വിഴിഞ്ഞം: സമവായ സാധ്യത തെളിയുന്നു; കര്‍ദിനാള്‍ ക്ലിമീസ് കാത്തോലിക്ക ബാവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

വിഴിഞ്ഞം: സമവായ സാധ്യത തെളിയുന്നു; കര്‍ദിനാള്‍ ക്ലിമീസ് കാത്തോലിക്ക ബാവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ ക്ലിമീസ് കാത്തോലിക്ക ബാവയും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. സമരം ഒത്തു തീര്‍പ്പാക്കാനുള്ള സമവായ നീക്കങ്ങള്‍ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞതായിട്ടാണ് പുറത്തു വരുന്ന വിവരം.

ഇനിയൊരു സംഘര്‍ഷം ഒഴിവാക്കണമെന്നാണ് പൊതുവിലുണ്ടായ ധാരണ. തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയിലേക്ക് സമരസമിതി നിര്‍ദേശിക്കുന്ന ഒരാളെ കൂടി അംഗമാക്കണമെന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലയും പരിഗണനയിലാണ്.

ചീഫ് സെക്രട്ടറിയും ലത്തീന്‍ സഭാ നേതൃത്വവുമായി ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്ത കര്‍ദിനാള്‍ ക്ലിമീസ് കാതോലിക്കാ ബാവ വൈകുന്നേരം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.

ചീഫ് സെക്രട്ടറി ലത്തീന്‍ സഭയുമായി ചര്‍ച്ചയില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, സമര സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. യൂജിന്‍ പെരേരെ എന്നിവരും പങ്കെടുത്തു. അതിനുശേഷമാണ് കര്‍ദിനാള്‍ ക്ലിമീസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

തീരത്തെ സംഘര്‍ഷത്തിലും പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിലും കേസെടുത്തെങ്കിലും അറസ്റ്റിലേക്ക് ഉടന്‍ പൊലീസ് കടക്കാനിടയില്ല. അതേസമയം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന തര്‍ക്ക വിഷയത്തില്‍ ധാരണയായിട്ടില്ല. അടുത്തഘട്ടത്തില്‍ മുഖ്യമന്ത്രി നേരിട്ട് സമര സമിതിയുമായി സംസാരിക്കുന്ന നിലയിലെക്കെത്തിക്കാനാണ് മധ്യസ്ഥരുടെ നീക്കം.

മാറാട് മോഡലില്‍ ഗാന്ധി സ്മാരക നിധിയും ഒത്തുതീര്‍പ്പിന് ഇറങ്ങുന്നുണ്ട്. ചര്‍ച്ചകള്‍ക്കായി കോര്‍ ഗ്രൂപ്പ് ഉണ്ടാക്കി. ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ എന്‍. രാധാകൃഷ്ണന്‍, ജസ്റ്റിസ് ഹരിഹരന്‍ നായര്‍, ടി.പി. ശ്രീനിവാസന്‍, ജോര്‍ജ് ഓണക്കൂര്‍ എന്നിവരാണ് കോര്‍ ഗ്രൂപ്പിലുള്ളത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.