നിയമസഭാ സമ്മേളനം നാളെ മുതല്‍: ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കല്‍ പ്രധാന അജണ്ട; വിഴിഞ്ഞവും സഭയെ ചൂടുപിടിപ്പിക്കും

നിയമസഭാ സമ്മേളനം നാളെ മുതല്‍: ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കല്‍ പ്രധാന അജണ്ട; വിഴിഞ്ഞവും സഭയെ ചൂടുപിടിപ്പിക്കും

തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്ന ബിൽ ഉൾപ്പടെ ഏറെ സങ്കീർണമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന കേരള നിയമസഭയുടെ ഏഴാം സമ്മേളനം നാളെ തുടങ്ങും. വിഴിഞ്ഞം സമരവും തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദവുമൊക്കെ ഉപ വിഷയങ്ങളായി വരുമെന്നതിനാൽ സഭ ​ഏറെ കോലാഹലങ്ങൾക്ക് സാക്ഷിയായേക്കും.

സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാൻ വേണ്ടിയുള്ള ബിൽ പാസാക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട. ഈ മാസം 15 വരെ ഒമ്പത് ദിവസമാണ് സഭ സമ്മേളിക്കുന്നത്. 

സർവകലാശാല ഭരണത്തിൽ ഗവർണർ തുടർച്ചയായി ഇടപെട്ടതോടെയാണ് ചാൻസലർ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റാൻ വേണ്ടിയുള്ള തീരുമാനം സർക്കാർ എടുത്തത്. ഓർഡിനൻസ് മന്ത്രിസഭ പുറപ്പെടുവിച്ചെങ്കിലും ഗവർണർ ഒപ്പിടാത്ത സാഹചര്യത്തിലാണ് നിയമസഭ സമ്മേളനം വിളിച്ച് ബിൽ കൊണ്ട് വരാൻ സർക്കാർ തീരുമാനിച്ചത്.

ആദ്യ ദിവസങ്ങളിൽ കേരള പൊതുജന ആരോഗ്യബിൽ അടക്കമുള്ളവയാണ് പരിഗണിക്കുന്നത്. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ ബുധനാഴ്ചയോ വ്യാഴാഴ്ചയോ പരിഗണിക്കും. ഗവർണർ വിഷയത്തിൽ പ്രതിപക്ഷത്തിനു ഏകസ്വരമില്ല. ബില്ലിനെ എതിർക്കുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞെങ്കിലും മുസ്‍ലിം ലീഗിന് അതിനോട് പൂർണ്ണയോജിപ്പില്ല. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരുത്താൻ എം.എൽ.എമാരുടെ യോഗം വിളിച്ചു ചേർത്തിരിക്കുകയാണ് ലീഗ് നേതൃത്വം. 

പ്രതിപക്ഷത്ത് അഭിപ്രായ വ്യത്യാസമുണ്ടായാൽ അതിനെ ആയുധമാക്കാനാണ് സർക്കാർ നീക്കം. ഇതോടൊപ്പം സമകാലിക രാഷ്ട്രീയ വിഷയങ്ങൾ നിയമസഭയെ പ്രക്ഷുബ്ദമാക്കും. വിഴിഞ്ഞം സമരമുൾ​പ്പെടെ സർക്കാരിനെതിരെ പ്രതിപക്ഷം ഉപയോഗിക്കാൻ പോകുന്ന പ്രധാന ആയുധം. പദ്ധതിയുടെ കരാർ ഒപ്പ് വച്ചത് ഉമ്മൻചാണ്ടിയാണെന്ന് പറഞ്ഞ് തിരിച്ചടിക്കാനാണ് സർക്കാർ നീക്കം. തിരുവനന്തപുരം കോർപ്പേറഷനിലെ കത്ത് വിവാദം, കോഴിക്കോട് കോതി, ആവിക്കൽ സമരങ്ങളും പ്രതിപക്ഷം സർക്കാരിനെതിരെ ഉപയോഗിക്കും. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.