മെൽബൺ: ഒരിക്കൽ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ തീവ്രവാദിയായി കണക്കാക്കപ്പെട്ടിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ നീൽ പ്രകാഷിനെ ഡാർവിനിൽ നിന്ന് മെൽബണിലേക്ക് കൈമാറാൻ കോടതി ഉത്തരവിട്ടു. വിദേശ രാജ്യത്ത് വിദ്വേഷപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു, ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിൽ അംഗമായി, വിദ്വേഷപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ വിദേശരാജ്യത്ത് പ്രവേശിച്ചു, ഭീകരപ്രവർത്തനം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ കോടതിയിൽ ചുമത്തിയിരിക്കുന്നത്.
ഡിസംബർ ഒൻപതിനുള്ളിൽ പ്രകാഷിനെ ഡാർവിനിൽ നിന്ന് വിക്ടോറിയയിലേക്ക് കൈമാറാൻ നോർത്തേൺ ടെറിട്ടറി ലോക്കൽ കോടതി ചീഫ് ജഡ്ജ് എലിസബത്ത് മോറിസാണ് ഉത്തരവിട്ടത്. ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസും വിക്ടോറിയൻ പോലീസ് ഉദ്യോഗസ്ഥരും സംയുക്തമായി കസ്റ്റഡിയിലെടുത്ത് മെൽബണിലേക്ക് കൊണ്ടുപോകുന്നതുവരെ ഡാർവിനിൽ കസ്റ്റഡിയിൽ തുടരും.
നീൽ പ്രകാഷിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ
പ്രകാഷിന്റെയും അദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെയും സുരക്ഷാ ആശങ്കകൾ ലഘൂകരിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ അടിസ്ഥാനമാക്കി ഗതാഗതം ക്രമീകരിക്കാൻ പോലീസിന് ഒരാഴ്ച വരെ ആവശ്യമാണെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
മെൽബണിൽ ജനിച്ച ഇയാൾ 2014 ലാണ് ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണച്ചുകൊണ്ട് സംഘടനയിൽ അംഗമായത്. പിന്നീട് ആറ് തീവ്രവാദ ആരോപണങ്ങളാണ് നീൽ പ്രകാഷിനെതിരെ ഉയർന്നത്. കൂടാതെ 2016 ൽ സിറിയയിലേക്ക് പോയി രാജ്യത്തിനെതിരെ ശത്രുതാപരമായ പ്രവർത്തനങ്ങൾ നടത്തി എന്ന കേസിലും 31 കാരനായ ഇയാൾ പ്രതിയാണ്. ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ പ്രകാഷിന് ജീവപര്യന്തം ശിക്ഷ ലഭിച്ചേക്കും.
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി യുദ്ധം ചെയ്യാൻ 2016 ൽ പ്രകാഷ് സിറിയയിലേക്ക് പോയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (എഎഫ്‌പി) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഇറാഖിലെ മൊസൂളിൽ അമേരിക്ക നടത്തിയ സൈനിക ആക്രമണത്തിൽ 2016 ൽ ഇയാൾ കൊല്ലപ്പെട്ടതായി കരുതിയിരുന്നു. എന്നാൽ ആ വർഷവസാനം തന്നെ പ്രകാഷ് ജീവിച്ചിരിപ്പുണ്ടെന്നും തുർക്കിയിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടുവെന്നും ഓസ്‌ട്രേലിയൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. തുർക്കിയിൽ നിന്നും ചാർട്ടർ ഫ്ലൈറ്റിലാണ് ഇയാളെ നോർത്തേൺ ടെറിട്ടറിയിലേക്ക് കൊണ്ടുവന്നത്.
നെഞ്ചിൽ പ്രത്യേക പാടുകളും ഒരു കുടുംബാംഗത്തിന്റെ പേര് പച്ചകുത്തിയതും തിരിച്ചറിഞ്ഞാണ് ജീവിച്ചിരിക്കുന്ന വ്യക്തി പ്രകാഷ് ആണെന്ന് ഓസ്‌ട്രേലിയൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്. ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സിന്റെ കൈവശമുള്ള പാസ്‌പോർട്ട് ഫോട്ടോയും പ്രകാഷിന്റെ ഐഡന്റിറ്റി സ്ഥിരീകരിക്കാൻ ഉപയോഗിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഫിജിയൻ പിതാവിനും കംബോഡിയൻ മാതാവിനും ജനിച്ച പ്രകാഷിന്റെ പൗരത്വം മുൻ ആഭ്യന്തര മന്ത്രി പീറ്റർ ഡട്ടൺ 2018 ൽ ഇസ്ലാമിക് സ്റ്റേറ്റ് പങ്കാളിത്തം ആരോപിച്ച് റദ്ദാക്കിയിരുന്നു. പ്രകാഷിന് തന്റെ പിതാവ് മുഖേന ഫിജിയൻ പൗരത്വം ലഭിച്ചുവെന്നും അന്ന് ഡട്ടൺ പറഞ്ഞു. എന്നാൽ ഈ വാദം ഫിജി നിഷേധിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ ഓസ്‌ട്രേലിയൻ പൗരത്വം പുനഃസ്ഥാപിക്കപ്പെട്ടു.
മെൽബണിൽ എത്തിയ ശേഷം പ്രകാശിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ ഇപ്പോൾ കൂടുതൽ അഭിപ്രായം പറയില്ലെന്നും ഓസ്‌ട്രേലിയൻ സമൂഹത്തിന് നിലവിൽ ഒരു ഭീഷണിയുമില്ലെന്നും എഎഫ്‌പി അറിയിച്ചു. വിദേശത്തേക്ക് കടന്ന കുറ്റാരോപിതരായവരെ പിന്തുടരുന്നതിൽ ഓസ്‌ട്രേലിയൻ അധികാരികൾ അക്ഷീണം പ്രവർത്തിക്കുകയാണെന്നും എഎഫ്‌പി അസിസ്റ്റന്റ് കമ്മീഷണർ നൈജൽ റയാൻ കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.