സിഡ്‌നി: ഓസ്‌ട്രേലിയയുടെ ദേശീയ തീവ്രവാദ ഭീഷണി നില ഏകദേശം ഒരു ദശാബ്ദത്തിനിടെ ആദ്യമായി കുറയുന്നതായി റിപ്പോർട്ട്. തീവ്രവാദ ഭീഷണി "പ്രോബബിൾ" എന്നതിൽ നിന്ന് "പോസിബിൾ" എന്നതിലേക്കാണ് താഴ്ന്നിരിക്കുന്നതെന്ന് ഓസ്‌ട്രേലിയൻ സീക്രട്ട് ആൻഡ് ഇന്റലിജൻസ് ഓർഗനൈസേഷൻ (എഎസ്‌ഐഒ) വ്യക്തമാക്കി.
അതേസമയം അടുത്ത 12 മാസത്തിനുള്ളിൽ രാജ്യത്ത് മാരകമായ ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതായും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. വിദേശ ഇടപെടലും ചാരവൃത്തിയും ഉയർത്തുന്ന ഭീഷണിയിൽ രഹസ്യാന്വേഷണ ഏജൻസി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് എഎസ്‌ഐഒ ഡയറക്ടർ ജനറൽ മൈക്ക് ബർഗെസ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സൂക്ഷ്മമായ നിരീക്ഷണങ്ങൾക്കും കൂടിയാലോചനയ്ക്കും ശേഷം ഓസ്‌ട്രേലിയയുടെ ദേശീയ തീവ്രവാദ ഭീഷണിയുടെ തോത് 'പോസിബിൾ' എന്ന നിലയിലേക്ക് താഴ്ന്നതായി അറിയിക്കുകയാണെന്ന് കാൻബെറയിലെ എഎസ്‌ഐഒ ആസ്ഥാനത്ത് ബർഗെസ് വ്യക്തമാക്കി.
ഓസ്ട്രേലിയൻ തീരത്ത് ആക്രമണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ മുന്നേറിയിരുന്ന തീവ്രവാദികൾ 2014 നെ അപേക്ഷിച്ച് ഇപ്പോൾ കുറവാണെന്നും അതിനാലാണ് ഈ മാറ്റമെന്നും അദ്ദേഹം വിശദീകരിച്ചു. മിഡിൽ ഈസ്റ്റിൽ തീവ്രവാദ ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റ് ഉയർന്നുവന്നതിന് ശേഷം 2014 മുതൽ ഓസ്‌ട്രേലിയയുടെ തീവ്രവാദ മുന്നറിയിപ്പ് നില "പ്രോബബിൾ" എന്നതാണ്.
ഐഎസ് തീവ്രവാദികളുടെ വിധവകളായ ഓസ്‌ട്രേലിയൻ സ്ത്രീകളെയും കുട്ടികളെയും സിറിയയിൽ നിന്ന് അടുത്തിടെ തിരികെ സ്വദേശത്ത് എത്തിച്ചത് കൂടെ കണക്കിലെടുത്താണ് ഭീഷണിയുടെ തോത് കുറയ്ക്കാനുള്ള തീരുമാനം എന്നും എഎസ്‌ഐഒ ഡയറക്ടർ ജനറൽ സ്ഥിരീകരിച്ചു. താഴ്ന്ന ഭീഷണി നില എന്നതുകൊണ്ട് എഎസ്‌ഐഒ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചകൾ ഉണ്ടാകുമെന്ന് അർത്ഥമാക്കേണ്ടതില്ലെന്നും ബർഗെസ് ഊന്നിപ്പറഞ്ഞു.
ഫലപ്രദമായ ചാരവൃത്തിയും വിദേശ ഇടപെടലുകളും രാജ്യത്തിന്റെ അടിസ്ഥാന സുരക്ഷാ പ്രശ്‌നമായ തീവ്രവാദ ഭീഷണിയെ കുറയ്ക്കുന്നുണ്ട്. എങ്കിലും തീവ്രവാദം തന്നെ ആയിരിക്കും എഎസ്‌ഐഒ മുൻഗണന നൽകുന്ന വിഷയം. ഭീകരവാദം ജീവന് ഭീഷണിയാണ്. അതിനാൽ മുഴുവൻ ശ്രദ്ധയും അതിൽ കേന്ദ്രീകരിക്കുമെന്നും ബർഗെസ് കൂട്ടിച്ചേർത്തു.
എഎസ്‌ഐഒയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി പ്രധാനമന്ത്രി ആന്റണി ആൽബാനീസിയും വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷാ ഏജൻസികളിൽ പൂർണ വിശ്വാസമുണ്ടെന്നും ആൽബനീസി പറഞ്ഞു.
അതിനിടെ പ്രതിപക്ഷം എഎസ്‌ഐഒയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. മാത്രമല്ല മുൻ സർക്കാരിന്റെ പ്രവർത്തനങ്ങൾ തീവ്രവാദ ഭീഷണി കുറയ്ക്കാൻ സഹായിച്ചുവെന്ന് എഎസ്ഐഒ അംഗീകരിച്ചതായി ലിബറൽ സെനറ്ററും പാർലമെന്റിന്റെ ഇന്റലിജൻസ് കമ്മിറ്റി ഡെപ്യൂട്ടി ചെയർമാനുമായ ജെയിംസ് പാറ്റേഴ്സൺ പറഞ്ഞു.
പുതിയ നേട്ടം മുമ്പ് പാർലമെന്റ് എഎസ്ഐഒയ്ക്ക് നൽകിയിട്ടുള്ള പ്രോത്സാഹനങ്ങളുടെയും അധികാരങ്ങളുടെയും ഫലമാണ്. തീവ്രവാദ ഭീഷണിയിൽ ഭൂരിഭാഗം കുറവും ഉണ്ടായത് കഴിഞ്ഞ ഒമ്പത് വർഷമായി ലിബറൽ സർക്കാരിന് കീഴിലും മുൻ സർക്കാരുകളുടെ കീഴിലുമാണെന്നും പാറ്റേഴ്സൺ വിശദീകരിച്ചു. എഎസ്ഐഒയ്ക്ക് തീവ്രവാദ ഭീഷണിയെ നേരിടാൻ ആവശ്യമായ ഉപകരണങ്ങളും അധികാരങ്ങളും മറ്റ് വിഭവങ്ങളും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിഡിൽ ഈസ്റ്റിലെ അക്രമാസക്തമായ തീവ്രവാദ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ ദ്രുതഗതിയിലുള്ള വളർച്ചയെ തുടർന്ന് ഓസ്‌ട്രേലിയയ്ക്കുള്ള ഭീകരവാദ ഭീഷണിയുടെ അളവ് "പ്രോബബിൾ" ആയി ഉയർത്തിയിരിക്കുന്നുവെന്ന് 2014 ലെ അബോട്ട് സർക്കാരാണ് പ്രഖ്യാപിച്ചത്. ആ വർഷം മുതൽ ഓസ്‌ട്രേലിയൻ മണ്ണിൽ 11 ഭീകരാക്രമണങ്ങൾ നടന്നിട്ടുണ്ടെന്നും 21 പ്രധാന ഭീകരാക്രമണ പദ്ധതികൾ കണ്ടെത്തുകയും തടസ്സപ്പെടുത്തുകയും ചെയ്തുവെന്നും എഎസ്ഐഒ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.