ജീവകാരുണ്യ സംഘടനകളുടെ നിലനില്‍പ്പിനായി പ്രാര്‍ത്ഥിക്കുക: ഡിസംബറിലെ പ്രാര്‍ത്ഥനാ നിയോഗം പങ്കുവച്ച് ഫ്രാന്‍സിസ് പാപ്പ

ജീവകാരുണ്യ സംഘടനകളുടെ നിലനില്‍പ്പിനായി പ്രാര്‍ത്ഥിക്കുക: ഡിസംബറിലെ പ്രാര്‍ത്ഥനാ നിയോഗം പങ്കുവച്ച് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനകളുടെ നിലനില്‍പ്പിനായി പ്രാര്‍ത്ഥിക്കാന്‍ ഡിസംബര്‍ മാസത്തിലെ പ്രാര്‍ത്ഥനാ നിയോഗത്തിലൂടെ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. ലോകത്തിന്റെ പൊതുനന്മയ്ക്കായി പ്രതിജ്ഞാബദ്ധരായ സന്നദ്ധപ്രവര്‍ത്തകരെയും സംഘടനകളെയും ആവശ്യമുണ്ടെന്നും അവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും ഡിസംബര്‍ ഒന്നിന് മാര്‍പ്പാപ്പയുടെ ആഗോള പ്രാര്‍ത്ഥനാ ശൃംഖല (വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ് വര്‍ക്ക്) പുറത്തിറക്കിയ പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗം പങ്കുവെച്ചുകൊണ്ടുള്ള വീഡിയോയില്‍ പരിശുദ്ധ പിതാവ് പറയുന്നു

'ഇന്ന് പലരും മറക്കാന്‍ ആഗ്രഹിക്കുന്ന വാക്കാണ് പ്രതിബദ്ധത. പ്രതിജ്ഞാബദ്ധരായ സന്നദ്ധ പ്രവര്‍ത്തകരെയാണ് ഈ ലോകത്തിന് ആവശ്യം. ലാഭേച്ഛയില്ലാത്ത സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകരെ കരുണ മെനഞ്ഞെടുക്കുന്ന ശില്‍പി എന്നാണ് മാര്‍പ്പാപ്പ വിശേഷിപ്പിച്ചത്.



'മറ്റുള്ളവരെ സഹായിക്കുന്ന ഒരു സന്നദ്ധപ്രവര്‍ത്തകനാകുക എന്നത് നമ്മെ സ്വതന്ത്രരാക്കുന്ന ഒരു തിരഞ്ഞെടുപ്പാണ്. അതിലൂടെ മറ്റുള്ളവരുടെ ആവശ്യങ്ങളിലേക്ക്, നീതി തേടുന്നവരുടെ ഇടയിലേക്ക്, ദരിദ്രരുടെ പ്രതിരോധത്തിലേക്ക്, സൃഷ്ടിയുടെ പരിപാലനത്തിലേക്ക് നമ്മെത്തന്നെ തുറക്കുന്നു. കാരുണ്യത്തിന്റെ കരകൗശല വിദഗ്ധരായിരിക്കാന്‍ പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. നമ്മുടെ കൈകള്‍, കണ്ണുകള്‍, ചെവികള്‍, സാമീപ്യം എന്നിവകൊണ്ട് കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും ശില്‍പികളാവുക.

'ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പരസ്പരവും സര്‍ക്കാരുകളുമായും സഹകരിച്ചു പ്രവര്‍ത്തിക്കുന്നത് കൂടുതല്‍ ഫലപ്രദമാണെന്ന് മാര്‍പ്പാപ്പ ഓര്‍മിപ്പിക്കുന്നു.

'ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ, വിഭവങ്ങള്‍ ചെറുതാണെങ്കിലും, പരമാവധി ഉപയോപ്പെടുത്താനും അതിന്റെ ഫലം ഇരട്ടിയാവുകയും ചെയ്യുന്നു. അങ്ങനെ പ്രത്യാശ വര്‍ധിപ്പിക്കുന്നവരെ നമുക്ക് ആവശ്യമുണ്ട്' - ഫ്രാന്‍സിസ് മാര്‍പാപ്പ തുടര്‍ന്നു.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ പൊതുനന്മയ്ക്കായി സ്വയം സമര്‍പ്പിക്കാനും അന്തര്‍ദേശീയ സഹകരണത്തിന്റെ പുതിയ പാതകള്‍ തേടാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തല്‍പരരായ കൂടുതല്‍ പേരെ കണ്ടെത്താനും നമുക്ക് പ്രാര്‍ത്ഥിക്കാം - സന്ദേശം ഉപസംഹരിച്ച് പരിശുദ്ധ പിതാവ് പറഞ്ഞു.

മാർപാപ്പയുടെ ഈ വർഷത്തെ ഇതുവരെയുള്ള മാസങ്ങളിലെ പ്രാർത്ഥനാ നിയോഗങ്ങൾ --ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.