സമാധാനത്തിനായി വർത്തിക്കുക, വലിയ സ്വപ്നം കാണുക; സ്കൂൾ വിദ്യാർത്ഥികളോട് ഫ്രാൻസിസ് മാർപ്പാപ്പ

സമാധാനത്തിനായി വർത്തിക്കുക, വലിയ സ്വപ്നം കാണുക; സ്കൂൾ വിദ്യാർത്ഥികളോട് ഫ്രാൻസിസ് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: സമാധാനത്തിന്റെ സാക്ഷികളെന്ന് ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിച്ച ജോൺ ഇരുപത്തിമൂന്നാമനെയും മാർട്ടിൻ ലൂഥർ കിംഗിനെയും പോലെ വലിയ സ്വപ്നം കാണുവാൻ ഇറ്റാലിയൻ സ്കൂൾ വിദ്യാർത്ഥികളോടു ആഹ്വാനം ചെയ്ത് പാപ്പ. 6,000 സ്‌കൂൾ കുട്ടികളും അധ്യാപകരും സ്‌കൂൾ നേതാക്കളുമായി പാപ്പ നടത്തിയ കൂടിക്കാഴ്ചയിലാണ് ആഹ്വാനം.

സമാധാനത്തിനായുള്ള ഇറ്റലിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശ്രുംഖല സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഫ്രാൻസിസ് പാപ്പാ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ചയത്. കരുതലോടെ സമാധാനത്തിനായി എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് സമ്മേളനം നടന്നത്.

വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ വച്ചുനടന്ന കൂടികാഴ്ചയിൽ നിരന്തരം സമാധാനം കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പ സംസാരിച്ചു. വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയെയും, മാർട്ടിൻ ലൂഥർ കിംഗിനെയും നമ്മുടെ കാലത്തെ പ്രവാചകന്മാരായി ഉയർത്തിപ്പിടിച്ച് കൊണ്ടാണ് മാർപാപ്പ സന്ദേശം നൽകിയത്.

യുദ്ധം നമ്മെ നേരിട്ട് ബാധിക്കുമ്പോൾ മാത്രം സമാധാനം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതിലല്ല മറിച്ച് എപ്പോഴും സമാധാനം കെട്ടിപ്പടുക്കാൻ പരിശ്രമിക്കേണ്ടതിന്റെ പ്രാധാന്യമായിരുന്നു ഫ്രാൻസിസ് പാപ്പായുടെ സന്ദേശത്തിന്റെ പ്രധാന വിഷയം.

കുടിയേറിപ്പോയ ഏതെങ്കിലും ബന്ധുവോ സുഹൃത്തോ ഉള്ളപ്പോൾ കുടിയേറ്റക്കാരുടെ അവകാശങ്ങളിൽ നാം താൽപ്പര്യം കാണിക്കുന്നതുപോലെ “ആണവ ആക്രമണ സാധ്യതയോ, യുദ്ധമോ നമ്മുടെ വീട്ടുവാതിൽക്കൽ നടക്കുമ്പോൾ സംഭവിക്കുന്നതുപോലെ, നേരിട്ട് ഭീഷണി അനുഭവപ്പെടുമ്പോഴാണ് നാം പലപ്പോഴും സമാധാനത്തെക്കുറിച്ച് സംസാരിക്കാറുള്ളതെന്ന് പാപ്പാ പറഞ്ഞു.

യഥാർത്ഥത്തിൽ, നാം എപ്പോഴും സമാധാനത്തിൽ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പറഞ്ഞ പാപ്പാ അപരനേയും നമ്മുടെ സഹോദരീസഹോദരന്മാരെയും കൂടി പരിപാലിക്കേണ്ടതുണ്ടെന്നും കൂട്ടിചേർത്തു.

സമാധാനത്തിന്റെ പ്രവാചകന്മാർ

സമാധാനത്തിന്റെ രണ്ട് പ്രമുഖ സാക്ഷികളുടെ മാതൃകയെ കുറിച്ചും കൂടിക്കാഴ്ചയിൽ മാർപാപ്പ ഓർമ്മിപ്പിച്ചു. രണ്ട് മാതൃകളിൽ ആദ്യത്തേത് വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയാണ്. അദ്ദേഹത്തെ നല്ല പാപ്പ എന്നും സമാധാനത്തിന്റെ പാപ്പ എന്നും വിളിച്ചിരുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. അതിനുകാരണം ബെർലിൻ മതിലിന്റെ നിർമ്മാണം, ക്യൂബ പ്രതിസന്ധി, ശീതയുദ്ധം, ആണവ ഭീഷണി തുടങ്ങിയ വലിയ സംഘർഷങ്ങൾ നിറഞ്ഞ 1960കളുടെ തുടക്കത്തിൽ, ജോൺ ഇരുപത്തിമൂന്നാമൻ "പാച്ചേം ഇൻ തേറിസ്" എന്ന പ്രസിദ്ധവും പ്രവചനാത്മകവുമായ ചാക്രീക ലേഖനം പ്രസിദ്ധീകരിച്ചതാണ്.

കത്തോലിക്കാ സമൂഹത്തിനപ്പുറം ലോകത്തിൽ വലിയ ശ്രദ്ധ നേടിയ ഒരു ആഹ്വാനമായിരുന്നു ചാക്രീക ലേഖനമെന്നും പാപ്പ വ്യക്തമാക്കി.

രണ്ടാമതായി നമ്മുടെ കാലത്തെ മറ്റൊരു പ്രവാചകൻ എന്ന് വിശേഷിപ്പിച്ചു കൊണ്ട് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിനെ പരാമർശിച്ച പാപ്പാ, വംശീയ വിവേചനം വളരെയധികം അടയാളപ്പെടുത്തിയ ഒരു അമേരിക്കൻ പശ്ചാത്തലത്തിൽ, അദ്ദേഹം നീതി, സ്വാതന്ത്ര്യം, സമത്വം എന്നിവയുടെ ലോകം എന്ന ആശയം കൊണ്ട് എല്ലാവരേയും സ്വപ്നം കാണാൻ പ്രേരിപ്പിച്ചുവെന്ന് പാപ്പ പറഞ്ഞു.

ഒരു ദിവസം എന്റെ നാല് കൊച്ചു മക്കൾ അവരുടെ ചർമ്മത്തിന്റെ നിറം കൊണ്ടല്ല, മറിച്ച് അവരുടെ സ്വഭാവഗുണത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തപ്പെടുന്ന ഒരു രാജ്യത്ത് ജീവിക്കുമെന്ന ഒരു സ്വപ്നമെനിക്കുണ്ടെന്ന് പറഞ്ഞ മാർട്ടിൻ ലൂഥർ കിംഗിന്റെ വാക്കുകളെ മാർപാപ്പ പങ്കുവച്ചു.

തുടർന്ന് വിദ്യാർത്ഥികളെയും ഫ്രാൻസിസ് പാപ്പ നേരിട്ട് അഭിസംബോധന ചെയ്തു. ആൺകുട്ടികളും പെൺകുട്ടികളുമായ അവരുടെ ഇന്നത്തെ ലോകത്തെക്കുറിച്ചുള്ള സ്വപ്നം എന്താണെന്ന് പാപ്പാ ആരാഞ്ഞു. "ലോകത്തിനും നാളെയ്ക്കും വേണ്ടിയുള്ള നിങ്ങളുടെ സ്വപ്നം എന്താണ്? ജോൺ ഇരുപത്തിമൂന്നാമനെയും മാർട്ടിൻ ലൂഥർ കിംഗിനെയും പോലെ വലിയ സ്വപ്നം കാണാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് മാർപാപ്പാ പറഞ്ഞു.

വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആഗോള ഉടമ്പടിക്കായി വർഷങ്ങൾക്ക് മുമ്പ് പാപ്പാ നടത്തിയ അഭ്യർത്ഥനയുടെ പ്രതികരണമായി രാജ്യത്തെ നാഷണൽ നെറ്റ്‌വർക്ക് ഓഫ് സ്‌കൂൾസ് ഫോർ പീസ് വിളിച്ചുചേർത്ത പരിപാടിയുടെ സംഘാടകരെയും ഫ്രാൻസിസ് പാപ്പ അഭിസംബോധന ചെയ്തു. നിങ്ങൾ നടത്തിയ വിപുലമായ പ്രവർത്തന പരിപാടികൾക്കും നിങ്ങളേറ്റെടുത്ത പരിശീലനത്തിനും വിദ്യാർത്ഥികളെയും അധ്യാപകരെയും ഞാൻ അഭിനന്ദിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

കത്തോലിക സ്കൂളുകളും സർവ്വകലാശാലകളും സംഘടനകളും മാത്രമല്ല പൊതു, മതേതര, ഇതരമത സ്ഥാപനങ്ങളും ഈ ആഹ്വാനത്തോടു പ്രതികരിക്കുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്നും ഫ്രാൻസിസ് മാർപാപ്പ കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.