ബ്രിട്ടന്‍- ചൈന ബന്ധത്തിലെ സുവര്‍ണ കാലഘട്ടം അവസാനിച്ചു; ബ്രിട്ടീഷ് മൂല്യങ്ങള്‍ക്ക് ചൈന വെല്ലുവിളി: റിഷി സുനക്

ബ്രിട്ടന്‍- ചൈന ബന്ധത്തിലെ സുവര്‍ണ കാലഘട്ടം അവസാനിച്ചു; ബ്രിട്ടീഷ് മൂല്യങ്ങള്‍ക്ക് ചൈന  വെല്ലുവിളി: റിഷി സുനക്

ലണ്ടന്‍: ബ്രിട്ടന്‍- ചൈന ബന്ധത്തിലെ സുവര്‍ണ കാലഘട്ടം അവസാനിച്ചുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്. തങ്ങളുടെ മൂല്യങ്ങൾക്കും താത്പര്യങ്ങൾക്കും ചൈന കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും അത് ബ്രിട്ടൻ മനസിലാക്കുന്നുവെന്നും സുനക് പറഞ്ഞു. പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷമുള്ള തന്റെ ആദ്യത്തെ വിദേശനയപ്രഖ്യാപന പ്രസംഗത്തിലായിരുന്നു സുനകിന്റെ പരാമര്‍ശം.

ബ്രിട്ടന്റെ മൂല്യങ്ങൾക്കും താൽപര്യങ്ങൾക്കും ചൈന വ്യവസ്ഥാപരമായ വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. അധികാരത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ച് ആഗോളതലത്തിലുള്ള സ്വാധീനത്തിനായി ചൈന ബോധപൂർവ്വം മത്സരിക്കുകയാണെന്നും സുനക് ആരോപിച്ചു.

കഴിഞ്ഞ പതിറ്റാണ്ടിലെ ബ്രിട്ടന്‍- ചൈന സാമ്പത്തിക ബന്ധങ്ങള്‍ നിഷ്കളങ്കമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് വ്യക്തമായി തന്നെ പറയാം, ‘സുവര്‍ണ കാലഘട്ടം’ എന്ന് പറയപ്പെടുന്ന കാലം അവസാനിച്ചു. ചൈനയുമായുള്ള വ്യാപാരം സാമൂഹികവും രാഷ്ട്രീയവുമായ പരിഷ്കരണത്തിലേക്ക്
നയിക്കുമെന്ന നിഷ്കളങ്കമായ ആശയവും ഇതോടെ അവസാനിച്ചു എന്നുമാണ് അദ്ദേഹം പറഞ്ഞത്.

2015ൽ ചൈന ബ്രിട്ടീഷ് ബന്ധത്തെ 'സുവർണ കാലഘട്ടം' എന്ന് വിശേഷിപ്പിച്ച ബ്രിട്ടന്റെ മുൻ ധനമന്ത്രി ജോർജ് ഓസ്ബോണിന്റെ പരാമർശിച്ചുകൊണ്ടായിരുന്നു സുനകിന്റെ പ്രതികരണം. വിഷയത്തിൽ കൺസർവേറ്റീവ് പാർട്ടിയിലെ ചിലർ സുനക്കിനെ വിമർശിച്ചിട്ടുണ്ട്.

ഇനിയൊരു ശീതയുദ്ധത്തിനുള്ള സാധ്യതകൾ തള്ളിക്കളഞ്ഞ സുനക്, ചൈനയുടെ അന്താരാഷ്ട്ര പ്രധാന്യത്തെ വിസ്മരിച്ചുകൊണ്ട് പ്രവർത്തിക്കാനാകില്ലെന്നും അതിനാൽ ചൈനയോടുള്ള സമീപനത്തിൽ ബ്രിട്ടൻ മാറ്റം വരുത്തേണ്ടി വരുമെന്നും വ്യക്തമാക്കി.

ചൈനയുടെ സീറോ കോവിഡ് നയത്തിനും ലോകഡൗൺ നിയന്ത്രണങ്ങൾക്കും എതിരായ പ്രതിഷേധം ചൈനീസ് സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. ചൈനീസ് സർക്കാറിനെതിരെ ആപൂർവമായി മാത്രമേ ഇത്തരം പ്രതിഷേധങ്ങൾ നടക്കാറുള്ളൂ. അതുകൊണ്ട് തന്നെ ലോകം ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ആഗോള സാമ്പത്തിക സ്ഥിരതയിലോ കാലാവസ്ഥാ വ്യതിയാനം പോലുള്ള ലോകകാര്യങ്ങളിൽ ചൈനയുടെ പ്രാധാന്യം അവഗണിക്കാനാവില്ലെന്നും അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ജപ്പാൻ തുടങ്ങി നിരവധി രാജ്യങ്ങൾ ഇത് മനസ്സിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷാങ്ഹായിൽ കൊവിഡ് വിരുദ്ധ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ബിബിസി മാധ്യമ പ്രവർത്തകന് മർദനമേറ്റ സാഹചര്യത്തിൽ ഇരു രാജ്യങ്ങളുടെയും ബന്ധത്തിൽ ചില വിള്ളൽ വീണിരുന്നു. സംഭവത്തെ പ്രധാമന്ത്രി അപലപിക്കുകയും ചെയ്തു. ഈ സമയത്ത് തന്നെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പുതിയ പ്രസ്താവന.

അതിനിടെ മുൻഗാമികളായ ബോറിസ് ജോൺസണും ലിസ് ട്രസും വാഗ്ദാനം ചെയ്ത ശക്തമായ പിന്തുണ നിലനിർത്തിക്കൊണ്ട് അടുത്ത വർഷം ഉക്രെയ്നിന് സർക്കാർ സൈനിക സഹായം നിലനിർത്തുമെന്നും സുനക് പറഞ്ഞു. അടുത്ത വർഷം സൈനിക സഹായം ബ്രിട്ടൻ നിലനിർത്തുകയോ വർദ്ധിപ്പിക്കുകയോ ചെയ്യും. വ്യോമ പ്രതിരോധത്തിന് പുതിയ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം 2.3 ബില്യൺ പൗണ്ട് (4.1 ബില്യൺ ഡോളർ) സഹായം നൽകിക്കൊണ്ട് അമേരിക്ക കഴിഞ്ഞാൽ ഉക്രെയ്നിലേക്കുള്ള ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ദാതാവാണ് തങ്ങളെന്ന് സെപ്റ്റംബറിൽ ബ്രിട്ടൻ പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.