പി എസ് സി പിൻവാതിൽ നിയമനത്തിനെതിരെ പ്രതിഷേധ തീറ്റ മത്സരവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത

പി എസ് സി പിൻവാതിൽ നിയമനത്തിനെതിരെ പ്രതിഷേധ തീറ്റ മത്സരവുമായി  കെ.സി.വൈ.എം മാനന്തവാടി രൂപത

കൽപ്പറ്റ: പി എസ്‌ സി റാങ്ക് പട്ടികകളിൽ മുന്നിലെത്തിയ അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവജനങ്ങളെ മാറ്റിനിർത്തിക്കൊണ്ടും, സുപ്രീംകോടതിവിധിയെ കാറ്റിൽ പറത്തി കൊണ്ടുമുള്ള ഭരണകൂടത്തിന്റെ പിൻവാതിൽ നിയമനത്തിനെതിരെ കെസിവൈഎം മാനന്തവാടി രൂപത പ്രതിഷേധാത്മക തീറ്റ മത്സരം സംഘടിപ്പിച്ചു.

പിൻവാതിൽ നിയമനം നടത്തുന്ന പ്രവണത തുടരുകയാണെങ്കിൽ ശക്തമായ പ്രതിഷേധങ്ങളുമായി യുവജനങ്ങൾ മുന്നിട്ടിറങ്ങും എന്ന സൂചന നൽകികൊണ്ട്, കൽപ്പറ്റ സിവിൽ സ്റ്റേഷനു മുൻപിൽ വെച്ച് നടത്തപ്പെട്ട പ്രതിഷേധ തീറ്റ മത്സരത്തിൽ കെസിവൈഎം മാനന്തവാടി രൂപതാ പ്രസിഡന്റ് ശ്രീ റ്റിബിൻ വർഗീസ് പാറക്കൽ അധ്യക്ഷത വഹിച്ചു.

അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോട് മുഴുവൻ യുദ്ധ പ്രഖ്യാപനം നടത്തികൊണ്ടാണ് ഇന്ന്‌ കേരളത്തിലെ നിയമന അന്തരീക്ഷം നടന്ന് നീങ്ങുന്നത് എന്ന് ഉദ്ഘാടകൻ, കല്പറ്റ നിയോജകമണ്ഡലം എം എൽ എ അഡ്വ.ശ്രീ.സിദ്ദിഖ് അഭിപ്രായപെട്ടു. അർഹതയ്ക്കനുസരിച്ചു തൊഴിൽ എന്നത് ഉദ്യോഗാർത്ഥിയുടെ ന്യായമായ അവകാശമാണെന്ന ബോധ്യത്തിൽ പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും യുവജനങ്ങളും തീറ്റ മത്സരത്തിൽ പങ്കെടുത്തു. പ്രതിഷേധ സദസ്സിൽ കെ സി വൈ എം മാനന്തവാടി രൂപത മുൻ പ്രസിഡന്റ് ശ്രീ എബിൻ മുട്ടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി, ശ്രീ അനീഷ് ഓമക്കര, കെ സിവൈഎം കൽപ്പറ്റ മേഖല ഡയറക്ടർ ഫാ.റെജി മുതുകത്താനിയിൽ എന്നിവർ പ്രതിഷേധമറിയിച്ചു സംസാരിച്ചു. കെ സി വൈ എം മാനന്തവാടി രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, ലിബിൻ മേപ്പുറത്ത്, ബ്രാവോ പുത്തൻപറമ്പിൽ, സി. സാലി ആൻസ് സിഎംസി, രൂപത സിൻഡിക്കേറ്റ് സെനറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26