തുടർച്ചയായ രണ്ടാം ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി ജ‍ർമ്മനി; ഏഷ്യന്‍ അഭിമാനമുയർത്തി ജാപ്പനീസ് യോദ്ധാക്കള്‍

തുടർച്ചയായ രണ്ടാം ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി ജ‍ർമ്മനി; ഏഷ്യന്‍ അഭിമാനമുയർത്തി ജാപ്പനീസ് യോദ്ധാക്കള്‍

ലോക ഫുട്ബോളിലെ ശാക്തിക സമവാക്യങ്ങളില്‍ സമൂലമായ മാറ്റം വരുത്തുന്ന മത്സരങ്ങളാണ് ഈ ഗ്രൂപ്പില്‍ നടന്നത്. അക്ഷരാ‍ർത്ഥത്തില്‍ ജീവന്‍ മരണ പോരാട്ടങ്ങള്‍. താഴ്‌വാരം എന്ന ഭരതന്‍ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രം പറയുന്നതുപോലെ കൊല്ലാന്‍ അവനും ചാകാതിരിക്കാന്‍ ഞാനും നോക്കുമെന്ന മട്ടിലായിരുന്നു മത്സരങ്ങള്‍. തുടർച്ചയായ രണ്ടാം ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്ന ടീമെന്ന അപമാനം പേറി ലോകത്തെ ഏറ്റവും വലിയ ഫുട്ബോള്‍ ശക്തികളിലൊന്നായി വാഴ്ത്തപ്പെട്ടിരുന്ന ജ‍ർമ്മനി ഖത്തർ വിടുകയാണ്. എത്ര ഗോള്‍ വഴങ്ങിയാലും അവയേക്കാള്‍ കൂടുതല്‍ ഗോള്‍ തിരിച്ചടിക്കാന്‍ കെല്‍പുളള ടീമാണ് ജർമ്മനിയെന്ന വാഴ്ത്തുമൊഴിയും ഇവിടെ നിഷ്ഫലമാവുകയാണ്. മറ്റൊരു മുന്‍ ചാമ്പ്യന്‍ ടീം സ്പെയിന്‍ ഭാഗ്യത്തിന്‍റെ കൂട്ടുപിടിച്ചാണ് പ്രീ ക്വാർട്ടറില്‍ എത്തിയത്. അതും ഗോള്‍ ശരാശരിയുടെ മികവില്‍. എന്നാല്‍ ഈ ഗ്രൂപ്പിലെ സുവർണ ടീം ജപ്പാന്‍ തന്നെയാണ്. ഏഷ്യയുടെ അഭിമാനമുയർത്തിയാണ് ജപ്പാന്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടറില്‍ കടന്നത്. ജർമ്മനിയേയും സ്പെയിനിനേയും പരാജയപ്പെടുത്തിയാണ് ജപ്പാന്‍റെ അഭിമാനകരമായ പ്രീക്വാർട്ടർ പ്രവേശനം. കോസ്റ്റാറിക്കയോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടതുമാത്രമാണ് ജപ്പാനേറ്റ തിരിച്ചടി. അവസാന മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് കോസ്റ്റാറിക്കയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞുവെങ്കിലും ഗോള്‍ ശരാശരിയില്‍ സ്പെയിനിനെ മറികടക്കാന്‍ ജർമ്മനിയ്ക്ക് സാധിച്ചില്ല. കോസ്റ്റാറിക്ക ജർമ്മനിയെ പരാജയപ്പെടുത്തിയിരുന്നുവെങ്കില്‍ ജർമ്മനിയ്ക്കൊപ്പം സ്പെയിനും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താവുമായിരുന്നു. ആ അർത്ഥത്തില്‍ അവസാന നിമിഷം വരെ മരണ ഗ്രൂപ്പായിരുന്നു ഈ ഗ്രൂപ്പ്. ആരാണ് നന്നായി കളിച്ചത് എന്നതിനോ ആരാണ് ഏറ്റവും കൂടുതല്‍ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചത് എന്നതിനോ പ്രസക്തിയില്ല. വിജയം ആർക്കൊപ്പം നിന്നുവെന്നത് മാത്രമാണ് പ്രസക്തം. ഗോള്‍ സ്കോർ ചെയ്യാതെ നന്നായി കളിക്കുക മാത്രം ചെയ്ത ടീമിന് കിരീടം നല്‍കുന്ന പതിവ് ഒരു ടൂർണമെന്‍റിലും ഇല്ലല്ലോ. ഫിനിഷിംഗിലെ പോരായ്മകള്‍ തന്നെയാണ് വന്‍ ടീമുകള്‍ക്ക് തിരിച്ചടിയായി മാറിയത്. ഈ ലോകകപ്പിലെ നിർണായകമായ പല മത്സരങ്ങളിലും രണ്ടാം പകുതിയിലെ പ്രകടനങ്ങള്‍ വളരെ പ്രധാനമായിരുന്നു.ആദ്യ പകുതിയില്‍ വമ്പന്‍ ടീമുകളോട് പിന്നില്‍ നില്‍ക്കുന്ന പല ടീമുകളും രണ്ടാം പകുതിയില്‍ പുറത്തെടുക്കുന്ന അസാധാരണമായ പോരാട്ട വീര്യമാണ് ഈ ലോകകപ്പിന്‍റെ ഹൈലൈറ്റ് എന്നുപറയാം. സ്പെയിനിനെതിരെയും ജർമ്മനിയ്ക്കെതിരെയും ജപ്പാന്‍ നേടിയ രണ്ട് വിജയങ്ങളും ഈ രണ്ടാം പകുതി തന്ത്ര മികവിന് അടിവരയിടുന്നു. അർജന്‍റീനയ്ക്കെതിരെ സൗദി അറേബ്യ നേടിയ വിജയവും സമാനമായ രീതിയിലായിരുന്നു. ആദ്യ പകുതിയില്‍ ശക്തരായ ടീമുകളുടെ തന്ത്രങ്ങള്‍ കൃത്യമായി വിലയിരുത്തുകയും രണ്ടാം പകുതിയില്‍ മറു തന്ത്രങ്ങള്‍ കൊണ്ട് മറുപടി നല്‍കുകയും ചെയ്യുകയെന്ന നിലപാട് ജപ്പാന്‍ പോലെയുളള ടീമുകള്‍ അവലംബിച്ചതായി കാണാം. ശാരീരിക ക്ഷമതയിലും ഏഷ്യന്‍ ടീമുകള്‍ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അപ്രമാദിത്വം ആർക്കുമില്ലെന്നുളളതാണ് ഇതുവരെയുളള മത്സരങ്ങള്‍ നല‍്കുന്ന പാഠം. ബ്രസീലിനും പോർച്ചുഗലിനും ഗ്രൂപ്പ് ഘട്ടത്തിലെ മുഴുവന്‍ മത്സരങ്ങളും വിജയിക്കാനുളള അവസരമുണ്ട് എന്നുളളത് മറക്കുന്നില്ല. എങ്കിലും കടുത്ത മത്സരങ്ങള്‍ അതിജീവിച്ചുതന്നെയാണ് പറങ്കികളും കാനറി കൂട്ടവും മുന്നേറുന്നത് എന്നതാണ് യാഥാർത്ഥ്യം. സാധ്യതകള്‍ വളരെ കുറവാണെങ്കിലും മറ്റൊരു ഏഷ്യന്‍ ടീമായ ദക്ഷിണ കൊറിയ ഇന്ന് മത്സരിക്കുന്നുണ്ട്. ഏതായാലും ഒരു കാര്യം വ്യക്തമാണ്. അനായാസം ഒരു ടീമിനും കിരീടം ഉയർത്തുക സാധ്യമല്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.