ടെഹ്‌റാന്‍: ഹിജാബ് നയത്തില്‍ ഇറാന്‍ പുനരാലോചനനടത്തുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് പുതിയ നീക്കം. ഹിജാബ് നിയമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടോയെന്ന് പാര്‍ലമെന്റും ജുഡീഷ്യറിയും പരിശോധിക്കുകയാണെന്ന് ഇറാന്‍ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മൊന്തസെറി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
പാര്‍ലമെന്റ് സംസ്‌കാരിക കമ്മീഷനുമായി വിദഗ്ധ സമിതി ബുധനാഴ്ച ചര്‍ച്ച നടത്തുമെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപനമുണ്ടാകുമെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മഹ്സ അമീനിയെന്ന 22 കാരിയെ ഇറാന്‍ മത പൊലീസ് മര്‍ദിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് രാജ്യത്ത് ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. മുടി മുറിച്ചും ഹിജാബ് വലിച്ചെറിഞ്ഞും പെണ്‍കുട്ടികള്‍ ആരംഭിച്ച പ്രക്ഷോഭം, പിന്നീട് രാജ്യം മുഴുവന്‍ ആളിപ്പടരുകയായിരുന്നു.
തെരുവുകള്‍ കയ്യടക്കിയ പ്രക്ഷോഭകര്‍, ഇസ്ലാമിക റിപ്പബ്ലിക്കിന്റെ സ്ഥാപകന്‍ ആയത്തുള്ള റുഹോല ഖൊമേനിയുടെ വീട് തീയിട്ടു.
ലോകകപ്പ് ഫുട്ബോളില്‍ ഇറാന്‍ ടീം തോറ്റതിന് പിന്നാലെ, സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. ഇതുവരെ 200 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമാണ്, ഇറാനില്‍ കടുത്ത നിയമങ്ങള്‍ നിലവില്‍ വന്നത്. 1983ലാണ് എല്ലാ സ്ത്രീകള്‍ക്കും ഹിജാബ് നിര്‍ബന്ധമാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.