തരൂരിനെതിരെ കോട്ടയത്തും പത്തനംതിട്ടയിലും പടയൊരുക്കം; പരാതിയുമായി ഡിസിസി നേതൃത്വം

തരൂരിനെതിരെ കോട്ടയത്തും പത്തനംതിട്ടയിലും പടയൊരുക്കം; പരാതിയുമായി ഡിസിസി നേതൃത്വം

കോട്ടയം: ശശി തരൂരിന്റെ പരിപാടികളെ ചൊല്ലി മധ്യ കേരളത്തിലെ കോണ്‍ഗ്രസില്‍ കലഹം. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഇന്നും നാളെയും തരൂരിനു പരിപാടികളുള്ളത്. ഇതിനെ ചൊല്ലിയാണ് രണ്ട് ജില്ലകളിലും ഭിന്നാഭിപ്രായം ഉയര്‍ന്നിരിക്കുന്നത്.

പരിപാടിയെക്കുറിച്ച് തന്നെ അറിയിച്ചില്ലെന്നും നേതൃത്വത്തിനു പരാതി നല്‍കുമെന്നും കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വ്യക്തമാക്കി.
പങ്കെടുക്കേണ്ടവര്‍ക്കു പങ്കെടുക്കാമെന്നും അല്ലാത്തവര്‍ യൂട്യൂബില്‍ പരിപാടി കാണട്ടെയെന്നുമായിരുന്നു വിഷയത്തില്‍ തരൂരിന്റെ പ്രതികരണം. തരൂരിന്റെ മലബാര്‍ പര്യടനം കോണ്‍ഗ്രസില്‍ വന്‍ വിവാദമായതിനു പിന്നാലെയാണ് മധ്യ കേരളത്തിലും കലഹം രൂപപ്പെട്ടത്.

സാധാരണ നേതാക്കള്‍ വരുമ്പോള്‍ ഡിസിസിയെ അറിയിക്കുന്ന പതിവുണ്ട്. ശശി തരൂരിന്റെ ഓഫിസില്‍നിന്ന് ഒരു തവണ വിളിച്ചു. പിന്നെ വിളിക്കാമെന്നു പറഞ്ഞ് കട്ട് ചെയ്യുകയും ചെയ്തു. ഈരാറ്റുപേട്ടയിലെ പരിപാടിയെ കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്നും നാട്ടകം സുരേഷ് പറഞ്ഞു. അതേസമയം പരിപാടിയില്‍ പങ്കെടുക്കില്ലെന്നും പാര്‍ട്ടി ചട്ടക്കൂട് മറികടക്കുന്നതിന് കൂട്ടുനില്‍ക്കില്ലെന്നുമായിരുന്നു മുതിര്‍ന്ന നേതാവ് കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണം.

ഇന്ന് പാലായില്‍ കെ.എം.ചാണ്ടി അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്ന തരൂര്‍ പാലാ, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെ കാണും. വൈകിട്ട് ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പരിപാടിയിലും നാളെ പന്തളം കൊട്ടാരത്തിലും ക്ഷേത്രത്തിലും എത്തുന്ന തരൂര്‍ വൈകിട്ട് ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റിയുടെ രജതജൂബിലി ആഘോഷത്തില്‍ അതിഥിയാണ്.

തരൂരിന്റെ പത്തനംതിട്ടയിലെ പരിപാടിയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിച്ചിട്ടില്ല. സാമൂഹിക സംഘടനയായ ബോധി ഗ്രാമിന്റെ പരിപാടിയിലാണ് തരൂര്‍ പങ്കെടുക്കുന്നത്. നാളെയാണ് അടൂരില്‍ പരിപാടി നടക്കുന്നത്.

കെപിസിസി പബ്ലിക് പോളിസി വിഭാഗത്തിന്റെ അധ്യക്ഷന്‍ ജെ.എസ് അടൂരിന്റെ സംഘടന ആണ് ബോധിഗ്രാം. പരിപാടിയുടെ സംഘാടകര്‍ ക്ഷണിച്ചിട്ടുണ്ടങ്കിലും ഡിസിസി പ്രസിഡന്റ് പങ്കെടുക്കില്ല. നേതാക്കള്‍ക്ക് പങ്കെടുക്കാന്‍ വിലക്കില്ലെന്നും ഡിസിസി പറഞ്ഞു. ജില്ലാ നേതൃത്വത്തെ അറിയിക്കാതെ ഉള്ള തരൂരിന്റെ സന്ദര്‍ശനത്തില്‍ ഐ ഗ്രൂപ്പിന് എതിര്‍പ്പുണ്ടെങ്കിലും നിലപാട് വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.