വ്യാജ എക്‌സിറ്റ് പോള്‍; മാധ്യമങ്ങളെ വിലക്കണം: തിരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കി

 വ്യാജ എക്‌സിറ്റ് പോള്‍; മാധ്യമങ്ങളെ  വിലക്കണം: തിരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രീയ പൂര്‍ത്തിയാകുന്നതിന് മുമ്പ് അഭിപ്രായ സര്‍വേകള്‍ സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ കര്‍ശനമായി വിലക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് മുമ്പ് വ്യാജ അഭിപ്രായ സര്‍വേകള്‍ നടത്തി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള നീക്കമാണ് ചില മാധ്യമങ്ങള്‍ നടത്തുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

എഐസിസി ലീഗല്‍ സെല്‍ മേധാവി വിവേക് തന്‍ഖയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷനെ കാണുകയും 'മാധ്യമങ്ങളുടെ ചട്ട ലംഘനങ്ങള്‍' തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് ഫല പ്രവചനവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കായി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിക്കപ്പെടുന്ന വാര്‍ത്താ ചാനലുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് സംഘം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

ഈ രീതി ഗുരുതരമായ പ്രശ്നമാണെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് പ്രതിനിധികള്‍, മാധ്യമങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി വ്യാജ തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കുകയാണെന്ന് പറഞ്ഞു.

ചില വാര്‍ത്താ ചാനലുകള്‍ ഗുജറാത്ത് നിയമസഭയുടെ ഫല പ്രചരണവുമായി ബന്ധപ്പെട്ട പരിപാടികള്‍ ചട്ടം ലംഘിച്ചും പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് തെളിവ് സഹിതം കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ പരിപാടികള്‍ ഒരു പ്രത്യേക പാര്‍ട്ടിക്ക് അനുകൂലമായി 'അഭിപ്രായ വോട്ടെടുപ്പുകള്‍' പ്രസിദ്ധീകരിക്കുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സാധ്യതകളെക്കുറിച്ചുള്ള പരിപാടികളും അവയുടെ ഫല പ്രവചനവും തിരഞ്ഞെടുപ്പിന് പോകുന്ന മണ്ഡലങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണന്നും കോണ്‍ഗ്രസ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

പരാതി ഗൗരവമുള്ളതാണന്നും പരിശോധിക്കാമെന്നും കമ്മീഷന്‍ ഉറപ്പു നല്‍കിയിട്ടുണ്ടന്ന് വിവേക് തന്‍ഖ പറഞ്ഞു. ബാലറ്റ് പെട്ടികളുടെ സുരക്ഷ' സംബന്ധിച്ച് പാര്‍ട്ടിക്ക് ചില വിവരങ്ങള്‍ ഉണ്ടെന്നും കൃത്രിമം നടന്നിട്ടില്ലെന്ന് ഉറപ്പാക്കാന്‍ കമ്മീഷനോട് അഭ്യര്‍ത്ഥിച്ചുവെന്നും തന്‍ഖ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.