ ഡി ലൂര്‍ദിലായിരുന്നു ബാച്ചിയുടെ ബാല്യകാലം.

2016 ലാണ് അഡെനോര്‍ ലിയോനാര്‍ഡോ ബാച്ചി ബ്രസീലിന്റെ ദേശീയ ടീം മാനേജരായത്. ടീമിന്റെ ബോസ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് സ്വന്തം മണ്ണില്‍ 2019 ലെ കോപ്പ അമേരിക്ക കിരീടം നേടി എന്നുള്ളതാണ്. 2022 ലെ ലോകകപ്പ് കിരീടമാണ് ബാച്ചിയുടെ അടുത്ത ലക്ഷ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.