"ഞാൻ ദൈവത്തിന്റെ കയ്യിലെ ഒരു പെൻസിൽ " മദർ തെരേസയുടെ ഈ വാക്കുകൾ നമുക്ക് വളരെ പരിചിതമാണു . വർഷങ്ങൾക്ക് മുൻപാണ് ആദ്യമായി ഞാൻ ഇത് കേട്ടത്. അതിന് ശേഷം പല തവണ കേൾക്കുകയും വായിക്കുകയും കാണുകയും ചെയ്തു. പലതവണ കേട്ട് കഴിഞ്ഞപ്പോൾ എന്റെ മനസ്സിൽ ഒരു ചോദ്യം ഉയർന്നു. എന്തു കൊണ്ട് മദർ 'പെൻസിൽ 'എന്ന വാക്ക് ഉപയോഗിച്ചു, എന്തു കൊണ്ട് ' പെൻ 'എന്ന വാക്ക് ഉപയോഗിച്ചില്ല? അത് ഒരു വല്യ ചോദ്യമായി എന്റെ മനസ്സിൽ കിടന്നു. യാദൃശ്ചികം ആയിരിക്കുമോ? അതോ മന:പൂർവം ഉപയോഗിച്ചതായിരിക്കുമോ? പേന അല്ലെ എല്ലാവരും ഉപയോഗിക്കുന്നത് ? എന്തായിരിക്കും കാരണം ? മനസ്സിൽ ആ ചോദ്യം തട്ടിക്കളിച്ചു .
ഒരു ദിവസം അതേപ്പറ്റി ആലോചിച്ചു കൊണ്ടിരുന്നപ്പോൾ മനസ്സിലേക്ക് പെട്ടെന്ന് ഒരു ചിന്ത കടന്നുവന്നു. വെട്ടി പാകപ്പെടുത്താതെ പെൻസിൽ ഉപയോഗിക്കാനാവുമോ ? പെൻസിൽ ആവശ്യാനുസരണം വെട്ടി പാകപ്പെടുത്തിക്കൊണ്ടിരിക്കണം. ഒടുവിൽ എന്താ സംഭവിക്കുക? ആരാൽ എഴുതപ്പെടുന്നോ അയാൾക്കു വേണ്ടി എഴുതി എഴുതി ഇല്ലാതാവുക. പെൻസിൽ വെട്ടിയൊരുക്കി കഴിയുമ്പോഴാണ് അതുകൊണ്ടു വരയ്ക്കുന്ന ചിത്രങ്ങൾക്കും എഴുതുന്ന അക്ഷരങ്ങൾക്കും ഭംഗിയും വടിവും പൂർണ്ണതയും വരുന്നത്. പെൻസിൽ ഉപയോഗിക്കുന്ന ആളിന് താൻ ഉദ്ദേശിക്കുന്നത് ഭംഗിയായി നടപ്പാക്കണമെങ്കിൽ ഈ പെൻസിൽ വെട്ടി കൂർപ്പിച്ചു പാകപ്പെടുത്തൽ ആവശ്യമാണ് എന്ന് തോന്നിയാൽ അങ്ങനെ ചെയ്യുന്നു . ആ വെട്ടിയൊരുക്കലിൽ, തന്റെ ഉടയോനുവേണ്ടി എഴുതി എഴുതി പെൻസിൽ ഇല്ലാതായിത്തീരുന്നു.
ഇതല്ലായിരുന്നോ മദറിന്റെ ജീവിതം ? ഇതല്ലേ ദൈവത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഓരോരുത്തരുടെയും ജീവിതം ? അവനുവേണ്ടിയും അവനാലും എഴുതപ്പെടുക , അവനാൽ ജീവിതം വെട്ടിയൊരുക്കപ്പെടുക .... ഒടുവിൽ അവന്റെ കൈയിൽതന്നെ അവസാനിക്കുക...!
മദറിന്റെ ' പെൻസിൽ ' എന്ന പ്രയോഗം എത്ര അർത്ഥവത്തായിരുന്നു , അല്ലെ.. ?
✍ സിസിലി ജോൺ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.