ഗ്രൂപ്പ് ചാമ്പ്യന്‍മാരായി മോറോക്ക പ്രീ ക്വാര്‍ട്ടറില്‍; കാനഡയെ തോല്‍പ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഗ്രൂപ്പ് ചാമ്പ്യന്‍മാരായി മോറോക്ക പ്രീ ക്വാര്‍ട്ടറില്‍; കാനഡയെ തോല്‍പ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ദോഹ: ക്രൊയേഷ്യ-ബെല്‍ജിയം മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴു പോയന്റുമായി മൊറോക്കോ ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാര്‍ട്ടര്‍ യോഗ്യത നേടി. ഇന്ന് നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ കാനഡയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് മറികടന്നാണ് മൊറോക്കോയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം.

ആശ്വാസ ജയം തേടിയിറങ്ങിയ കാനഡയ്ക്കെതിരേ ഹക്കീം സിയെച്ചും യൂസഫ് എന്‍ നെസിരിയും മൊറോക്കോയ്ക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ 40-ാം മിനിറ്റില്‍ മൊറോക്കന്‍ ഡിഫന്‍ഡര്‍ നയെഫ് അഗ്വേര്‍ഡിന്റെ സെല്‍ഫ് ഗോള്‍ കാനഡയുടെ അക്കൗണ്ടിലെത്തി. 

മത്സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ മൊറോക്കോ നാലാം മിനിറ്റില്‍ തന്നെ കാനഡയുടെ പ്രതിരോധ പിഴവ് മുതലാക്കി ആദ്യ ഗോള്‍ നേടി. കാനഡ ഗോള്‍കീപ്പര്‍ ബോര്‍യാനെ ലക്ഷ്യമാക്കിയുള്ള സ്വന്തം ടീം അംഗത്തിന്റെ ബാക്ക് പാസ് പിഴയ്ക്കുകയായിരുന്നു. പന്ത് ലഭിച്ച ഹക്കീം സിയെച്ച് ബോക്സിന് പുറത്ത് നിന്ന് പന്ത് ബോര്‍ഹാന്റെ തലയ്ക്ക് മുകളിലൂടെ ലോഫ്റ്റ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.

പിന്നാലെ 23-ാം മിനിറ്റില്‍ യൂസഫ് എന്‍ നെസിരിയിലൂടെ മൊറോക്കോ രണ്ടാമതും വലകുലുക്കി. പാസ് കൃത്യമായി പിടിച്ചെടുത്ത നെസിരി, രണ്ട് കനേഡിയന്‍ ഡിഫന്‍ഡര്‍മാരെ മറികടന്ന് ബോര്‍യാന് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിക്കുകയായിരുന്നു. 

അതേസമയം 40-ാം മിനിറ്റില്‍ കാനഡയുടെ മുന്നേറ്റം മൊറോക്കോയുടെ സെല്‍ഫ് ഗോളില്‍ കലാശിച്ചു. ബോക്സിന്റെ ഇടത് ഭാഗത്ത് നിന്ന് കാനഡ വിങ് ബാക്ക് സാം അഡെകുഗ്ബെയുടെ ക്രോസ് തടയാനുള്ള മൊറോക്കന്‍ ഡിഫന്‍ഡര്‍ നയെഫ് അഗ്വേര്‍ഡിന്റെ വലതുകാലില്‍ തട്ടി പന്ത് വലയില്‍. ഗോള്‍കീപ്പര്‍ യാസ്സിന്‍ ബോനോ പന്ത് തടയാന്‍ ശ്രമിച്ചെങ്കില്‍ ഗ്ലൗസില്‍ മുട്ടിയുരുമ്മി പന്ത് വലയില്‍ കയറുകയായിരുന്നു.

പിന്നാലെ ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സിയെച്ചിന്റെ ക്രോസില്‍ നിന്ന് നെസിരി ഒരിക്കല്‍ കൂടി പന്ത് വലയിലെത്തിച്ചെങ്കിലും അത് ഓഫ്സൈഡായി. രണ്ടാം പകുതിയില്‍ സമനില ഗോളിനായി കാനഡ കിണഞ്ഞ് ശ്രമിച്ചെങ്കിലും പലപ്പോഴും നിര്‍ഭാഗ്യം അവരെ വേട്ടയാടി. 71-ാം മിനിറ്റില്‍ ഹോയ്ലെറ്റിന്റെ ക്രോസില്‍ നിന്നുള്ള ഹച്ചിന്‍സന്റെ ഹെഡര്‍ ക്രോസ്ബാറിലിടിച്ച് ഗോള്‍ലൈനില്‍ തട്ടിയെങ്കിലും പന്ത് ലൈന്‍ കടക്കാതിരുന്നതിനാല്‍ ഗോള്‍ നഷ്ടമാകുകയായിരുന്നു. രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റോടെയാണ് മോറോക്കയുടെ നോക്കൗട്ട് പ്രവേശനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.