അര്‍ജന്റീനക്ക് ഇന്ന് നിര്‍ണായക പോരാട്ടം: തോറ്റാല്‍ നാട്ടിലേക്ക് മടങ്ങാം; നേരിടുന്നത് പോളണ്ടിനെ

അര്‍ജന്റീനക്ക് ഇന്ന് നിര്‍ണായക പോരാട്ടം: തോറ്റാല്‍ നാട്ടിലേക്ക് മടങ്ങാം; നേരിടുന്നത് പോളണ്ടിനെ

ദോഹ: 36 വര്‍ഷത്തിനിടെ ചുണ്ടിനും കപ്പിനുമിടയില്‍ കൈവിട്ടു പോയ ലോകകിരീടം ബ്യൂണസ് ഐറിസിലേക്ക് കൊണ്ടുപോകാന്‍ ഖത്തറിലേക്ക് വിമാനം കയറിയ ആല്‍ബിസെലെസ്റ്റുകള്‍ക്ക് ഇന്ന് നിര്‍ണായക പോരാട്ടം. ഗ്രൂപ്പ് സിയില്‍ ഒരു ജയവും ഒരു തോല്‍വിയുമായി രണ്ടാം സ്ഥാനത്തുള്ള അര്‍ജന്റീനയ്ക്ക് രണ്ട് കളയിലും തോല്‍വി അറിഞ്ഞിട്ടില്ലാത്ത പോളണ്ടാണ് എതിരാളി. ഈ മത്സരം തോറ്റാല്‍ മോഹങ്ങള്‍ ബാക്കിയാക്കി അര്‍ജന്റീനയ്ക്ക് നാട്ടിലേക്ക് മടങ്ങാം.

സമനില ആയാല്‍ പോലും നോക്കൗട്ട് റൗണ്ടിലേക്ക് നേരിയ സാധ്യതയെ അര്‍ജന്റീനയ്ക്ക് മുന്നിലുള്ളു. അതുകൊണ്ട് തന്നെ ജയത്തില്‍ കുറഞ്ഞതൊന്നും മെസിയും സംഘവും പ്രതീക്ഷിക്കുന്നില്ല. ഇന്ത്യന്‍ സമയം 12.30നാണ് മത്സരം. ഇതേ സമയത്തു തന്നെ ഗ്രൂപ്പിലെ മൂന്നും നാലും സ്ഥാനക്കാരായ സൗദി അറേബ്യയും മെക്‌സികോയും തമ്മിലുള്ള മത്സരം നടക്കും.

അര്‍ജന്റീനയുടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യത ഇങ്ങനെ

നാല് പോയിന്റുള്ള പോളണ്ടാണ് ഒന്നാമത്. മൂന്ന് പോയിന്റ് വീതമുള്ള അര്‍ജന്റീനയും സൗദി അറേബ്യയും രണ്ട്, മൂന്ന് സ്ഥാനങ്ങളിലാണ്. ഒരു പോയിന്റുള്ള മെക്‌സിക്കോ ആണ് അവസാന സ്ഥാനത്ത്. പോളണ്ടിനെ വീഴ്ത്താന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചാല്‍ ആറു പോയിന്റുമായി മെസിയും സംഘവും ഒന്നാമതെത്തും.

അര്‍ജന്റീന മത്സരം സമനില ആയാല്‍, മെക്‌സികോയുടെ ജയിക്കുകയോ മത്സരം സമനിലയില്‍ ആകുകയോ വേണം. സൗദി മെക്‌സിക്കോയുമായി സമനിലായാല്‍ സൗദി, അര്‍ജന്റീന ടീമുകളില്‍ മികച്ച ഗോള്‍ ശരാശരിയുള്ള ടീം അടുത്ത റൗണ്ട് കളിക്കും. കളിയില്‍ മെക്‌സിക്കോ ജയിച്ചാല്‍ അര്‍ജന്റീനയും മെക്‌സിക്കോയും തമ്മില്‍ ഗോള്‍ ശരാശരി പരിഗണിക്കും.

ടീമില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകും

മെക്‌സികോയ്‌ക്കെതിരെ ഇറക്കിയ ടീമില്‍ ചെറിയ മാറ്റങ്ങളോടെയാകും ലയണല്‍ സ്‌കളോനി ഇന്ന് അവസാന ഇലവണിനെ പ്രഖ്യാപിക്കുക. ഗോള്‍ വല കാക്കാന്‍ എമിലിയാനോ മാര്‍ട്ടിനസ് തന്നെയാകും. ഡിഫന്‍സില്‍ നഹുവല്‍ മൊലിന, നിക്കോളാസ് ഒട്ടാമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, മാര്‍ക്കോസ് അക്ക്വൂന എന്നിവരെ നിലനിര്‍ത്തും. മധ്യനിരയില്‍ കഴിഞ്ഞ മത്സരത്തില്‍ മിന്നും പ്രകടനം നടത്തിയ അലക്‌സിസ് മക് അലസ്റ്ററിനെയും റോഡ്രിഗോ ഡി പോളിനെയും നിലനിര്‍ത്തും. ഗോയ്‌ഡോ റോഡ്രിഗസിന് പകരം കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ നേടിയ എന്‍സോ ഫെര്‍ണാണ്ടസിനെ ആദ്യ ഇലവണില്‍ ഉള്‍പ്പെടുത്തിയേക്കും. ഡിഫന്‍സിംഗ് മില്‍ഡ് ഫില്‍ഡര്‍ക്ക് പകരം അറ്റാക്കിംഗ് മിഡ് ഫീല്‍ഡര്‍ എന്ന നിലയിലാണ് എന്‍സോ ഫെര്‍ണാണ്ടസിനെ ഉള്‍പ്പെടുത്തുന്നത്.

മുന്നേറ്റ നിരയില്‍ എയ്ഞ്ചല്‍ ഡി മരിയയും ലയണല്‍ മെസിയും ഇറങ്ങും. ലൗട്ടാരോ മാര്‍ട്ടിനസിന് പകരം ജൂലിയന്‍ അല്‍വാരസിനെ കളിപ്പിക്കാനാണ് സാധ്യത. പൗലോ ഡിബല്ലയെ ആദ്യ ഇലവണില്‍ ഇറക്കിയില്ലെങ്കിലും സബ്‌സ്റ്റിറ്റിയൂട്ടായി ഇന്നത്തെ മത്സരത്തില്‍ ഇറക്കിയേക്കുമെന്ന സൂചന ഇന്നലെ നടന്ന പ്രീ പ്രസ് കോണ്‍ഫ്രന്‍സില്‍ മാനേജര്‍ ലയണല്‍ സ്‌കളോനി നല്‍കിയിരുന്നു. അതേസയമം പോളണ്ട് നിരയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേക്കില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.